വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ പാക്കിസ്ഥാന് വിസമ്മതിച്ചു. ഈ അന്വേഷണത്തില്‍ പങ്കാളിയാകാന്‍ പാക്കിസ്ഥാനേയും ക്ഷണിച്ചിരുന്നു. അവര്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നത് അതിപ്രധാനമാണെന്ന് അമേരിക്ക കരുതുന്നുവെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ നാറ്റോ ആക്രമണത്തോട് പാക്കിസ്ഥാന് കടുത്ത അതൃപ്തിയാണുള്ളത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കന്‍ കേന്ദ്ര കമാന്‍ഡ് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഈ സംഘത്തില്‍ അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും പ്രതിനിധികളെ അംഗങ്ങളാക്കാന്‍ ക്ഷണിച്ചിരുന്നു. 23ന് അവസാനിക്കുന്ന അന്വേഷണത്തില്‍ അഫ്ഗാന് പ്രതിനിധികളുമുണ്ടാവും.
അമേരിക്കക്ക് പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പല മേഖലകളിലും പ്രത്യേകിച്ച് ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിന്റെ പാതയില്‍ നേരിടേണ്ടിവന്ന വിഘ്നങ്ങളെ കണക്കിലെടുക്കാതെ പാക്കിസ്ഥാനുമായി യോജിച്ച പ്രവര്‍ത്തനത്തിനാണ് തന്റെ രാജ്യത്തിന്റെ ശ്രമമെന്നും ലിറ്റില്‍ കൂട്ടിച്ചേര്‍ത്തു.
നാറ്റോ ആക്രമണത്തില്‍ പാക് സൈനികര്‍ മരിക്കാനിടയായതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി അറിയിച്ചു. ഇപ്പോള്‍ തങ്ങള്‍ ആരേയും പഴിചാരാന്‍ ഒരുങ്ങുന്നില്ല. ഒരന്വേഷണം നടക്കുകയാണ്. അതിലൂടെ സത്യം കണ്ടെത്താനാകുമെന്നാണ് തങ്ങളുടെ വിശ്വാസം. ഇതിലേക്കാണ് പാക്കിസ്ഥാനെ ക്ഷണിച്ചതെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
24 സൈനികരുടെ മരണത്തെ തുടര്‍ന്ന് ഉപരോധിച്ച നാറ്റോയുടെ വിതരണ ശൃംഖല പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനുമായി സംഭാഷണങ്ങള്‍ തുടങ്ങുമെന്നും കിര്‍ബി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് ഒരു ദൗത്യമുണ്ടെന്നും തങ്ങളുടെ സൈനികര്‍ക്ക് ആവശ്യമായവ യഥാസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: