കൊച്ചി: പാരായണത്തിന് പുതിയ കണ്ടുപിടിത്തങ്ങള്‍ ലോകത്ത് നടക്കുമ്പോഴും ഇപ്പോഴും പുസ്തകങ്ങളെ സ്നേഹിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ സവിശേഷതയാണെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. പാലാ നാരായണന് നായര്‍ അനുസ്മരണവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈജ്ഞാനികമേഖലയില്‍ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പക്ഷേ മലയാളത്തില്‍ ഈ മേഖലയില്‍ പുസ്തകങ്ങള്‍ കുറവാണ്. മഹാനായ കവി എന്നതിനൊപ്പം കേരളപ്പിറവിക്ക് രൂപംനല്കുന്നതില് പാലാ നാരായണന് നായര്‍ വഹിച്ച പങ്കും സ്മരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. ദേശത്തെയും ഭാഷയെയും ശക്തമായരീതിയില്‍ അവതരിപ്പിച്ച് അവബോധമുണ്ടാക്കിയ കവിയാണ് പാലാ നാരായണന് നായരെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷ ഡോ. സി പി താര അധ്യക്ഷത വഹിച്ചു. മികച്ച പുസ്തകപ്രസാധകനുള്ള അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുരസ്കാരം കേരള സാഹിത്യ അക്കാദമിക്കുവേണ്ടി സെക്രട്ടറി ആര് ഗോപാലകൃഷ്ണന് മന്ത്രി മുനീറില്‍നിന്നും ഏറ്റുവാങ്ങി.
പാലാ നാരായണന് നായര്‍ അനുസ്മരണ പ്രഭാഷണം ഗോപി കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ്, ഇ എന്‍ നന്ദകുമാര്‍, കെ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളത്തപ്പന് ക്ഷേത്ര മൈതാനിയില്‍ 10 ദിവസമായി നടന്നു വന്ന 15-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായി. കേരളത്തിലെ ഏറ്റവും മികച്ച പുസ്തകോത്സവമായി വളര്‍ന്ന് കഴിഞ്ഞ മേളയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 200ല്‍ പരം പ്രസാധകരും പുസ്തക വിതരണക്കാരുമാണ് പങ്കെടുത്തത്.
ഇതോടനുബന്ധിച്ച് എല്ലാ ദിവസവും സംഘടിപ്പിച്ച കലാ സാംസ്കാരിക പരിപാടികളും സാഹിത്യ മത്സരങ്ങളും സെമിനാറുകളും പുസ്തക പ്രേമികള്‍ക്ക് ഹൃദ്യമായ അക്ഷര വിരുന്നേകി. ഉത്തരേന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ സംസ്കൃത ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ അന്യ ജില്ലകളില്‍ നിന്നും അനേകം പേരെത്തി. വൈജ്ഞാനിക ഗ്രന്ഥങ്ങളും പുരസ്കാരങ്ങള്‍ ലഭിച്ച പുസ്തകങ്ങളുമാണ് വളരെയധികം വില്പന നടന്നതെന്ന് സ്റ്റാളധികൃതര് പറഞ്ഞു. സര്‍ക്കാരാഭിമുഖ്യത്തിലുള്ള സ്റ്റാളുകളില്‍ ഇത്തവണ കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റു പോയി. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടേയും സ്റ്റാളുകളില്‍ നല്ല തോതില്‍ പുസ്തകങ്ങള്‍ വിറ്റഴിഞ്ഞു. പിആര്‍ഡി വികസന ദൃശ്യങ്ങളിലൂടെ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പുസ്തോകത്സവ നഗറിലെത്തി വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. സാംസ്കാരിക സ്ഥാപനങ്ങളും പിആര്‍ഡിയും മാധ്യമ സ്ഥാപനങ്ങളും നടത്തിയ സ്റ്റാളുകളിലെത്തിയ മന്ത്രി പുസ്തക വില്പന സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞു. കൂടുതല്‍ വിറ്റഴിയുന്ന പുസ്തകങ്ങളെ സംബന്ധിച്ചും മന്ത്രി സ്റ്റാളധികൃതരോടും സന്ദര്‍ശകരോടും ആശയവിനിമയം നടത്തി. പുസ്തകോത്സവ സമിതി സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ബുക്മാര്ക് സെക്രട്ടറി ബാബു കുഴിമറ്റം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: