കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതിക്കെതിരെ ഉപലോകായുക്തയുടെ വിധി സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരിക്കുകയാണ്. തികച്ചും അഭിനന്ദനീയവും നീതിയുക്തവുമായി പ്രസ്തുത നടപടി. വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഭരണം കിട്ടിയാല്‍ അഴിമതി നടത്തി സ്വന്തക്കാരെ വേണ്ടിടത്തൊക്കെ നിയമിക്കുക എന്ന സ്വതേയുള്ള സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു കേരള യൂണിവേഴ്സിറ്റിയിലെ സംഭവവികാസങ്ങള്‍. അതൊടുവില്‍ ഉപലോകായുക്തയുടെ കര്‍ക്കശമായ ഇടപെടലില്‍ എത്തുകയായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് സ്വജനപക്ഷപാതം വഴി 151 പേരെ യൂണിവേഴ്സിറ്റിയില്‍ അസി.ഗ്രേഡില്‍ നിയമിച്ചത്. തികഞ്ഞ രാഷ്ട്രീയം തന്നെയായിരുന്നു മാനദണ്ഡം. ഭരണം കയ്യാളുന്നവര്‍ ഏതു കൊടിയ അധാര്‍മികതയും സ്വീകരിച്ചുകൊണ്ടുനടത്തിയ അഴിമതി നിയമനം ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതിനെതിരെയുള്ള ആദ്യകാല പ്രതിഷേധങ്ങളെ സമ്മര്‍ദ്ദം വഴി ഒതുക്കാന്‍ ഭരണകൂടത്തിനായെങ്കിലും ഒടുവില്‍ എല്ലാം കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടായി. ഒടുവില്‍ കേസ് ഉപലോകായുക്തയുടെ മുന്നിലെത്തുകയും നിയമനത്തിലെ രാഷ്ട്രീയ താല്പര്യവും സ്വജനപക്ഷപാതവും പുറത്തുവരികയും ചെയ്തു.
നിയമനം റദ്ദാക്കിയ ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ച ചിലകാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് സിന്‍ഡിക്കേറ്റ് അപ്പീലിന് പോകാതെ നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ കൂട്ടയടി നടന്നില്ലെന്നേയുള്ളു. പോര്‍വിളികളും വാഗ്വാദവും മുറയ്ക്ക് നടന്നു. തങ്ങള്‍ വളഞ്ഞവഴിയിലൂടെ കസേരയില്‍ ഇരുത്തിയവരെ എങ്ങനെയും സംരക്ഷിക്കേണ്ട ബാധ്യത പഴയ ഭരണകൂടത്തിനുള്ളതുകൊണ്ട് അതൊക്കെ തികച്ചും സ്വാഭാവികം. എന്നാല്‍ ഇടതുമുന്നണി അംഗങ്ങളുടെ ആക്രോശംകൊണ്ട് മറിച്ചൊന്നും സംഭവിച്ചില്ല എന്നതത്രേ വസ്തുത.
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ അസിസ്റ്റന്റ് നിയമനം റദ്ദാക്കണമെന്നും മുമ്പ് അപേക്ഷിച്ചിരുന്നവരെ മാത്രം ഉള്‍പ്പെടുത്തി പുതിയ പരീക്ഷ നടത്തി നിയമനം നടത്തണമെന്നുമായിരുന്നു ഉപലോകായുക്തയുടെ വിധി. തികച്ചും സ്വാഗതാര്‍ഹമായ ഈ വിധിയെ അതിന്റെ എല്ലാ ഗൗരവത്തോടും കൂടിയാണ് സിന്‍ഡിക്കേറ്റ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെയാണ് അപ്പീലിന് പോകേണ്ടെന്ന് തീരുമാനിച്ചതും. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്താന്‍ വേണ്ടി മാത്രമായിരുന്നു സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ത്തത്. എട്ട് ഇടതുമുന്നണി അംഗങ്ങള്‍ വിധിയെ തള്ളിപ്പറയുകയും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും വ്യത്യസ്ത നിലപാടും സ്വീകരിച്ചു.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറായി അഴിമതി അനുദിനം ഭീമാകാരമായി വളരുകയാണ്. ഭരണകൂടത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ അനര്‍ഹരായവരെ ഓരോരോ ലാവണങ്ങളില്‍ പ്രതിഷ്ഠിക്കുന്നു. അതിനൊപ്പം കരാറുകള്‍ വഴിയും മറ്റുമുള്ള കൊള്ളയടിക്കലും തുടരുന്നു. അവസാനമില്ലാത്ത അഴിമതിയുടെ ഈ യാത്രക്ക് എവിടെയെങ്കിലും ഒരന്ത്യമുണ്ടായെങ്കിലേ നാട് രക്ഷപ്പെടൂ. ഒരു ഭാഗത്ത് അഴിമതി വാപിളര്ത്തിനില്ക്കുമ്പോള് അത് പൂണ്ടടക്കം നശിപ്പിക്കാന്‍ സന്നദ്ധമായ ഒരു സമൂഹം വളര്‍ച്ച പ്രാപിക്കുന്നുണ്ടെന്നത് ശുഭോദര്‍ക്കമായ സംഗതിയാണ്. അണ്ണാഹസാരെയെപോലുള്ളവര് ആ സമൂഹത്തിന് ശക്തിസ്രോതസ്സാവുന്നു എന്നത് ചാരിതാര്ഥ്യമുളവാക്കുന്നതും.
സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് കേരള സര്‍വകലാശാലയിലുണ്ടായത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയ തീരുമാനത്തിനൊപ്പം വൈസ്ചാന്‍സലറും പ്രൊവൈസ് ചാന്‍സലറും കൂട്ടുനിന്നതോടെയാണ് സംസ്ഥാനത്തെ കൊടിയ ക്രൂരതയായി അസിസ്റ്റന്റ് നിയമനം സംഭവിച്ചത്. പാര്‍ട്ടിയുടെ സെല്ഭരണത്തിനുമുമ്പില് മറ്റൊന്നും നിലനില്‍ക്കില്ലെന്ന ക്രൂര യാഥാര്‍ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് പാരമ്പര്യത്തിന്റെ ഏറ്റവും തെളിവുറ്റ മുഖമായി കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം.
ഈ കൊടിയ കൃത്യം നടത്തിയിട്ടും തങ്ങള്‍ക്കതില്‍ യാതൊരു പശ്ചാത്താപവും ഇല്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. അതുകൊണ്ടാണല്ലോ ഉപലോകായുക്തയുടെ വിധിക്കെതിരെ അവരുടെ പ്രതിനിധികള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉറഞ്ഞുതുള്ളിയത്. കേരളത്തിലെ അഭ്യസ്തവിദ്യരും അര്‍ഹരുമായവരുടെ അവസരങ്ങള്‍ രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ് കവര്‍ന്നെടുത്ത നേതൃത്വം പരസ്യമായി മാപ്പുപറയേണ്ടതാണ്. അതിനൊപ്പം അനര്‍ഹരായവര്‍ ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങളും മറ്റും തിരിച്ചുകൊടുക്കുകയും വേണം. അഴിമതി നടത്തുകയും അതൊരിക്കലും കണ്ടുപിടിക്കരുതെന്ന് ആഗ്രഹിക്കുകയും ചെയ്തു ഇടതുമുന്നണി. ഉത്തരക്കടലാസ്സുകളും മറ്റും നശിപ്പിച്ചതില്‍ നിന്ന് മനസ്സിലാവുന്നത് അതാണ്.
അഴിമതി നടത്തിയവര്‍ക്കും നടത്താന്‍ അരു നിന്നവര്‍ക്കും കടുത്ത ശിക്ഷ കിട്ടാന്‍ വേണ്ടുന്ന നിയമ നടപടികളാണ് ഇനിവേണ്ടത്. അധികാരത്തിലേറുന്ന ഏതു പാര്‍ട്ടിക്കും ഒരു മുന്നറിയിപ്പാവുന്ന ശിക്ഷാ നടപടികളായിരിക്കണം അത്. അല്ലാതെ ഇടതു മുന്നണി നടത്തിയ അഴിമതിയെ വെല്ലുന്ന തരത്തില്‍ മറ്റൊരു ഏര്‍പ്പാടുമായി മുന്നോട്ടു പോകാന്‍ ഇപ്പോഴത്തെ അധികാരകേന്ദ്രങ്ങള്‍ ശ്രമിക്കരുത്. കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന സംഭവങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ഉപലോകായുക്തയുടെ വിധി നിമിത്തമാകണം. ആ വിധിയുടെ ആത്മാര്‍ഥത നെഞ്ചേറ്റുന്ന തുടര്‍ നടപടികളാണ് സമൂഹം ആഗ്രഹിക്കുന്നതും ഉറ്റുനോക്കുന്നതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: