സമൂഹത്തില്‍ സ്ത്രീകള്‍ അനുദിനം അവഹേളിക്കപ്പെടുകയും പീഡനത്തിന് വിധേയരാവുകയും ചെയ്യുന്നു എന്നത് അതിശയോക്തിയല്ല. പ്രബുദ്ധകേരളമെന്ന് ഊറ്റംകൊണ്ടിരുന്ന മലയാളിയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള സംഭവഗതികളാണുണ്ടാവുന്നത്. എവിടെയും എപ്പോഴും ഏതു രീതിയിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു എന്നതത്രേ വസ്തുത. കൊച്ചുപെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഒരു സമൂഹത്തിന് ഒരിക്കലും വെച്ചു പൊറുപ്പിക്കാന്‍ കഴിയാത്ത ക്രൂരതയാണിത്. ഇതിനെതിരെ കണ്ണടച്ചതുകൊണ്ട് കാര്യമില്ല.
ഇത്തരം അക്രമങ്ങളെയും കൈയേറ്റങ്ങളെയും ഫലപ്രദമായി തടയാനുതകുന്ന തരത്തിലുള്ള ഒരു നിയമസംവിധാനത്തിന് വഴിയൊരുങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമത്രെ. ലൈംഗികാതിക്രമങ്ങള്‍ നേരിടാനും തടയാനും പര്യാപ്തമായേക്കാവുന്ന ക്രൈംമാപ്പിങ്ങും ഫാസ്റ്റ് ട്രാക്ക് കോടതിയുമാണ് ആ സംവിധാനം. ഇത്തരത്തില്‍ സംവിധാനം വേണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത് കേരളത്തിന്റെ അഭിമാനമായ സുഗതകുമാരി ഉള്‍പ്പെടുന്ന ഒരു സമിതിയില്‍ നിന്നാണ്. മല്ലികാസാരാഭായ്, സുനിതാകൃഷ്ണന്, ലിഡാ ജേക്കബ്, സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറി ശാരദാമുരളീധരന് എന്നിവര്‍ അംഗങ്ങളായ സമിതിയുടെ അധ്യക്ഷ സുഗതകുമാരിയാണ്.
സാമൂഹികക്ഷേമവകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന ‘നിര്‍ഭയ’ പദ്ധതിയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ വൈറസ് ആയിരിക്കുകയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. ഇക്കാര്യത്തില്‍ ജാതി-മത-വര്‍ണ ഭേദങ്ങളൊന്നുമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓരോ ദിവസത്തെ വര്‍ത്തമാനപത്രങ്ങളും ഇത്തരത്തില്‍ രണ്ടു വാര്‍ത്തയെങ്കിലും ഇല്ലാതെ പുറത്തിറങ്ങുന്നില്ല എന്നതാണ് ഗൗരവകരമായകാര്യം. തങ്ങളുടെ സ്വതേയുള്ള ഇരകളാണ് സ്ത്രീകളും കുട്ടികളും എന്ന മ്ലേച്ഛചിന്തയിലേക്ക് ആണ്ടുപോകുന്ന ഒരു പറ്റം മനുഷ്യര്‍ സമൂഹ ഗാത്രത്തിനുണ്ടാക്കുന്ന മുറിവ് ആഴമേറിയതാണ്.
ഏറെ ശ്രദ്ധേയമായ കാര്യങ്ങളാണ് സമിതി അതിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുതരത്തിലുള്ള സമീപനം വഴി ഇത്തരം വൈകൃതങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയെന്ന രീതിയാണുള്ളത്. വീട്, പരിസരം, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്തുക, തടയുക, ആവശ്യമെങ്കില്‍ പുനരധിവാസം ഉറപ്പാക്കുക. മറ്റൊന്ന്, ജീവിതവൃത്തിക്കുവേണ്ടി അസാന്മാര്ഗിക ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവര്ക്കുവേണ്ടിയുള്ള പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കലാണ്. തികച്ചും ശ്ലാഘനീയമായ ഒരു ചുവടുവെപ്പിലേക്കുള്ള നീക്കമായി ഇതിനെ കണക്കാക്കണം.
പലപ്പോഴും ഒച്ചപ്പാടുണ്ടാക്കുന്ന സംഭവഗതികള്‍ മാത്രമേ ജനശ്രദ്ധയില്‍ എത്തുന്നുള്ളൂ. അത്തരം സംഭവങ്ങള്‍ക്കു നേരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാറുണ്ട്. ഷൊര്‍ണൂരിനടുത്ത് തീവണ്ടിപ്പാളത്തില്‍ നിസ്സഹായയായി പീഡനം ഏറ്റുവാങ്ങി ഒടുവില്‍ മരണത്തിന്റെ ഇരുട്ടുമുറിയിലേക്ക് പോകേണ്ടിവന്ന സൗമ്യയെക്കുറിച്ച് ജനമനസ്സാക്ഷി പ്രതികരിച്ചത് നാം കണ്ടതാണ്. ഒരു പക്ഷേ, ജീവന് നഷ്ടപ്പെടാതെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപാട് അമ്മ പെങ്ങന്മാരും കുട്ടികളും ഉണ്ടാവാം. മാനാപമാനങ്ങളുടെ പെരുവഴിയിലൂടെ ശ്രദ്ധാപൂര്‍വം നടക്കാന്‍ വിധിക്കപ്പെട്ട അവര്‍ ക്രൂരതകളത്രയും മനസ്സില്‍ അടക്കിവെച്ചിരിക്കാം. ജീവിതത്തോട് മൊത്തം പകയോടെയും നിരാശയോടെയും പ്രതികരിക്കാന്‍ അവര്‍ വിധിക്കപ്പെട്ടു പോയിരിക്കാം. അത്തരമൊരു പ്രത്യേകമായ മാനസികാവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്.
സ്കൂളുകളില്‍ പോലും കുട്ടികള്‍ക്ക് സുരക്ഷിതത്വം കിട്ടാത്ത വര്‍ത്തമാനങ്ങള്‍ നിരവധിയാണ്. ഇതൊരു സാധാരണ പ്രതിഭാസമായി തീര്‍ന്നിട്ടില്ലെങ്കിലും മിക്കസ്ഥലത്തുനിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തില്‍ ഇത്തരമൊരു വൈറസ് എങ്ങനെ വ്യാപകമായി ശക്തിപ്പെടുന്നു എന്നതിനെക്കുറിച്ചും ഇതിനൊപ്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. മുമ്പില്ലാത്തവിധം കുറ്റവല്ക്കരിക്കപ്പെടുന്ന ഒരു തലമുറ എങ്ങനെയാണ് വളര്‍ന്നുവരുന്നതെന്നാണ് പരിശോധിക്കേണ്ടത്. കുറ്റങ്ങള്‍ നിരന്തരം ചൂണ്ടിക്കാണിച്ചതുകൊണ്ടോ അതിനെതിരെ അതിശക്തമായ നിയമനിര്‍മാണം നടത്തിയതുകൊണ്ടോ മാത്രം ഇത് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ബഹുഭൂരിപക്ഷവും കരുതുന്നില്ല.
സമൂഹത്തിന് മാതൃകയാവുന്ന തരത്തിലുള്ള ധാര്‍മിക അവബോധം ഉണ്ടാവാത്തതിന്റെ ഫലമായാണ് ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും സാമൂഹികസംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. സാങ്കേതികമായി ഏറെ ഉയര്‍ന്നിരിക്കുന്ന സമൂഹത്തില്‍ പക്ഷേ, സാംസ്കാരികവും ധാര്‍മികവുമായ വളര്‍ച്ച തുലോം പരിമിതമാണ്. വിവരസാങ്കേതികത റോക്കറ്റ് കണക്കെ കുതിച്ചുപായുമ്പോള്‍ അതിന്റെ ഗുണാംശങ്ങള്‍ സ്വാംശീകരിക്കുന്നതിനേക്കാള് താല്പര്യം അതിലൂടെ കെടുവഴികള് തേടിപ്പിടിക്കാനാണ്. അത്തരത്തിലുള്ള ഒരു രീതിയിലേക്ക് സമൂഹം മാറിമറിഞ്ഞിരിക്കുന്നു. ഇതില്‍ നിന്ന് വിമുക്തിനേടാന്‍ അക്ഷീണ പ്രയത്നം തന്നെ വേണ്ടിവരും.
ഏതായാലും സുഗതകുമാരി അധ്യക്ഷയായ സമിതി സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മേല്‍ സൂചിപ്പിച്ച ധാര്മികാവബോധത്തെക്കുറിച്ചൊന്നും ഒറ്റനോട്ടത്തില്‍ പരാമര്‍ശമില്ലെങ്കിലും അത് പരിഗണിക്കുമെന്നാണ് കരുതുന്നത്. ഏത് കൊടിയ ശിക്ഷാനടപടിയുണ്ടായാലും ധാര്മികാവബോധമില്ലാത്തവര് അവരുടെ ക്രൂരതകള്‍ തുടരുകതന്നെ ചെയ്യും. നിയമത്തിന്റെ ദുര്ബ്ബലവശങ്ങള് അവര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും. സൗമ്യസംഭവത്തില്‍ ഇക്കാര്യം നമുക്ക് വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അമ്മ പെങ്ങന്മാരുടെയും കുഞ്ഞുകുട്ടികളുടെയും രക്ഷയ്ക്കായി ഏതു നിയമനിര്‍മാണം നടത്തുന്നതിനെയും പൊതുസമൂഹം ഹൃദയംതുറന്ന് സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനൊപ്പം ധാര്മികാവബോധമുണ്ടാക്കുന്ന ഒരു സംവിധാനം കൂടിയായാല്‍ ഈ കാന്‍സര്‍ കരിച്ചുകളയാന്‍ സാധിക്കും.
ആശുപത്രിയിലെ ഗുണ്ടാവിളയാട്ടം
കഴിഞ്ഞദിവസം കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ നടന്ന സംഭവഗതികള്‍ സംസ്ഥാനത്തെ ഞെട്ടിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ പശ്ചാത്തലത്തില്‍ അതിന് വ്യാപകമായ ശ്രദ്ധകിട്ടിയില്ല എന്നതാണ് വസ്തുത. വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന നഴ്സുമാരെ ആശുപത്രി ഉടമയുടെ ഒത്താശയോടെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത് അങ്ങേയറ്റം ക്രൂരതയായി. സംസ്കാരചിത്തരായ സമൂഹത്തില്‍ ഒരിക്കലും വെച്ചുവെറുപ്പിക്കാന് പറ്റാത്ത പൈശാചികതയാണത്. ഗുണ്ടാ ആക്രമണത്തില്‍ സ്റ്റാഫ് നഴ്സായ ഒരു ഗര്‍ഭിണിക്കു പോലും ഗുരുതരമായി പരുക്കേറ്റു.
പണമുണ്ടാക്കാനുള്ള എളുപ്പവിദ്യയായാണ് ഇന്ന് ആശുപത്രികള്‍ തുടങ്ങുന്നത്. അവിടെ നഴ്സുമാരെക്കൊണ്ട് മാടിനെ പോലെ പണിയെടുപ്പിക്കും. അര്‍ഹമായ വേതനം കൊടുക്കുന്നതോപോകട്ടെ നിരന്തരം പീഡനവുമായിരിക്കും. നിവൃത്തിയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സഹോദരികള്‍ ഇടയ്ക്കൊരു പ്രതിഷേധം ഉയര്‍ത്തിയാല്‍ ഗുണ്ടകളെ വിട്ട് കൈകാര്യം ചെയ്യും.ഇത് കൈയും കെട്ടി നോക്കിനില്ക്കാന് സര്‍ക്കാര്‍ തയ്യാറാവരുത്. കൊല്ലം സംഭവത്തില്‍ പോലീസ് പോലും ഉടമയ്ക്ക് ഒത്താശ ചെയ്തതായി ആരോപണമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കാനുള്ള അവസരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: