കോഴിക്കോട്: ജന്മഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷന്റെ പതിനഞ്ചാം വാര്‍ഷികാഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മവും ഇന്നലെ നഗരത്തിലെ പൗരപ്രമുഖരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.
സമൂഹം മിത്രത്തെപ്പോലെ കണക്കാക്കുന്ന അവസ്ഥയിലേക്ക് ജന്മഭൂമി ഉയരണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ മനുഷ്യമനസിനെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങള്‍ നെഗേറ്റെവ് ചിന്താഗതിയാണ് സമൂഹത്തില്‍ വളര്‍ത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ദേശീയബോധം സൃഷ്ടിക്കുന്നതിന് ജന്മഭൂമിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. കാര്യക്ഷമതയും പ്രൊഫഷണലിസവും ജന്മഭൂമിയില് വളര്‍ത്തിയെടുക്കണം. ജന്മഭൂമിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സമാജം മുന്നോട്ട് വരണമെന്നും സ്വാമിജി പറഞ്ഞു.
ജന്മഭൂമി മുഖ്യപത്രാധിപര്‍ ഹരി.എസ്. കര്‍ത്താ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ജെ. നന്ദകുമാര്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകളില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ മൗനം കുറ്റകരവും അമ്പരപ്പിക്കുന്നതുമാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. എല്ലാ മാധ്യമങ്ങളും പക്ഷം ചേരുന്നുണ്ടെന്നും നിഷ്പക്ഷത ചമയുന്നത് കാപട്യമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ആദര്‍ശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മാധ്യമങ്ങള്‍ അതുപേക്ഷിക്കുന്ന സ്ഥിതിയാണിന്നുള്ളതെന്നും ആദര്‍ശത്തിന് പകരം മാധ്യമങ്ങളുടെ വിധേയത്വം പണത്തോടുള്ള വിധേയത്വമായി മാറിയെന്നും ജന്മഭൂമി ജനറല്‍മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
ആഗോളവത്ക്കരണ കാലത്തെ കച്ചവടത്തിലധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനത്തില്‍ പത്രാധിപര്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി. എസ്. കര്‍ത്താ പറഞ്ഞു. ഈശ്വരന് തെറ്റ് ചെയ്താലും ഞാന്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനിയുടെ പിന്മുറക്കാര് മദനിയെയും അഫ്സല്‍ഗുരുവിനെയും പോലുള്ളവര്‍ ചെയ്യുന്ന തെറ്റ്പോലും ചൂണ്ടിക്കാട്ടാന്‍ മടിക്കുന്നു. പറയേണ്ടതു പറയുവാനും അറിയേണ്ടത് അറിയിക്കുവാനും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് സ്വാഗതവും യൂണിറ്റ് മാനേജര്‍ കെ.പി.വിനോദ് നന്ദിയും പറഞ്ഞു. അതുല്യ പി. സന്തോഷ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ജന്മഭൂമി വികസനസമിതി കന്മനം സമിതിയുടെ വകയായി ഒരു ലക്ഷം രൂപ വി.സതീശനില്‍ നിന്ന് ഹരി എസ് കര്‍ത്താ ഏറ്റുവാങ്ങി.ഡോ.കെ. മാധവന്‍കുട്ടി, പി.ആര് നാഥന്, എ.കെ.ബി. നായര്‍, ബി. ഗിരിരാജന്‍. കെ.ടി.രഘുനാഥ്, പി.കെ. സുകുമാരന്‍, പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.സുധീന്ദ്രകുമാര്‍. സെക്രട്ടറി സി. വിനോദ് ചന്ദ്രന്, ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ ഓഫീസില്‍ മുഖ്യപത്രാധിപര്‍ ഹരി.എസ്.കര്‍ത്താ ഭദ്രദീപം കൊളുത്തി. കോഴിക്കോട് ജയപ്രകാശ് നാരായണന് റോഡിലെ (ലിങ്ക് റോഡ് ) അല്ഫാബില്ഡിംഗിലാണ് ജന്മഭൂമി കോഴിക്കോട് എഡിഷന്റെ പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: