ഹിന്ദുമതം ഐകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. ഒരു ദൈവവും ധാരാളം ദേവന്മാരും എന്നാണിതിന്റെ ക്രമം. ദേവന്മാര്‍ക്ക് പരിമിതമായ ശക്തിയേയുള്ളൂ എന്നും അത് ഈശ്വരനില്‍ നിന്ന് അവര്‍ക്ക് വീണു കിട്ടുന്നതാണെന്നും ആദ്ധ്യാത്മികഗ്രന്ഥങ്ങളില്‍ വിശദമാക്കുന്നുണ്ട്.
കേനോപനിഷത്തിലെ ഒരു കഥയാണിവിടെ ഉദ്ധരിക്കുന്നത്. ദേവാസുരയുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു. തങ്ങളുടെ കഴിവു കൊണ്ടാണ് യുദ്ധവിജയമുണ്ടായതെന്ന് ദേവന്മാര്‍ ധരിച്ചു. ഈ ധാരണ മാറ്റിയെടുക്കേണ്ടതാണെന്ന് ഈശ്വരന്‍ കരുതി. സാക്ഷാല്‍ ശ്രീപരബ്രഹ്മം അവരുടെ മുന്‍പിലെത്തി. അതാരാണെന്ന് ദേവന്മാര്‍ക്ക് മനസ്സിലായില്ല. ദേവന്മാര്‍ അഗ്നിയോടു പറഞ്ഞു. “ആ യക്ഷം ആരാണെന്ന് അന്വേഷിക്കൂ.”
അഗ്നി യക്ഷത്തിന്റെ അടുത്തത്തി.
യക്ഷം ചോദിച്ചു. “നീ ആരാണ്?”
“ഞാന്‍ അഗ്നിയാണ്. ജാതവേദസ്സ് എന്ന പേരില്‍ പ്രസിദ്ധനാണ്. എന്തിനെയും ഭസ്മീകരിക്കാനുള്ള ശേഷി എനിക്കുണ്ട്.”
“ശരി, നീ വളരെ കേമനാണല്ലൊ? ആ പുല്ലൊന്ന് ദഹിപ്പിക്ക്.”
അഗ്നി പഠിച്ചപണിപതിനെട്ടും നോക്കി. പുല്ല് കത്തിയെരിയുന്നില്ല. ആ യക്ഷം ആരാണെന്ന് തനിക്കറിയാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞുകൊണ്ട് അഗ്നി മടങ്ങി വന്നു.
ദേവന്മാര്‍ വായുവിനോട് പറഞ്ഞു “ആ യക്ഷം ആരാണെന്നന്വേഷിച്ചു വരൂ.”
യക്ഷം വായുവിനോട് ചോദിച്ചു. ‘നീ ആരാണ്?’
‘ഞാന്‍ വായുവാണ്. എന്തിനേയും പറപ്പിക്കാനുള്ള ശക്തി എനിക്കുണ്ട്.’
‘എങ്കില്‍ ആ പുല്ലിനെ ഒന്നു പറപ്പിക്കൂ.’ യക്ഷം വായുവിനോട് ആവശ്യപ്പെട്ടു.
വായു എത്ര ശ്രമിച്ചിട്ടും ആ പുല്ല് ചലിക്കുന്നില്ല. ആ യക്ഷം ആരാണെന്നറിയില്ല എന്നു പറഞ്ഞുകൊണ്ട് വായു മടങ്ങി വന്നു.
ഈ സമയം ഇന്ദ്രന്‍ യക്ഷത്തെത്തേടി വന്നെങ്കിലും യക്ഷം അപ്പോഴേക്കും മറഞ്ഞിരുന്നു. ഇന്ദ്രന്‍ പാര്‍വ്വതീ ദേവിയെ അഭയം പ്രാപിച്ചു. നടന്ന കാര്യങ്ങള്‍ പറഞ്ഞു.
“ആ യക്ഷം സാക്ഷാല്‍ പരബ്രഹ്മമാണെന്നറിയുക. നിങ്ങളുടെ അഹംഭാവവും അജ്ഞതയും മാറ്റുന്നതിനു വേണ്ടിയാണ് ഈശ്വരന്റെ പരീക്ഷണത്തിന് നിങ്ങള്‍ വിധേയരായത്. നിങ്ങളുടെ ശക്തിയും കഴിവും സര്‍വ്വേശ്വരന്റെ വരദാനമാണെന്നറിയുക.” ദേവി പറഞ്ഞു നിര്‍ത്തി.
ദേവന്മാര്‍ക്കുള്ള കഴിവ് പരിമിതമാണ്. യാഗാദികര്‍മ്മങ്ങള്‍കൊണ്ട് ദേവന്മാരെ പ്രീതിപ്പെടുത്തിയാല്‍ സ്വര്‍ഗ്ഗ പദവി കിട്ടും. പുണ്യം നശിച്ചാല്‍ ഭൂമിയിലേക്കു തിരികെ പോരേണ്ടി വരും. മനുഷ്യരെപ്പോലെ ദേവന്മാര്‍ക്കും ജനനമരണങ്ങളുണ്ട്. ദേവപദവി ഒരു താത്ക്കാലിക പദവിയാണ്. ദേവന്മാര്‍ക്ക് ശരീരമില്ലെങ്കിലും താത്ക്കാലികമായി ഏതു രൂപവും സ്വീകരിക്കാനുള്ള ശേഷിയുണ്ട്.
ദേവന്മാരെ ആരാധിക്കുന്നവര്‍ക്ക് അവരുടെ ശേഷിക്കനുസരിച്ചുള്ള ഫലമേ കിട്ടുകയുള്ളൂ. സമ്പത്ത്, ഐശ്വര്യം, പുത്രസൗഭാഗ്യം, ആരോഗ്യം, വിജയം ഇങ്ങനെ കാമ്യങ്ങളായ എല്ലാ മോഹങ്ങളും ദേവാരാധനയിലൂടെ നേടിയെടുക്കാം. അതുകൊണ്ടു തന്നെ ദേവാരാധനയ്‌ക്ക് കാമ്യോപാസന എന്നാണു പറയുന്നത്. ദേവാരാധന മനുഷ്യന്റെ ദൈനംദിന ജീവിതത്തിന് അത്യാവശ്യമാണ്. ദേവാരാധനയില്‍ തുടങ്ങി ആദ്ധ്യാത്മിക ശേഷി വര്‍ദ്ധിപ്പിച്ച് ബ്രഹ്മോപാസനയിലേക്കു നയിക്കുന്ന പാഠ്യ പദ്ധതികളാണ് ഹിന്ദുമതത്തിന്റെ കാതല്‍. ദേവാരാധനയില്‍ നിന്നുള്ള ഫലം നശ്വരവും താല്‍ക്കാലികവുമാണ്. ബ്രഹ്മോപാസനയിലൂടെ മാത്രമേ പരമമായ മോക്ഷപദവിയിലെത്താന്‍ കഴിയൂ.
വേദത്തെ കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നു മൂന്നായി തിരിച്ചിട്ടുണ്ട്. യാഗാദികര്‍മ്മങ്ങളുടെ വിശദീകരണമാണ് കര്‍മ്മകാണ്ഡത്തിലുള്ളത്. യാഗങ്ങള്‍ പണം ചെലവുള്ളതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമായ ആരാധനാ സമ്പ്രദായമാണ്. അതുകൊണ്ട് യജ്ഞങ്ങള്‍ അഥവാ യാഗങ്ങള്‍ക്ക് ഇന്ന് യാതൊരു പ്രാധാന്യവുമില്ല. അതിന്റെ നേട്ടവും ശുഷ്കമാണ്.
വേദത്തിന്റെ ഉപാസനാക്രമം ദേവതാരാധനാക്രമങ്ങളുടെ വിവരണമാണ്. ഈ ആരാധനാരീതിയ്‌ക്ക് പണമോ അറിവോ ആവശ്യമില്ല. പണ്ഡിതനും പാമരനും ക്ഷേത്ര മുഖത്തു നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കാം. താന്ത്രിക വിധികള്‍ പഠിച്ച പുരോഹിതന്മാരാണ് പൂജാദികാര്യങ്ങള്‍ ചെയ്യുന്നത്. ക്ഷേത്ര നടയില്‍ എത്തുന്ന ഭക്തന് അവിടെ ഏതു ദേവതയാണ് കുടികൊള്ളുന്നതെന്നു പോലും അറിയേണ്ട കാര്യമില്ല. ‘ദൈവമേ’ എന്നു വളിച്ചാല്‍ മതി ഹിന്ദുമതത്തിലെ ദേവീദേന്മാരെല്ലാം ഒന്നാണ്. ത്രിമൂര്‍ത്തികള്‍ ഒരു ഞെട്ടിലെ പൂക്കല്‍ പോലെയാണ്. മഹാക്ഷേത്രങ്ങളില്‍ എല്ലാ ദേവീദേവന്മാരുമുണ്ട്. ഇന്ദ്രാദിദിക്പാലകന്മാരും സപ്തമാതൃക്കളും ഗണപതിയും ശിവനും ദുര്‍ഗ്ഗയും ശാസ്താവും എല്ലാം മുഖ്യദേവതയായും ഉപദേവതകളായും ക്ഷേത്രങ്ങളിലെ ശ്രീകോവിലിലെ ബലിപീഠത്തിലും ഉപദേവശാലകളിലും നിരന്നിരിക്കുന്നു. ശിവനാണോ ശക്തിക്കാണോ വിഷ്ണുവിനാണോ ശക്തി കൂടുതലുള്ളത് എന്ന് ചിന്തിക്കേണ്ട കാര്യമില്ല. എല്ലാം ഒരീശ്വരന്റെ ആജ്ഞയെ വഹിച്ചുകൊണ്ട് പ്രവര്‍ത്തന നിരതരായിരിക്കുന്ന മൂര്‍ത്തികളാണിവരെല്ലാം എന്നു കണക്കാക്കിയാല്‍ മതി. ക്ഷേത്രങ്ങളിലെ ബിംബത്തിനു ജീവനുണ്ടോ, എന്തു ശക്തിയാണുള്ളത്? എന്നൊക്കെ പലരും ചോദിക്കാറുണ്ട്. അതിനുത്തരം നല്‍കുന്ന പണ്ഡിത പ്രവചനങ്ങളിലേക്ക് കണ്ണോടിക്കാം.
“പ്രായേണ അപക്വമതികളായ ഉപാസകര്‍ക്ക് ദേവ്യൂപാസനയുടെ ആദ്യഘട്ടത്തില്‍ കരചരണാദികളോടും വസ്ത്രാലങ്കാരങ്ങളോടുകൂടിയ ചിത്രങ്ങളും വിഗ്രഹങ്ങളും പ്രയോജനപ്പെടും. മനസ്സിനെ ഏകാഗ്രമാക്കുന്നതിനുപകരിക്കുന്ന ഉപാധി എന്ന നിലയ്‌ക്കേ വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സ്ഥാനമുള്ളൂ”
“ക്ഷേത്രത്തിന് ചുറ്റമ്പലവും ഉപദേവപ്രതിഷ്ഠകളുമുണ്ട്. ആരാധിക്കുന്നത് ശ്രീകോവിലിലെ പ്രതിഷ്ഠാവിഗ്രഹത്തെയല്ല. പ്രപഞ്ചവ്യാപ്തമായ ഈശ്വര ചൈതന്യത്തെയാണ്. ക്ഷേത്രം ആരാധനാകേന്ദ്രവും ഉപാസകനെ ഉപാസ്യദേവതയുമായി ഘടിപ്പിക്കുന്ന ഉപാധിയാണ്. അതുപോലെ സ്തോത്രത്തിലെ ശ്ലോകങ്ങളും ഉപാസ്യദേവയുമായി ഉപാസകനെ ബന്ധിപ്പിക്കുന്ന ഉപാധികളാണ്”
മാധവജി ക്ഷേത്ര ചൈതന്യരഹസ്യമെന്ന തന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു.
“പക്ഷേ ക്ഷേത്രങ്ങളിലെ ബാഹ്യമായ ചട്ടക്കൂട്ടില്‍ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹമാണ് ഏറ്റവും സുപ്രധാനഘടകം എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. അത് നിര്‍ജ്ജീവമായ ഒരു പ്രതിമയല്ല. ജപതപാദികള്‍ കൊണ്ട് മന്ത്രശക്തി വരുത്തി ഈശ്വരസാക്ഷാല്‍ക്കാരത്തിന്റെ ഉന്നത മേഖലയിലേക്കുയര്‍ന്നു ചെന്ന ഒരു ആചാര്യന്റെ ആത്മശക്തിയുടെ കണികയാണ്. ഒരു വിഗ്രഹത്തിന്റെ ദേവരൂപേണ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ആ ചൈതന്യത്തിന് ലോഭം വരാതെ നിത്യവും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് നിത്യപൂജയെല്ലാം. അതിഗഹനങ്ങളായ ആദ്ധ്യാത്മിക – മനശാസ്ത്ര തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ തിരഞ്ഞെടുത്ത മന്ത്രാനുഷ്ഠാനങ്ങളുടെ ശാസ്ത്രമായ തന്ത്രശാസ്ത്രമാണ് മേല്‍പ്പറഞ്ഞ കര്‍മ്മങ്ങളുടെ അടിസ്ഥാനം.”
ഈശ്വരന്‍ തൂണിലും തുരുമ്പിലും ഉണ്ടല്ലോ? മിക്കവരും അവര്‍ക്കു കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് മതവിശ്വാസം കെട്ടിപ്പൊക്കിയിരിക്കുന്നത്. അതിലവരെ തറ്റു പറയാനൊക്കില്ല. ഏതു രീതിയായാലും എല്ലാവരും ഈശ്വരനെ ആരാധിക്കുന്നുണ്ട്. അല്‍പബുദ്ധികളായ മനുഷ്യരെപ്പോലെയല്ലല്ലോ ഈശ്വരന്‍. ഈശ്വരന്‍ എല്ലാം അറിയുന്നവനാണ്. പുരാതനകാലത്തെ ഋഷിമാര്‍ ഈ തത്വം മനസ്സിലാക്കിയിരുന്നു. അവര്‍ പറയുന്നു:
“പരബ്രഹ്മസ്വരൂപിയായ ഈശ്വരന്‍ കാലദേശങ്ങള്‍ക്കും നാമരൂപങ്ങള്‍ക്കും ഗുണകര്‍മ്മങ്ങള്‍ക്കും അതീതനാണെങ്കിലും ഭക്തന്മാര്‍ക്കു പൂജിക്കാനും ധ്യാനിക്കാനും കീര്‍ത്തിക്കാനും വേണ്ടി അതേ ഈശ്വരനെ എങ്ങനെയും വാഴ്‌ത്താം. കാരണം ഈശ്വരന്‍ എല്ലാം അറിയുന്നവനാണ്” .
“ഭക്തന്മാരുടെ ഭാവനയ്‌ക്കനുരൂപമായി ഭഗവാന്‍ അപ്പപ്പോള്‍ അതാതു സ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അവര്‍ക്കു ദര്‍ശനം കൊടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഈശ്വരന്‍ ഗുണരഹിതനും നിരാകാരനുമാണെങ്കിലും സഗണസാകാരവര്‍ണ്ണനം അനുചിതമാണ്” (ബ്രഹ്മസൂത്രം).
“ഏതുവിധം ആരൊക്കെ എന്നെ ഉപാസിക്കുന്നുവോ ആ വിധം തന്നെ ഞാന്‍ അവനെ അനുഗ്രഹിക്കുന്നു. മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ള നിഷ്കാമോപാസനയാകാം. നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള കാമ്യോപാസനായാകം. നിര്‍ഗ്ഗുണനിരാകാരവും സഗുണനിരാകാരവും എന്ന് രണ്ട് തരത്തിലുള്ള ഉപാസനയടക്കം ഏതു മാര്‍ഗ്ഗം അവലംബിച്ചാലും ഏല്ലാം ഭവാനില്‍ അവസാനിക്കുന്നു” .
“ഏതൊരു ഭക്തന്‍ എന്നെ ഏതു ദേവതാസ്വരൂപത്തില്‍ പൂജിക്കാനാഗ്രഹിക്കുന്നുവോ ആ ഭക്തന്റെ മൂര്‍ത്തിയെ സംബന്ധിച്ചുള്ള വിശ്വാസത്തെ ഞാന്‍ ദൃഢമാക്കിത്തീര്‍ക്കുന്നു. അതിന്റെ ഫലമായി എന്നാല്‍തന്നെ നിശ്ചയിക്കപ്പെട്ട അഭീഷ്ടഫലങ്ങലെ ആ ദേവത മുഖേന അവനു ലഭിക്കുന്നു”.
വേദാന്തതത്ത്വങ്ങള്‍ മനസ്സിലാക്കി ധ്യാനമനനങ്ങളിലൂടെ ഈശ്വരോപാസന നടത്തുന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. ഇതാണ് നിര്‍ഗുണോപാസന. ഏതു മാര്‍ഗ്ഗവും അവനവന്റെ താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിനുണ്ട്. ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ വിശദീകരിക്കുന്ന ഒരു എന്‍സൈക്ലോപീഡിയയാണ് ഹിന്ദുമതം.
– വി.രാമചന്ദ്രന്‍ നായര്‍ ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: