കൊച്ചി: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ മാറുമ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒന്നും പറയുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11.15 ന് സ്പീക്കര്‍ ജി. കാര്ത്തികേയന് സദ്ഗമയിലെ വീട്ടിലെത്തി ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു പത്രത്തില്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജെയിനെവയില്‍ നടന്ന റിയോ ഉടമ്പടിയനുസരിച്ച് ഏതെങ്കിലും ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഒരു ശാസ്ത്രജ്ഞന് സംശയം പ്രകടിപ്പിച്ചാല്‍ ആ ഡാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ്. ഇക്കാര്യങ്ങള്‍ അറ്റോര്‍ണി ജനറലിനോട് ചോദിച്ച് മുന്നോട്ടുപോകാവുന്നതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
നിയമസഭയില്‍ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിലും ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നുണ്ട്. ഡാം സുരക്ഷിതമല്ലെങ്കില്‍ പ്രവര്‍ത്തനം നിര്ത്തിവെക്കാവുന്നതാണ്. 50 വര്‍ഷം കഴിഞ്ഞാല്‍ ആരുടെയും കണ്‍കറന്‍സ് ഇക്കാര്യത്തില്‍ ആവശ്യമില്ല. 1957 ല്‍ ജലസേചനമന്ത്രിയായിരുന്നപ്പോള് കോയമ്പത്തൂരില്‍ വെള്ളം എത്തിക്കാനായി രണ്ട് നദികള്‍ വിട്ടുകൊടുത്ത കാര്യം കൃഷ്ണയ്യര്‍ ഓര്‍മിച്ചു. അന്നും തമിഴ്നാട് മുഖ്യമന്ത്രി കാമരാജും സി. സുബ്രഹ്മണ്യവും കേരള മുഖ്യമന്ത്രി ഇഎംഎസും വി.ആര്. കൃഷ്ണയ്യരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തമിഴ്നാട്ടിലുള്ളവരും കേരളത്തിന്റെ സഹോദരന്മാര് തന്നെയാണെന്നാണ് കാമരാജിനോട് പറഞ്ഞതെന്ന് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ വല്ലാത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ക്കൊപ്പം എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷനും ഹൈബി ഈഡനുമുണ്ടായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് പുഷ്പഹാരവും സ്പീക്കര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: