കൊച്ചി: സ്വന്തം കാര്യസാധ്യത്തിനായിട്ടാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിശബ്ദത പാലിക്കുന്നതെന്ന് സംവിധായകന് വിനയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയക്കാരേക്കാള്‍ സിനിമാതാരങ്ങളുടെ വാക്കുകള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. അവിടുത്തെ നേതാക്കളെല്ലാം സിനിമയില്‍നിന്നും വന്നവരാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ എന്ത് പറയുന്നുവെന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും വിനയന് ആവശ്യപ്പെട്ടു. മലയാള സിനിമാ സംഘടനകള്‍ പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും തടികേടാക്കണ്ട, മൗനം പാലിക്കാമെന്ന നിലപാടാണ് എടുത്തത്. കേരളത്തോടും മലയാളികളോടും ചെയ്യുന്ന അനീതിയാണിത്.
പല താരങ്ങള്‍ക്കും തമിഴ്നാട്ടില്‍ വീടും സ്ഥലവും വസ്തുവകകളുമുണ്ട്. ഇതൊന്നും ഈ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ നഷ്ടമാകില്ല. എന്തുകൊണ്ട് ഈ സൂപ്പര്‍സ്റ്റാറുകള്‍ സ്വന്തം നാടിനുവേണ്ടി മിണ്ടുന്നില്ലന്നേ ജയലളിത ചോദിക്കുകയുള്ളൂ. മിണ്ടാതിരുന്നാല്‍ വര്ഗവഞ്ചകരായിട്ടേ ഇവരെ ജയലളിത കാണുകയുള്ളൂ. ചേരന് തിരുവനന്തപുരത്ത് തമിഴ്നാടിനുവേണ്ടി അഭിപ്രായം പറഞ്ഞത് സ്വന്തം നാടിനോടുള്ള സ്നേഹംകൊണ്ടാണ്.
തമിഴ്നാട്ടില്‍ നിരവധി ചിത്രങ്ങള്‍ തനിക്കുണ്ടെങ്കിലും അവയേക്കാള്‍ പ്രധാനമാണ് സ്വന്തം നാടെന്നും വിനയന് പറഞ്ഞു. ഈ പ്രസ്താവനയുടെ പേരില്‍ എന്തെങ്കിലും നഷ്ടമുണ്ടാവുകയാണെങ്കില് അത് തനിക്ക് മാത്രമായിരിക്കുകയും ചെയ്യും. ചപ്പാത്തില്‍ 1200 കുട്ടികള്‍ വരച്ച ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞ ദിവസം പോയി. അവിടെവെച്ച് ഒരു കുട്ടി മുല്ലപ്പെരിയാറിന്റെ ഭീഷണി മൂലം തങ്ങളുടെ ജീവന് നേര്‍ക്കുള്ള ഭീഷണിയെക്കുറിച്ച് സൂപ്പര്‍താരങ്ങള്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യമാണ്തന്നെ ഇത്തരത്തില്‍ പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്നും വിനയന് പറഞ്ഞു. ആ മേഖലയിലെ കുട്ടികള്‍ക്ക് ഉറക്കമില്ല. ഏതെങ്കിലും മൃഗം കരയുന്ന ശബ്ദം രാത്രി കേട്ടാല്‍ ഞെട്ടിക്കരയുകയാണവര്. വളരെ ഭീതിജനകമായ അവസ്ഥയാണുള്ളത്. മാനസികമായി താഴ്വരയില് ഉള്ളവര്‍ പീഡിപ്പിക്കപ്പെടുകയാണ്.
സിപിഎമ്മിനും കോണ്‍ഗ്രസിനും ഒന്നും പറയുവാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കുരുക്കിലാണ്. ഈ അവസ്ഥയിലാണ് സൂപ്പര്‍താരങ്ങളുടെയും സിനിമാ സംഘടനകളുടെയും പ്രസക്തി. സിനിമാക്കാര് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ അതിന് മന്ത്രിമാരേക്കാള്‍ വലിയ വിലയായിരിക്കും അതിന് തമിഴ്നാട്ടില്‍ ലഭിക്കുക. ഒപ്പം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കുവാനാകുമെന്ന് വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: