പാമ്പാടി : നാട്ടറിവുകള്‍ ആധുനിക ബയോടെക്നോളജിയായി പരിണമിക്കുന്ന ആധുനിക ലോകത്ത് കാര്‍ഷിക മേഖലയിലുള്ള തങ്ങളുടെ നാട്ടറിവുകള്‍ പ്രായോഗിക തലത്തിലേക്ക് രൂപപ്പെടുത്തുവാന്‍ ഒരു സ്കൂളിലെ കുട്ടികളുടെ കൂട്ടായ്മയുടെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ കുട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്തിരിക്കുന്ന ഇക്കോ ക്ളബ്ബിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാകുന്നു. സ്കൂളിന് സമീപത്തായി രണ്ടേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടവും ഇവിടുത്തെ കൃഷിരീതികളും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാത്ത കാബേജ് കോളിഫ്ളവര്‍, മുള്ളങ്കി വിവിധയിനം വെണ്ടകള്‍, ചീര എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. രാസവളങ്ങളുടെ പ്രയോഗമോ മാരകകീടനാശിനികളുടെ ഉപയോഗമോ ഇല്ലാതെ തികച്ചും ജൈവകൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്. എല്ലുപൊടി, വെപ്പിന്പിണ്ണാക്ക്, ചാണകപ്പൊടി ഇവ വളമായി ഉപയോഗിക്കുന്നു. പ്രതിരോധത്തിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ചേര്‍ന്നുള്ള മിശ്രിതവും പുകയില കഷായവുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. വിളകള്‍ നനയ്ക്കുവാന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ ൫മുതല്‍ ൮വരെ ക്ളാസുകളിലെ കുട്ടികളാണ് ഇക്കോക്ളബ്ബിലെ അംഗങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത് പ്രശസ്ത ജൈവകര്‍ഷകനായ പൈക ജോര്‍ജ്ജ് ആന്രണിയും കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്ന എം.എന്‍. ഗോപിയുമാണ്. വിദ്യാലയത്തിണ്റ്റെ പ്രിന്‍സിപ്പലും സഹ അദ്ധ്യാപകരും കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ൨.൩൦ന് ചിദാനന്ദപുരി സ്വാമികള്‍ ഈ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിണ്റ്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന ഈ വിദ്യാലയത്തിലെ കുട്ടികളുടെ കൂട്ടായ്മ മാതൃകയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: