തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങളില്‍ ഉണ്ടായിട്ടുളള ആശങ്കയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടിയുടെ അടിയന്തിര യോഗം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചേരുമെന്ന് റവന്യു വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
ഡാമിനു താഴെ നീരൊഴുക്കുള്ള ഭാഗത്തെ ജലവിതാനത്തില്‍ ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കാനായി ഉടന്‍ തന്നെ ഡിജിറ്റല്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ഡാമിന്റെ സമീപ പ്രദേശത്ത് ഇന്‍ഫ്രാറെഡ് ക്യാമറ സ്ഥാപിച്ച് മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.
ഭൂചലനങ്ങള്‍ രേഖപ്പെടുത്താനായി ഇടുക്കി ജില്ലയിലെ വളളക്കടവ്, മീന്‍കെട്ട്, ഇടമലയാര്‍ എന്നീ മൂന്നു കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ സീസ്മിക് ബ്രോഡ്ബാന്റ് സ്റ്റേഷനുകള്‍ (സീസ്മോഗ്രാഫുകള്‍) സ്ഥാപിക്കും. ഇതിനാവശ്യമായ മൂന്നുകോടി രൂപ ദുരന്തനിവാരണ വകുപ്പ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കൈമാറിക്കഴിഞ്ഞു. അടിയന്തിര ഘട്ടങ്ങള്‍ തരണം ചെയ്യാനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പും സംസ്ഥാന പോലീസും സംയുക്തമായി ഒരു കണ്ടിജന്‍സി പ്ലാന്‍ തയ്യാറാക്കും.
ഈ മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും, അടിയന്തിരഘട്ടത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ സംബന്ധിച്ചും പൊതു ജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി ഹസാര്‍ഡ് വള്‍നറബിലിറ്റി ആന്റ് റിസ്ക്ക് അസസ്മെന്റ് (എച്ച്.വി.ആര്.എ.) സെല്‍, ഭൗമഗവേഷണ പഠന കേന്ദ്രം (സെസ്) എന്നിവയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിക്ക് രൂപം നല്‍കുന്നതാണ്. ഹസാര്‍ഡ് വള്‍നറബിലിറ്റി ആന്റ് റിസ്ക്ക് അസസ്മെന്റ് സെല്ലിന്റെ ഒരു ഉപകേന്ദ്രം കഴിയുന്നത്ര വേഗം ഇടുക്കിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കാന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: