മരട്: നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ മരട് സ്ഥാനപ്രതിഷ്ഠാപന ദിന ഗ്രന്ധശാലയുടെ ആദ്യകാല സഹകാരികള്‍ വീണ്ടും ഒന്നിക്കുന്നു. രാജഭരണകാലത്തോളം പഴമയും, പ്രതാപവും ശിരസ്സിലേന്തിയതായിരുന്നു ഒരു കാലഘട്ടംവരെ മരടിലെ എസ്പിഡിഎസ് ഗ്രന്ഥശാല. തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലയോടും, പൂണിത്തുറയിലെ വിവേകാനന്ദാ ഗ്രന്ഥശാലയോടുമൊപ്പം പ്രദേശത്തെ പേരുകേട്ട വായനശാലയും വായനക്കാരുടെ കൂട്ടായ്മയുടെ ഒത്തുചേരല്കേന്ദ്രവുമായിരുന്നു മരട് കൊട്ടാരം ക്ഷേത്രത്തിനു സമീപത്തെ എസ്പിസിഎസ് വായനശാല.
രാജഭരണകാലത്ത് രാജാവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാനപ്രതിഷ്ഠാപന ദിന സ്മാരകശാലയെന്ന് ഗ്രന്ഥശാലക്ക് പേരുനല്‍കിയത്. മരടിലെ മാങ്കായില്‍ കുടുംബക്കാര് 10 രൂപ വിലക്കുനല്കിയ 4 സെന്റുസ്ഥലത്താണ്. ആദ്യകാലത്ത് ഒരു ചെറിയ ഓടിട്ടകെട്ടിടം നിര്‍മിച്ച് വായനശാല തുടങ്ങിയത്. 25 പൈസയായിരുന്നു മാസവരി. എണ്‍പതോളം പേര് അന്ന് അംഗങ്ങളായുണ്ടായിരുന്നു.
ജനാധിപത്യഭരണക്രമം നിലവില്‍ വന്നതോടെയാണ് പിന്നീട് വായനശാല മരട് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായത്. അല്പം ശോചനീയാവസ്ഥയിലായിരുന്ന സ്ഥാപനത്തെ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആരായാതെ തന്നെ ഇടതുപക്ഷം ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കുകയായിരുന്നു. പിന്നെ തിടുക്കത്തില്‍ പഴയകെട്ടിടം പുതുക്കി ഇരുനിലമന്ദിരം നിര്‍മിക്കുകയും എസ്പിഡിഎസ് എന്ന പേരുമാറ്റി സ്വന്തം പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇഎംഎസിന്റെ പേരുനല്കുകയുമാണുണ്ടായത്. കൂടാതെ കെട്ടിടത്തിന്റെ താഴത്തെ നില വാണിജ്യാവശ്യത്തിനായി വാടകക്കു നല്‍കുകയും ചെയ്തു.
രാഷ്ട്രീയലക്ഷ്യം വെച്ച് ഗ്രന്ഥശാലയുടെ പേരുമാറ്റിയതും, വായനശാലയായി ഉപയോഗപ്പെടുത്തുന്നതിനുപകരം താഴത്തെനില കച്ചവടാവശ്യത്തിനു നല്കിയതും എതിര്‍ത്തുകൊണ്ടാണ് പഴയ കൂട്ടായ്മയില്‍പെട്ടവര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. നഷ്ടപ്രതാപം വീണ്ടെടുത്ത് ഗ്രന്ഥശാലയുമായി ബന്ധപ്പെടുത്തി വായനക്കാരുടെ പുതിയ കൂട്ടായ്മയാണ് അവര്‍ വിഭാവനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: