വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന പല മരണങ്ങളും പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യയായും സ്വാഭാവിക മരണമായുമൊക്കെ എഴുതിത്തള്ളിയ പല കേസുകളിലും വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നതിന് സൂചന ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയുമുണ്ടായിട്ടുണ്ട്. കേരളത്തിലുണ്ടായ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട സംഭവമാണ് നക്സല്‍ വര്‍ഗ്ഗീസ് വധക്കേസ്. ഒരു പോലീസുകാരന്റെ കുംബസാരത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം പോലീസുമായി ഏറ്റുമുട്ടി മരിച്ചുവെന്ന പേരില്‍ എഴുതിത്തള്ളിയ വര്‍ഗ്ഗീസിന്റെ മരണം കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞത്. വര്‍ഗ്ഗീസിന്റെ മരണത്തെക്കുറിച്ച് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനും വിചാരണയ്ക്കുമൊക്കെ ശേഷം അന്നത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥന് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
വര്‍ഗ്ഗീസിന്റെ മരണത്തില്‍ അന്നുതന്നെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വര്‍ഗ്ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചെന്ന പോലീസിന്റെ വാദം സാധാരണക്കാരായ ജനങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല. ദുരൂഹതകളും ആരോപണങ്ങളും ശരിവയ്ക്കുന്ന തരത്തിലാണ് വര്‍ഗ്ഗീസ് മരിച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ വെളിപ്പെടുത്തലുണ്ടായത്. സത്യം എല്ലാക്കാലവും മൂടിവയ്ക്കാന്‍ കഴിയില്ലെന്ന വാക്കുകളാണ് ഇതിലൂടെ ശരിവയ്ക്കപ്പെട്ടത്.
മലയാള സിനിമാ മേഖലയിലുണ്ടായിട്ടുള്ള നിരവധി മരണങ്ങളിലും ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. നടിമാരായ വിജയശ്രീ, ശോഭ, സില്‍ക്ക്സ്മിത തുടങ്ങിയവരുടെയൊക്കെ മരണത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് സിനിമാസ്വാദകര്‍ക്കും ജനങ്ങള്‍ക്കുമുള്ളത്. സിനിമയിലെ തിളക്കമുള്ള നടിയായി നില്‍ക്കുമ്പോളാണ് ശോഭ മരണത്തിനു കീഴടങ്ങിയത്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പുരസ്കാരം വരെ നേടാന്‍ അവരിലെ അഭിനയ പ്രതിഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. പതിനേഴാം വയസ്സില്‍ ‘പശി’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് പുരസ്കാരം ലഭിക്കുന്നത്. ബാല നടിയായി വന്ന് നായിക നടിയായി തിളങ്ങിയ അവരുടെ ജീവിതത്തിന് വിധി തിരശ്ശീല വീഴ്ത്തുമ്പോള്‍ സിനിമയ്ക്ക് നഷ്ടമായത് കരുത്തും കഴിവുമുള്ള അഭിനയപ്രതിഭയെയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ വ്യത്യസ്ത ഭാഷകളിലായി നാല്പത്തിയഞ്ചോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ നല്ല വേഷങ്ങളിലഭിനയിച്ചാണ് ശോഭ നടിയെന്ന ബഹുമതി നേടിയെടുത്തത്. 1980 മെയ് ഒന്നിനാണ് ശോഭ മരിക്കുന്നത്.
ശോഭയുടെ മരണം ആത്മഹത്യയാണെന്നാണ് പൊതു സമൂഹം ഇന്നും വിശ്വസിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ വിശ്വസിപ്പിച്ചിരിക്കുന്നത്. കഥയെന്തായാലും ശോഭ മരിച്ചു. അക്കാലത്ത് അതു സംബന്ധിച്ച് നിരവധി ‘കഥകള്‍’ പ്രചരിച്ചിരുന്നു. ശോഭയും ബാലുമഹേന്ദ്രയെന്ന പ്രശസ്ത സംവിധായകനുമായുള്ള ബന്ധവും മരണത്തിനു കാരണമായ സംഗതികളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ, ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്കായി തുടരുമ്പോഴും ദുരൂഹത അവസാനിക്കുന്നില്ല. ശോഭ സ്വയം മരിച്ചതല്ലെന്നും അവരെ ആരോ കൊലപ്പെടുത്തിയതാണെന്നും വിശ്വസിക്കുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.
ആന്ധ്രാക്കാരിയായിരുന്ന സില്‍ക്ക് സ്മിത ദക്ഷിണേന്ത്യന്‍ സിനിമയുടെ ഹരമായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ അവര്‍ അഭിനയിച്ചു. പ്രേക്ഷക മനസ്സില്‍ അവരുടെ രൂപലാവണ്യം ഹരം പിടിച്ചു നില്‍ക്കുമ്പോഴാണ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത്. 36-ാം വയസ്സിലാണ് സ്മിത മരിക്കുന്നത്. 1996 സെപ്തംബര്‍ 23ന് ചെന്നൈയിലെ വീട്ടില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും നിരാശയും മദ്യാസക്തിയും കാരണം അവര്‍ സ്വയം മരിച്ചുവെന്നാണ് പുറത്തു പരന്നതും പോലീസടക്കം പരത്തിയതും. പൊതു സമൂഹം സില്‍ക്ക് സ്മിതയെന്ന മാദക നടിയ്ക്കു അത്തരത്തിലുള്ള മരണം മാത്രമേ സംഭവിക്കൂ എന്ന് നേരത്തെ തന്നെ വിധി വരച്ചിട്ടിരുന്നതിനാല് അവരുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളൊന്നും നടന്നില്ല. എന്നാല്‍ സ്മിതയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവര്‍ സിനിമയ്ക്കു പുറത്തും അകത്തും നിരവധിയുണ്ട്. സത്യം പുറത്തുവരാത്തതിനാല്‍ ദുരൂഹത നീക്കാനാകുന്നില്ല.
വിജയശ്രീ എന്ന നടി സില്‍ക്ക് സ്മിതയ്ക്കും മുന്നേ മലയാളത്തിന്റെ മാദകത്തിടമ്പായിരുന്നു. വടക്കന്‍പാട്ടു സിനിമകള്‍ മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന കാലത്താണ് വിജയശ്രീ പ്രേംനസീറിനൊപ്പം സിനിമയില്‍ തിളങ്ങി നിന്നത്. അവരുടെ മാദക മേനിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം സിനിമയ്ക്കു കയറിയിരുന്ന വലിയ സമൂഹം പ്രേക്ഷകരുണ്ടായിരുന്നു. ഇന്നും ഇന്റര്‍നെറ്റിലും യൂ ട്യൂബിലുമൊക്കെ വിജയശ്രീയുടെ രംഗങ്ങള്‍ തിരയുന്ന ആരാധകരുണ്ട്. 1974 മാര്‍ച്ച് 17ന് മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് വിജയശ്രീ മരിക്കുന്നത്. അതും ആത്മഹത്യയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പക്ഷേ, അവരെന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇന്നും ദുരൂഹമായി തുടരുന്നു.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമയിലൂടെ തന്നെ വിജയശ്രീയുടെ മരണത്തെക്കുറിച്ചൊരു കഥ പുറത്തു വരുന്നു. അവരുടെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കാനാണ് ആ സിനിമയിലെ വെളിപ്പെടുത്തല്‍ ഉപകരിച്ചതെങ്കിലും മരണത്തിന് കാരണക്കാരായി ചിലരെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിനിമ ശ്രമിക്കുന്നു. വിജയശ്രീയുടെ മരണത്തെ മുഖ്യ പ്രമേയമാക്കിയെടുത്തിരിക്കുന്ന ജയരാജിന്റെ ‘നായിക’ എന്ന സിനിമയാണ് വിവാദമായിരിക്കുന്നത്. നായികയിലെ കഥാപാത്രങ്ങള്‍ക്ക് മറ്റു പേരുകളാണ് ഇട്ടിരിക്കുന്നതെങ്കിലും രൂപഭാവത്തിലും സന്ദര്‍ഭത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരിക്കുന്നവരെയും ജീവിച്ചിരുന്നവരെയും ധ്വനിപ്പിക്കുന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. വിജയശ്രീയുടെ മരണം ആത്മഹത്യയല്ലെന്ന് സ്ഥാപിക്കുകയാണ് ‘നായിക’.
പ്രേംനസീറുമൊത്ത് വിജയശ്രീ അഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു. മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനി മയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ സിനിമയില്‍ പറയുന്നത്.
കുഞ്ചാക്കോ നിര്‍മ്മിച്ച ‘പൊന്നാപുരംകോട്ട’ സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നത്തെക്കാലത്തു തന്നെ വിവാദത്തിനു വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്മെയില്‍ ചെയ്തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് ‘നായിക’യില്‍ പറയുന്നത്. ജയരാജിന്റെ സിനിമയില്‍ പൊന്നാപുരം കോട്ട ‘കുന്നത്തൂര്‍കോട്ട’ യായി. നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. ‘നായിക’ യിലെ നിര്‍മ്മാതാവ് കഥാപാത്രത്തിന് അപ്പച്ചന്റെയും കുഞ്ചാക്കോയുടെയും രൂപഭാവങ്ങളും സാദൃശ്യവുമുണ്ടാകുന്നതാണ് അതിലൂടെ പറയുന്ന വിഷയങ്ങളെ ഗൗരവമുള്ളതാക്കുന്നത്.
വിജയശ്രീ എന്ന നടിയുടെ മരണത്തിലെ ദുരൂഹത നീക്കാനും മരണം എങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം കണ്ടെത്താനും പര്യാപ്തമായ തെളിവു നല്കുന്ന തരത്തിലാണ് ‘നായിക’യിലെ വെളിപ്പെടുത്തല്‍. നവോദയ അപ്പച്ചന് മലയാള സിനിമയിലെ തലമുതിര്‍ന്ന കാരണവരാണ്. ജെ.സി.ഡാനിയേല്‍ പുരസ്കാരം വരെ അദ്ദേഹത്തിനു ലഭിച്ചു. മലയാള സിനിമയെ മാറ്റത്തിന്റെ വഴിയിലൂടെ നയിച്ച് പുരോഗതിയിലെത്തിച്ചയാളുമാണദ്ദേഹം. അപ്പച്ചനെപ്പോലൊരാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിനിമയിലൂടെ വിചാരണ ചെയ്യുമ്പോള്‍ അതിലെ സത്യാവസ്ഥയെന്താണെന്നറിയാനുള്ള അര്‍ഹത പ്രേക്ഷകര്‍ക്കുണ്ട്. സിനിമയിലൊരിടത്ത് ഒരു കഥാപാത്രം ഇങ്ങനെ പറയുന്നു:
“മലയാള സിനിമയിലെ പല നടിമാരുടെയും മരണം ആത്മഹത്യ അല്ല. നമ്മള് ആത്മഹത്യയെന്നു വിശ്വസിക്കുന്ന പല മരണങ്ങളും കൊലപാതകങ്ങളാണ്” എന്ന്. സത്യം എന്തെന്നു വെളിപ്പെടുത്താന്‍ ‘നായിക’യുടെ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണം. ജീവിച്ചിരിക്കുന്ന അപ്പച്ചന്റെയും കുഞ്ചാക്കോയുടെ കുടുംബക്കാരുടെയും കൂടി ആവശ്യമാണത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: