പനാജി: ഗോവയില്‍ കടലാമകള്‍ മുട്ടയിടുന്ന നിരോധിക്കപ്പെട്ട സ്ഥലത്ത് ജില്ലാ ഭരണകൂടം ഫാഷന്‍ ഷോ നടത്തിയത് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം ചോദ്യം ചെയ്യുന്നു. ഈ സീസണില്‍ ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടുന്നതിനാല്‍ മോര്‍ജിം, പെര്‍നെം, അഗോണ്ട, ഗള്ജിബാഗ് എന്നീ നാല് ബീച്ചുകള്‍ ഗോവ വനംവകുപ്പ് സംരക്ഷിക്കുന്നുണ്ട്. ആയിരക്കണക്കിന് മെയിലുകള്‍ താണ്ടിയാണ് കടലാമകള്‍ ഇവിടെ മുട്ടിയിടാനെത്തുന്നത്. തലസ്ഥാനമായ പനാജിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മൊര്‍ജിം ബീച്ചില്‍ കഴിഞ്ഞ ശനിയാഴ്ച പരിസ്ഥിതി വാദികളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യാ റിസോര്‍ട്ട് ഫാഷന്‍ വീക്ക് നടത്തിയിരുന്നു. മതപരമോ പരമ്പരാഗതമോ ആയ ചടങ്ങുകള്‍ക്കല്ലാതെ ആരെയും കടലാമകള്‍ മുട്ടയിടുന്ന പ്രദേശത്തേക്ക് കടത്തിവിടരുതെന്ന് സംസ്ഥാന ഭരണകൂടത്തിനും പോലീസിനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി ഡയറക്ടര്‍ മൈക്കല്‍ ഡിസൂസ പറഞ്ഞു.
ഗോവ കോസ്റ്റല്‍സോണ്‍ മാനേജ്മെന്റ് അതോറിറ്റി എന്ന പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം നവംബര്‍ നാലിനും ഡിസംബര്‍ ഒന്നിനും ഇൗ നാല് ബീച്ചുകളിലും ആഘോഷങ്ങള്‍ അനുവദിക്കരുതെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഡിസംബര്‍ ഏഴിനാണ് ഫാഷന്‍ഷോകളില്‍ പ്രധാനപ്പെട്ട ഇന്ത്യാ റിസോര്‍ട്ട് ഫാഷന്‍ഷോ പനാജിക്കടുത്ത ബാംബോളിനില്‍ തുടങ്ങിയത്. പിന്നീട് ഡിസംബര്‍ 10ന് അത് മൊര്‍ജിം ബീച്ചിലേക്ക് മാറ്റി. ഈ പരിപാടിക്ക് അനുമതി നിഷേധിക്കുമെന്ന് ജില്ലാ ഭരണകൂടം ആദ്യം കരുതിയിരുന്നെങ്കിലും വാക്കാല്‍ പരിസ്ഥിതി മന്ത്രാലയം അനുവാദം തന്നതായി അവര്‍ അറിയിച്ചു. വ്യക്തമായ ഒരു ഉത്തരവ് നിലവിലുള്ളപ്പോള്‍ അത്തരം ഒരുത്തരവിന് സാധ്യതയില്ലെന്നാണ് മന്ത്രാലയം വാദിക്കുന്നത്. 105 കിലോമീറ്റര്‍ നീളമുള്ള ഗോവയുടെ സമുദ്രതീരത്ത് ബീച്ച് പാര്‍ട്ടികളും പുതുവത്സര, ക്രിസ്തുമസ് ആഘോഷങ്ങളും അരങ്ങേറാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: