പാലാ: അന്ധതയെ സംഗീതംകൊണ്ട് പ്രണയിച്ച പ്രശസ്ത യുവ സംഗീതജ്ഞ വൈക്കം വിജയലക്ഷ്മിക്ക് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഗായത്രീവീണക്കച്ചേരിയുടെ ഏഴായിരാമത് വേദി ഒരുങ്ങുന്നു. ക്ഷേത്രത്തിലെ മണ്ഡലചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ൨൮ന് രാവിലെ ൧൧നാണ് വിജയലക്ഷ്മി ഒറ്റക്കമ്പി വീണയില്‍ സംഗീതവിസ്മയമൊരുക്കുന്നത്. ക്ഷേത്രകമ്മിറ്റി ഏര്‍പ്പെടുത്തിയ ഉമാമഹേശ്വര പുരസ്കാരം നല്കി വിജയലക്ഷ്മിയെ സംഘാടകര്‍ ആദരിക്കും. കലാരംഗത്ത് മികവ് പുലര്‍ത്തുന്നവരെ വര്‍ഷം തോറും അദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം നേടുന്ന പ്രഥമ സംഗീതജ്ഞയാണ് വിജലയക്ഷ്മി. ഗായത്രീവീണക്കച്ചേരിയിലൂടെ കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കായ സംഗീതാസ്വാദകരുടെ മനസ്സുനിറയെ സംഗീത കലാനിധി വൈക്കം വിജയലക്ഷ്മി, ജന്മനാ അന്ധയാമെങ്കിലും സംഗീത വഴിയില്‍ സ്വര-ലയ-താളങ്ങളുടെ വെളിച്ചം നിറച്ച കലാകാരിയെന്ന ഖ്യാതിയും ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസയും നേടിയിട്ടുണ്ട്. വൈക്കം ഉദയനാപുരം ഉഷാലയത്തില്‍ വി.മുരളീധരണ്റ്റെയും വിമലയുടെയും മകളാണ്. ഇളംപ്രായത്തില്‍ റേഡിയോയിലൂടെ കേട്ട പാട്ടുകളാണ് വിജലയക്ഷ്മിയിലെ സംഗീതചേതനയെ ഉണര്‍ത്തിയത്. പിന്നീട് ഏഴാം വയസ്സില്‍ സംഗീത പഠനത്തിന് ചേര്‍ന്നു. ൧൯൯൭ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സമ്മാനവും നേടി. യാദൃശ്ചികമായാണ് വിജയലക്ഷ്മി ഗായത്രീവീണാലാപനത്തിലേക്ക് തിരിഞ്ഞത്. ഒറ്റക്കമ്പിയില്‍ മറഞ്ഞിരുന്ന സംഗീത ദേവത വിജയലക്ഷ്മിയുടെ കരാംഗുലികളെ അനുഗ്രഹിച്ചതോടെ വേദിയില്‍ നിന്നും വേദികളിലേക്കുള്ള ജൈത്രയാത്രയായി. സംഗീതപ്രതിഭയ്ക്ക് വളരാന്‍ ആസ്വാദകവൃന്ദം പ്രോത്സാഹനവുമായി ഒപ്പമെത്തി. വിജയലക്ഷ്മിക്കൊപ്പം പാരമ്പര്യ ജ്യോതിഷപണ്ഡതന് തിരുച്ചന്നൂറ് വള്ളിയാനി ദേവയാനി ജ്യോതിഷാലയ സാരഥി പി.ഡി.തോമസ് ആചാര്യയ്ക്കും ഈ വര്‍ഷത്തെ ഉമാമഹേശ്വര പുരസ്കാരം നല്‍കും. ൨൮ന് വൈകിട്ട് ൭മണിക്ക് ചേരുന്ന പുരസ്കാര വിതരണ സമ്മേളനം എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് വനിതാ സംഘം പ്രസിഡണ്റ്റ് അംബികാ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ രഞ്ജിനി പ്രദീപ്, കെ.രുഗ്മിണി ടീച്ചര്‍, കെ.എസ്.ജയചന്ദ്രന്, ശശിധരന് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. കാവിന്‍പുറം ദേവസ്വം പ്രസിഡണ്റ്റ് ടി.എന്‍.സുകുമാരന്‍ നായര്‍ വിജയലക്ഷ്മിക്കും പി.ഡി.തോമസ് ആചാര്യയ്ക്കും പുരസ്കാരങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: