ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖല വിദേശ നിക്ഷേപത്തിനായി തുറന്നു കിട്ടാനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും സമ്മര്‍ദ്ദത്തെ ഇത്രകാലവും നാം ചെറുത്തുനില്‍ക്കുകയായിരുന്നു. ലോക ജനസംഖ്യയുടെ ആറിലൊന്നു വരുന്ന വിശാല വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വിപണനശൃംഖല നിയന്ത്രിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഏതു വ്യാപാര ചര്‍ച്ചകളിലും ആനുകൂല്യങ്ങള്‍ക്കു പകരം ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതാണ് പതിവ്. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സ്വന്തം താല്പര്യങ്ങള് ശക്തമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ്. അതേ സമയം പകരം ആനുകൂല്യങ്ങളൊന്നും നേടിയെടുക്കാതെ ഇന്ത്യയിലെ വിതരണ ശൃംഖലയുടെ നിയന്ത്രണം അവര്‍ക്ക് സമ്മാനിക്കാന്‍ ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്.
പരിഷ്കരണവാദം നല്ലതാണ്. പരമ്പരാഗതമായി പരിഷ്ക്കരണത്തിനുവേണ്ടി നിലയുറപ്പിക്കുന്നവരാണ് നാം. എന്നാല്‍ എല്ലാ മാറ്റവും പരിഷ്കരണമല്ല. ആഭ്യന്തര താല്പര്യങ്ങള് ഹനിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരിഷ്കരണ വിരുദ്ധമാണ്. ഇന്ത്യയില്‍ ചില്ലറ വ്യാപാര വിപണിയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സമയമായിട്ടില്ല.
സമീപ കാലത്ത് ചെറുകിട, സംഘടിത ചില്ലറ വ്യാപാരം വളര്‍ന്നിട്ടുണ്ട്. വര്‍ഷംതോറും മികച്ച നിക്ഷേപവും നടക്കുന്നുണ്ട്. ആഭ്യന്തര ചില്ലറ വ്യാപാരം ചെറുകിട ചില്ലറ വ്യാപാരവുമായി ഒത്തുപോകുന്നതായാണ് കാണുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ രാജ്യാന്തര ചില്ലറ വ്യാപാര വമ്പന്മാര്ക്ക് നിക്ഷേപാനുമതി നല്കിയാല് ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാകും.
ആഭ്യന്തര ഉല്പ്പാദനത്തിനാകും ആദ്യം പ്രഹരമേല്‍ക്കുക. ആഭ്യന്തര ചില്ലറ വ്യാപാരികള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെയാണ് ആശ്രയിക്കുന്നത്. രാജ്യാന്തര ചില്ലറ വ്യാപാരികള്‍ രാജ്യാന്തരമായി ഏറ്റവും വിലക്കുറവുള്ളയിടങ്ങളില് നിന്നാകും സംഭരണം നടത്തുക. ചൈനയെപ്പോലെ കുറഞ്ഞ ഉല്‍പ്പാദന ചെലവുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാകും രാജ്യാന്തര ചില്ലറ വ്യാപാരികള്‍ വില്‍ക്കുക. വസ്ത്രം, ചെരുപ്പ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ ഇന്ത്യയില്‍ നിര്മ്മിക്കുന്നതാകില്ല. ഉല്പാദന മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടാകാന്‍ ഇതിടയാക്കും. ചെലവു കുറഞ്ഞ ഉല്‍പ്പാദന രാജ്യമാകാനുള്ള പരിഷ്കരണങ്ങളാണ് ആദ്യമാവശ്യം. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പലിശ നിരക്ക് കുറയ്ക്കുകയും വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഈ പരിഷ്കരണങ്ങള്‍ നടപ്പാക്കിയാല്‍ രാജ്യാന്തര സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ഉല്‍പ്പാദനമേഖലയില്‍ നിന്നും സംഭരണം നടത്തുമെന്ന് പ്രതീക്ഷിക്കാം. ഈ പരിഷ്കരണങ്ങളുടെ അഭാവത്തില്‍ ഉല്പാദന ചെലവു കുറവുള്ള രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളാകും ഇന്ത്യയില്‍ വില്‍ക്കുക. വെല്ലുവിളി നേരിടുന്ന ആഭ്യന്തര വിപണിക്ക് ഇതു തിരിച്ചടിയാകും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സേവന മേഖലയില്‍ അധിഷ്ഠിതമാണ്. എന്‍എസ്ഒ സര്‍വ്വേ പ്രകാരം തൊഴിലവസരങ്ങള്‍ കുറയുകയാണ്. സ്വയം തൊഴിലാണ് ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പ്രധാന ഉപജീവനമാര്‍ഗ്ഗം. കൃഷിയും ചില്ലറ വ്യാപാരവുമാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖല. രാജ്യാന്തര ചില്ലറവ്യാപാരം കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമോ അതോ ഉള്ള തൊഴില്‍ കൂടി നഷ്ടമാക്കുമോ? ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിക്കുകയാണെങ്കില്‍ സംഘടിത ആഭ്യന്തര ചില്ലറ വ്യാപാരവും ചെറുകിട വ്യാപാരവും ഒത്തുപോകും. വന്‍ സാമ്പത്തികശേഷിയുള്ള രാജ്യാന്തര ചില്ലറ വ്യാപാരികള്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുപകരം നിലവിലുള്ള തൊഴിലുകള്‍ കൂടി ഇല്ലാതാകും.
വിഘടിതമായ വിപണിയാണ് ഉപഭോക്തൃ താല്പര്യത്തിന് ഉത്തമം. ഏകീകൃതമായ വിപണി ഉപഭോക്തൃ താല്പര്യങ്ങളെ നിയന്ത്രിക്കും. വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കുറയുകയും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വാങ്ങാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്താല്‍ ഉപഭോക്തൃ താല്പര്യം സംരക്ഷിക്കപ്പെടില്ല. ആദ്യ ഘട്ടത്തില്‍ വില കുറച്ചു വില്‍പ്പന നടത്തി മത്സരം ഇല്ലാതാക്കിയ ശേഷം ഉപഭോക്താക്കളെ ചൂഷണം ചെയ്യാനാകും രാജ്യാന്തര ചില്ലറ വ്യാപാരികള്‍ ശ്രമിക്കുക.
ചൈനീസ് മാതൃക ഇന്ത്യയ്ക്ക് ചേരില്ല. വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള രാജ്യാന്തര ചില്ലറ വ്യാപാരികള്‍ ചൈനയില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ ഏറെ സംഭരിക്കുന്നത്. ചൈനയിലും മറ്റനേകം രാജ്യങ്ങളിലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും വില്‍ക്കുന്നതിന്റെ നേട്ടവും ചൈനയ്ക്കുണ്ട്. ചൈനയില്‍ നിന്നുവാങ്ങി ചൈനയില്‍ വില്ക്കാന് പാടില്ലെന്ന് അവര്‍ക്ക് നിലപാടെടുക്കാന്‍ കഴിയില്ലല്ലോ.
രാജ്യാന്തര ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയിലെത്തിയാലേ ശീതീകരിച്ച സംഭരണ കേന്ദ്രങ്ങള്‍ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂയെന്ന വാദത്തില്‍ കഴമ്പില്ല. ശീതീകരിച്ച സംഭരണകേന്ദ്ര ശൃംഖലകള്‍ റോക്കറ്റ് സാങ്കേതിക വിദ്യയൊന്നുമല്ല. ശീതീകരിച്ച സംഭരണശൃംഖലയ്ക്കുവേണ്ടി ഇന്ത്യയുടെ ഭക്ഷ്യവിതരണശൃംഖല വിദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനു വിട്ടുകൊടുക്കുകയെന്നത് വിചിത്രമായ വാദമാണ്. ഇടനിലക്കാരനെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ പാടത്തു നിന്ന് നേരെ ഫാക്ടറിയിലേക്കെന്നാണ് വാദം. ആഭ്യന്തര വിപണിയില്‍ കരിമ്പു മാത്രമാണ് ഇങ്ങനെ നേരിട്ട് ഫാക്ടറിയിലെത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില ഇല്ലായിരുന്നെങ്കില്‍ കരിമ്പു കര്‍ഷകരും പട്ടിണിയിലായേനെ. രാജ്യാന്തര ചില്ലറ വ്യാപാരത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു സമൃദ്ധിയുണ്ടാകുമായിരുന്നെങ്കില് അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും കര്‍ഷകര്‍ക്ക് പ്രതിദിനം 100 കോടി ഡോളറിന്റെ സബ്സിഡി ആനുകൂല്യം നല്‍കുന്നതെന്തിനാണ്?
സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണം ഉപേക്ഷിച്ചെന്ന് സംശയം ഇല്ലാതാക്കാനായി മാത്രം ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ കഴിയില്ല. വിദേശ നിക്ഷേപമെന്ന് ആശയത്തിനും സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കും ഞങ്ങള്‍ എതിരല്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന മാറ്റങ്ങളെ പരിഷ്കരണമെന്ന് വിളിക്കാനാവില്ല.
അരുണ്‍ ജയറ്റ്ലി (പ്രതിപക്ഷനേതാവെന്ന നിലയില്‍ രാജ്യസഭയില്‍ ചെയ്ത പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: