ന്യൂദല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട ഡോവ് കമ്പനിയെ ലണ്ടന്‍ ഒളിമ്പിക് സ്പോണ്സര് ഷിപ്പില്നിന്നൊഴിവാക്കാന് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഭോപ്പാലില്‍ 1984 ല്‍ ഉണ്ടായ വാതകദുരന്തത്തില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ രോഗബാധിതരാവുകയുമുണ്ടായി. ഈ ദുരന്തത്തിനിരയായവര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്കുന്നതില് ഡോവ് കമ്പനി പരാജയപ്പെട്ടതായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്സ് സംഘാടക സമിതിയുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് തങ്ങള്‍ ആവശ്യപ്പെട്ടതായി സ്പോര്‍ട്സ് മന്ത്രാലയം വാര്‍ത്താലേഖകരെ അറിയിച്ചു. യൂണിയന് കാര്‍ബൈഡ് എന്ന കീടനാശിനി കമ്പനി 470 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക നല്‍കിയിരുന്നു. യൂണിയന് കാര്‍ബൈഡ് ഡോവ് കമ്പനി വാങ്ങി. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ മുകളില്‍ ഒരു താല്‍ക്കാലിക ബാനര്‍ കെട്ടി സ്പോണ്സര് ആകാനുള്ള തീരുമാനത്തിലാണ് കമ്പനി. ഈ നടപടി മദ്ധ്യപ്രദേശിലെ ജനങ്ങളെയാകെ രോഷാകുലരാക്കിയിട്ടുണ്ട്. ഒളിമ്പിക്സില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ ഒളിമ്പിക്സിന് പണം നല്കാന് തയ്യാറാവുന്ന കമ്പനി ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് അതുപയോഗിച്ച് കൂടുതല്‍ സഹായധനം നല്കിക്കൂടെ എന്നാണദ്ദേഹത്തിന്റെ വാദം. കഴിഞ്ഞവര്‍ഷം അധിക സഹായധനമായി ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യ കമ്പനിയോടാവശ്യപ്പെട്ടിരുന്നു.
സന്നദ്ധ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം 25000 പേരാണ് അപകടം മൂലം മരണമടഞ്ഞത്. ഒരു ലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍, അന്ധത, ജനനവൈകല്യങ്ങള്‍ ഇവ ഇപ്പോഴും നേരിടുകയാണ്. വര്‍ഷംതോറും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറാറുണ്ട്. കഴിഞ്ഞയാഴ്ചയില്‍ കായിക മന്ത്രി അജയ് മാക്കന് മധ്യപ്രദേശ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് കത്തെഴുതിയിരുന്നു. എന്നാല്‍ ഒളിമ്പിക്സ് ബഹിഷ്ക്കരിക്കുന്ന പ്രശ്നമില്ലെന്ന് വക്താവ് ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: