ആയിരം കെട്ടിന് അര ചെത്ത്’ എന്നത് ഒരുനാടന് പ്രയോഗമാണ്. ഉറപ്പുള്ള കയറുകൊണ്ട് ആയിരം കെട്ടുകള്‍ കെട്ടിയാലും ഒരു കത്തി ഉപയോഗിച്ച് അത് മുറിച്ച് ദുര്‍ബലമാക്കാന്‍ എളുപ്പം കഴിയും. ഇത്തരത്തിലൊരു രംഗത്തിനാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തുകൊണ്ടോ മുല്ലപ്പെരിയാര്‍ കേരളീയരുടെ സജീവ ശ്രദ്ധയിലായിരുന്നു. ഒരു ജലബോംബ് ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന പരിഭ്രാന്തി സംസ്ഥാനമാകെ വളര്‍ന്നു. ഈ കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്നു. ഇത്തരമൊരു ഹര്‍ജിക്ക് മറുപടി പറയുമ്പോള്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്ന് കോടതി സ്വാഭാവികമായും ചോദിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഇത്തരമൊരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകളില്‍ ശേഖരിക്കാന്‍ കഴിയുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കി. ഇത് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഒന്നും സംഭവിക്കുകയില്ല എന്ന് സര്‍ക്കാരിന്റെ പ്രതിപുരുഷനായ അഡ്വക്കേറ്റ് ജനറല്‍ മറ്റൊരു വിധത്തില്‍ കോടതിയെ അറിയിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രധാനമന്ത്രിയെ കാണുന്നു. കേരളത്തിലെ പാര്‍ലമെന്റംഗങ്ങള്‍ സഭക്ക് അകത്തും പുറത്തും ഈ പ്രശ്നം ഉന്നയിക്കുന്നു. പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ റൂര്‍ക്കി ഐഐടിയുമായി കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നു. പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും കേരളത്തിന് മുല്ലപ്പെരിയാര്‍ മൂലം സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അഡ്വക്കേറ്റ് ജനറലിന്റെ പ്രസ്താവനയെ വളച്ചൊടിക്കാന്‍ തമിഴ്നാട് തയ്യാറായാല്‍ അതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിനുതന്നെയല്ലേ. വിവാദ പരാമര്‍ശത്തിലൂടെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ജീവിതത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയശേഷം വീണ്ടും മുല്ലപ്പെരിയാര്‍ പ്രശ്നത്തിലേക്ക് തിരിച്ചെത്താം.
വി.കെ. പത്മനാഭന്റേയും എന്‍.കെ. നാരായണിയുടെയും മകനായി ജനിച്ച ദണ്ഡപാണി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍, സെന്റ് ആല്‍ബര്‍ട്സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു. 1968-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തശേഷം പ്രശസ്ത അഭിഭാഷകനായിരുന്ന ഈശ്വരഅയ്യരുടെ കീഴില്‍ ജൂനിയറായി രംഗത്തെത്തി. 1996-ല്‍ ഹൈക്കോടതി ജഡ്ജിയായെങ്കിലും അഞ്ച് മാസത്തിനുശേഷം ഗുജറാത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ റിട്ടയര്‍ ചെയ്ത് വീണ്ടും അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. 2006-ല്‍ തന്റെ ഭാര്യയും അഭിഭാഷകയുമായ സുമതിയോടൊപ്പം ഹൈക്കോടതിയുടെ സീനിയര്‍ അഡ്വക്കേറ്റ് പദവിയിലെത്തി. സിവില്‍, ക്രിമിനല്‍, കമ്പനി, ഭരണഘടനാ നിയമങ്ങളില്‍ അറിയപ്പെടുന്ന അഭിഭാഷകനായ ദണ്ഡപാണി ജിസിഡിഎ, തങ്ങള്‍കുന്ന് മരക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കൈറ്റ്ക്സ് എന്നിവയുടെ നിയമകാര്യ ഉപദേശകനായിരുന്നു.
ഇനി മുല്ലപ്പെരിയാറിന്റെ ചില പ്രത്യേകതകള്‍ പരിശോധിക്കാം. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ട് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. 1200 അടി നീളമുള്ള അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഈ മേഖലയിലെ ഭൂചലനങ്ങളാണ് പഴക്കമേറിയ അണക്കെട്ടിന്റെ നിലപരുങ്ങലിലാക്കുന്നത്. ഭൂചലനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ 50 കിലോമീറ്റര്‍ പരിധിയില്‍ 2011 ജൂലൈ മാസം വരെ 22 ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ 300 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന പ്രദേശത്ത് ഭൂകമ്പങ്ങള്‍ അടിക്കടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റൂര്‍ക്കി ഐഐടി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2010 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി രണ്ടുപ്രാവശ്യം നീട്ടിക്കൊടുത്തിട്ടുണ്ട്. അത് 2012 ഫെബ്രുവരിയില്‍ അവസാനിക്കും.
തന്റെ കക്ഷിയുടെ താല്പര്യങ്ങള് സംരക്ഷിക്കുകയാണ് ഒരു അഭിഭാഷകന്റെ കടമ. തനിക്ക് ലഭിച്ച വിവരങ്ങളാണ് കോടതിയെ ധരിപ്പിച്ചതെന്നാണ് ദണ്ഡപാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ തകര്‍ന്ന് ഇടുക്കി അണക്കെട്ടിലേക്ക് ജലമൊഴുകുന്ന ഏതാണ്ട് നാല്പതോ അമ്പതോ കിലോമീറ്ററില്‍ താമസിക്കുന്നവരുടെ ജീവനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടിനെ അപഹാസ്യമാക്കുന്നത്. ദുരന്തം എന്ന് ആവര്‍ത്തിച്ച് അലമുറയിടുമ്പോഴും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായുള്ള അന്വേഷണത്തില്‍ പുതിയ ഡാമും ജലനിരപ്പ് കുറയ്ക്കുകയും എന്ന രണ്ട് മന്ത്രങ്ങളല്ലാതെ പ്രായോഗികമായി സര്‍ക്കാര്‍ ഇതിനെ നേരിടാന്‍ സജ്ജമായിട്ടില്ല എന്നതാണ് സാധാരണ പൗരന്റെ ദുഃഖം. അഡ്വക്കേറ്റ് ജനറലിന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുംതിരുത്തിയ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണം. അതിനവര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളോട് മാപ്പിരന്ന് തങ്ങളുടെ കപടനാടകത്തിന്റെ അഹാര്യങ്ങള് അഴിച്ചുവെക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും സന്നദ്ധരാവണം. ഈ സംഭവത്തില്‍ ചിത്രം കൂടുതല്‍ തെളിയാത്തതിനാല്‍ അഡ്വക്കേറ്റ് ജനറലിന്റെ തുടര്‍ നടപടികളെ നമുക്ക് സശ്രദ്ധം നിരീക്ഷിക്കാം.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: