തൃശൂര്‍ : സംസ്ഥാനത്തെ മദ്രസകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റ് വെട്ടിനിരത്താന്‍ ലീഗ് നീക്കം. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പുസ്തകങ്ങള്‍ ലിസ്റ്റിലുണ്ടെന്ന വാദമുയര്‍ത്തിയാണ് ലീഗ് ഇതിന് ശ്രമിക്കുന്നത്. ലിസ്റ്റ് തയ്യാറാക്കിയത് സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് മാര്‍ക്കാണെന്ന ആരോപണമാണ് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ലീഗിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പാണ് കേന്ദ്രസഹായത്തോടെ മദ്രസകള്‍ക്ക് നല്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയതെന്ന് ബുക്ക് മാര്‍ക്ക് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ 548 മദ്രസകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ 50000 രൂപവീതം അനുവദിച്ചിരിക്കുന്നത്. പത്തുവയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മദ്രസകളില്‍ പഠിക്കാനെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്കുന്ന പുസ്തകങ്ങളാകട്ടെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്നും പറയപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പ് നല്കിയ ലിസ്റ്റില്‍ തസ്ലീമയുടെ പുസ്തകം ഉള്ളതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് സര്‍ക്കാരിന്റെ കീഴിലുള്ള ബുക്ക് മാര്‍ക്കില്‍ നിന്നായിരിക്കണമെന്ന ഉത്തരവ് ലംഘിക്കുകയാണെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ ലൈബ്രറികള്‍ക്കും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാന്‍ ലക്ഷക്കണക്കിന് രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. എന്നാല്‍ തൃത്താല പഞ്ചായത്തുകളും മറ്റും ബുക്ക് മാര്‍ക്കില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങാതെ ക്വട്ടേഷന്‍ ക്ഷണിച്ച് സ്വകാര്യകമ്പനികളില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും പറയുന്നു.
തൃശൂര്‍ ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് തുക അനുവദിച്ചിരുന്നു. പുസ്തകങ്ങള്‍ ബുക്ക് മാര്‍ക്കില്‍ നിന്നും വാങ്ങണമെന്ന ഉത്തരവ് ലംഘിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ പുസ്തകങ്ങള്‍ വാങ്ങിയത്. അതുപോലെതന്നെ പല തൃത്താല പഞ്ചായത്തുകളും സ്വകാര്യ പുസ്തകപ്രസാധകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: