ലാഹോര്‍: ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ലാഹോറില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ പൗരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് അധികൃതര്‍ക്ക് ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. 1985 ല്‍ ചാരപ്രവര്ത്തനകുറ്റം ആരോപിച്ച് തടവിലായ സുര്‍ജിത് സിംഗിനെക്കുറിച്ച് നിലവിലുള്ള വിവരങ്ങള്‍ നല്‍കാനാണ് കോടതി ഉത്തരവ്. പാക് വിദേശകാര്യ സെക്രട്ടറിയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന് ആര്‍മി ആക്ട് പ്രാകാരം സുര്‍ജിത് സിംഗിന് ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. 1988 ല്‍ ഇത് ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ലാഹോര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റിന്റെ റിപ്പോര്ട്ടിന്മേലാണ് ജസ്റ്റിസ് മന്‍സൂര്‍ അഹമ്മദ് മാലിക് വിദേശകാര്യ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 20 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.
2010 ഒക്ടോബര്‍ 30 ന് സിംഗിന്റെ ശിക്ഷാകാലാവധി അവസാനിച്ചിരുന്നു. ഇതേതുടര്‍ന്ന് 2010 നവംബറിനും മാര്‍ച്ചിനുമിടയില്‍ നാല് കത്തുകള്‍ തുടര്‍ നടപടികള്‍ ആരാഞ്ഞ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായി ജയില്‍ സൂപ്രണ്ടന്റ് പറഞ്ഞു.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി പാക് സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സമര്‍പ്പിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് സിയ ഉല് ഹക്കിന് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തീരുമാനം എടുത്തിരുന്നില്ല. തുടര്‍ന്നാണ് 1988 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഗുലാംഇഷഖ് ഖാന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. അഭിഭാഷകനായ അവൈസ് ഷെയ്ഖാണ് സിംഗിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കാലാവധി പൂര്‍ത്തിയായി ജയില്‍ മോചനം കാത്തിരിക്കുന്ന വിദേശ തടവുകാരുടെ പട്ടികയില്‍ സുര്‍ജിത് സിംഗിന്റെ പേരുള്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയത്തിനും ജയില്‍ സൂപ്രണ്ടന്റിനും നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: