മുംബൈ: മിഡ് ഡേ പത്രത്തിലെ ക്രൈം എഡിറ്റര്‍ ജെ ഡെയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തക ജിഗ്നവോറയെ മഹാരാഷ്ട്ര കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ജിഗ്നയുടെ കസ്റ്റഡി കാലാവധിയും അവസാനിച്ചു.
കൊലപാതകശ്രമം, ഗൂഢാലോചന, തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വോറയെ അറസ്റ്റ് ചെയ്തത്. ഏഷ്യന്‍ എയ്ജ് എന്ന ഇംഗ്ലീഷ് പത്രത്തിലെ പ്രത്യേക ലേഖികയായ വോറയ്ക്ക് അധോലോകനായകന്‍ ഛോട്ടാ രാജനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് സഹായമാകുകയും ചെയ്തു. ഡെയെ വധിക്കുന്നതിനായി നടത്തിയ ആസൂത്രണത്തില്‍ പങ്കാളിയായി എന്ന കുറ്റത്തിനാണ് വോറയെ അറസ്റ്റ് ചെയ്തത്. ജെഡെയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് അധോലോകനായകന്‍ ഛോട്ടാ രാജനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ജെഡെയുടെ ബൈക്കിന്റെ നമ്പരും വീട്ടുവിലാസവും രാജന് നല്‍കിയത് ജിഗ്നയാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
മുംബൈ മിറര്‍ എന്ന പത്രത്തില്‍ ജോലിനോക്കിയിരുന്ന ജിഗ്ന, ഡെയുമായി പ്രവര്ത്തിച്ചുവരിയായിരുന്നു. അതേസമയം ഛോട്ടാരാജന് സംഘത്തില്‍പ്പെട്ട വിദഗ്ദ്ധനായ ഒരാളാണ് ഡെയെ വെടിവച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിലെ 11-ാം പ്രതിയാണ് ജിഗ്നവോറ. ജൂണ്‍ 11 നായിരുന്നു പോവായ്യിലെ വീടിന് സമീപം ജെഡെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതികളായ തങ്കപ്പന് ജോസഫ് എന്ന സതീഷ് കാലിയ, അഭിജിത്ത് ഷിന്‍ഡെ, അരുണ്‍ ഡാക്കെ, സച്ചിന് ഗെയ്ക്ക്വാദ്, അനില്‍ വാഗ്മോഡെ, നിലേഷ് ഷിന്‍ഡെ, മംഗേഷ് അഗവാനെ, വിനോദ് അസ്രാണി, പോള്‍സണ്‍ ജോസഫ്, ദീപക് സിസോഡിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: