ഇടുക്കി മേഖലയില്‍ വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയ ജലം അനുവദനീയമാ യ സംഭരണ ശേഷിയായ 136 അടി കഴിഞ്ഞ് 136.4 അടിയിലേയ്ക്കുയര്‍ന്നതും ജലപ്രവാഹം തുടരുന്നതും ഇടുക്കി മേഖലയിലുണ്ടായ ഭൂചലനങ്ങളും തുടര്‍ചലനങ്ങളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി കടുത്ത ആശങ്ക ഉയര്‍ത്തിയിരിക്കയാണ്. 116 കൊല്ലം പഴക്കമുള്ള സുര്‍ക്കി-ചുണ്ണാമ്പ് മിശ്രിതത്താല്‍ നിര്‍മിതമായ അണക്കെട്ട് തകര്‍ന്നാല്‍ 30 ലക്ഷത്തിലധികം ജനങ്ങള്‍ മരിക്കും എന്നതും ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ അപ്രത്യക്ഷമാകും എന്നുമുള്ള ഭീതി കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും യോജിപ്പിച്ച് തമിഴ്നാടിനെതിരെ സമരരംഗത്തിറക്കിയിരിക്കുകയാണ്. ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതാവാം ഇപ്പോള്‍ 13 ഷട്ടറുകളില്‍ക്കൂടി ജലം ഇടുക്കി അണക്കെട്ടിലെക്കൊഴുകുകയാണ്. ഇടുക്കി അണക്കെട്ട് നിറയാന്‍ 18.42 അടി വെള്ളം മാത്രം മതി. ഈ പശ്ചാത്തലത്തില്‍ ഹൈറേഞ്ചിലെ വിവിധ ഡാമുകളിലെ ഷട്ടറുകളും തുറന്നുവിട്ടു. പൊന്മുടി കല്ലാര്‍കുട്ടി അണക്കെട്ടുകളും ഷട്ടറും ഉയര്‍ത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറില്‍നിന്നും കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് സാധ്യമാകാത്തത് ശക്തമായ മഴയെത്തുടര്‍ന്ന് വൈഗ അണക്കെട്ടിന്റെ ജലനിരപ്പും പരമാവധി ഉയര്‍ന്നതിനാലാണ്. മുല്ലപ്പെരിയാര്‍ സുശക്തമാണെന്നും തമിഴ്നാട് നടത്തിയ ശാക്തീകരണം മൂലം ഒരു ഭൂകമ്പത്തിനും ഇതിനെ തകര്ക്കാനാകുകയില്ലെന്നുമുള്ള ഉറച്ചനിലപാടിലാണ് ജയലളിത സര്‍ക്കാര്‍.
അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളും തുടര്‍ ചലനങ്ങളും അണക്കെട്ടിനോട് ചേര്‍ന്ന ഭ്രംശ മേഖലയില്‍ സമ്മര്‍ദ്ദം കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ഭൗമശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉപ്പുതറ, വളവുകോട് ആണല്ലോ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. തേക്കടി മേഖലകളില്‍ റിക്ടര്‍ സ്കെയിലില്‍ അഞ്ചിലധികംവരുന്ന ഭൂകമ്പമുണ്ടായാല്‍ അണക്കെട്ട് തകരുമെന്ന റൂര്‍ക്കി ഐഐടി നടത്തിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമാണ് കേരളം ഉയര്‍ത്തുന്നത്. പക്ഷെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടി ആക്കി കുറച്ച് അണക്കെട്ടിന്റെ സമ്മര്‍ദ്ദം കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യംപോലും തള്ളിക്കളഞ്ഞ് തമിഴ്നാട് രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ട് തികച്ചും മനുഷ്യത്വരഹിതമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഡാം തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷത്തിലധികം പേര് മാത്രമല്ല മരിക്കുന്നത് തോട്ടം തൊഴിലാളികളായി ഈ മേഖലയില്‍ സ്ഥിരതാമസമാക്കിയ മുപ്പതിനായിരത്തിലധികം തമിഴ് മക്കളും നാമാവശേഷമാകുമെന്ന തിരിച്ചറിവ് പോലും തമിഴ്നാടിന് മാനസാന്തരമുണ്ടാക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കക്ഷിഭേദമെന്യേ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതും വണ്ടിപ്പെരിയാറിലും കൊല്ലം, തേനി ദേശീയ പാതയിലും കുമളിയിലും തമിഴ്നാടിന്റെ വാഹനങ്ങള്‍ ഉപരോധിക്കുന്നതും. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇന്ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇടതുപക്ഷ എംഎല്‍എ ബിജിമോളുടെ നിരാഹാരസമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. പി.സി.തോമസ് എംപിയും നിരാഹാരം തുടങ്ങിക്കഴിഞ്ഞു.
ഇതിന് പുറമെ കക്ഷിഭേദമെന്യേ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ദല്‍ഹിയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുകയാണ്. വള്ളക്കടവില്‍ കുട്ടികളും കൂടി ഉപവാസമിരിക്കുന്നു. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ ഒരു പ്രാദേശിക വിഷയമെന്നതില്‍ കവിഞ്ഞ് ദേശീയ മാദ്ധ്യമശ്രദ്ധ കൂടി ആകര്‍ഷിച്ചു കഴിഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റില്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉയര്‍ത്തപ്പെട്ടു. ഇതിന് പുറമെ കെ.വി.തോമസ് അടക്കം മന്ത്രിമാര്‍ സോണിയാ ഗാന്ധിയെ കണ്ടും വിവരങ്ങള്‍ അറിയിച്ചു കഴിഞ്ഞു. ഇടുക്കി ജില്ല ആകെ പ്രക്ഷുബ്ധമാണ്. കാലാവസ്ഥാ നിരീക്ഷകര്‍ കനത്ത കാറ്റും മഴയും പ്രവചിക്കുന്നതോടെ ജനങ്ങള്‍ക്ക് ഉറക്കം പോലും നഷ്ടമായിരിക്കുകയാണ്. മന്ത്രിമാര്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്. തമിഴ്നാടിന്റെ ജലത്തിന്മേലോ അണക്കെട്ടിന്റെമേലോ ഉള്ള ഒരവകാശങ്ങളും നിഷേധിക്കാതെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ആവശ്യം ഹീനമായി തള്ളിക്കളയുന്ന തമിഴ്നാട് തങ്ങള്‍ക്കാവശ്യമില്ലാത്ത ജലത്തിന്റെ നിരപ്പ് 120 അടി ആക്കാന്‍പോലും അനുവദിക്കാത്തത് കടുത്ത പ്രതിഷേധം ആളിക്കത്തിക്കുവാന്‍ ഇടയാക്കിയിരിക്കുകയാണ്. ഇടുക്കിയിലെ തമിഴരും ജയലളിതയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു. ഈ തരത്തിലുള്ള ഒരു ജനമുന്നേറ്റം കേരളത്തില്‍ ആദ്യമായാണ് അരങ്ങേറുന്നത്. 4000 പേര് പങ്കെടുത്ത് തുടങ്ങിയ സമരത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. 2006 മുതല്‍ ചപ്പാത്തില്‍ തുടങ്ങിയ സമരം വ്യാപിച്ചാണ് ഇന്ന് ഈ തലത്തില്‍ എത്തിയിരിക്കുന്നത്. തൊടുപുഴയില്‍ വക്കീലന്മാര് കോടതി ബഹിഷ്ക്കരിക്കുകയാണ്.
മുല്ലപ്പെരിയാറിലെ ബേബിഡാമിനും ഭൂചലനത്തിന് ശേഷം ചോര്‍ച്ച കൂടിയതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട് സ്വന്തം താല്‍പ്പര്യങ്ങളെ സംരക്ഷിക്കുവാന്‍ കൃത്യതയോടെ നീങ്ങിയപ്പോള്‍ കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലമോ ദുരന്തസാധ്യതയോ വിശ്വസനീയമായ രീതിയില്‍ സുപ്രീംകോടതിയ്ക്ക് മുന്‍പാകെ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട് കേസ് എന്ന പോംവഴിയില്‍ അഭയം തേടാന്‍ തമിഴ്നാടിന് സൗകര്യം ഒരുക്കി. ഭൂകമ്പസാധ്യതാ മേഖലയാണെന്നറിഞ്ഞിട്ടും ഇപ്പോഴത്തെ ഭൂചലനങ്ങളും ജനങ്ങളുടെ പ്രതിഷേധവുമാണ് കേരളസര്‍ക്കാരിനെ ഉണര്‍ത്തിയിരിക്കുന്നത്. അണക്കെട്ടിന് സുരക്ഷിതത്വമില്ലെങ്കില്‍ പുതിയവ നിര്‍മിക്കുകയാണ് വിദേശരാജ്യങ്ങള്‍ ചെയ്യുന്നത്. സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങളില്‍ അവര്‍ അവധാനത കാണിക്കാറില്ല. ഇന്ത്യയില്‍ അധികാരം മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയകക്ഷികള്‍ ജനതാല്‍പ്പര്യം സംരക്ഷിക്കുവാന്‍ മറക്കുന്നു. തമിഴ്നാടിന്റെ പിടിവാശി കരുണാനിധി-ജയലളിത-വൈക്കോ ഗ്രൂപ്പുകളുടെ സ്വാര്‍ത്ഥ താല്‍പ്പര്യമാണ് പ്രതിഫലിപ്പിക്കുന്നത്. മുല്ലപ്പെരിയാറില്‍ ഡാം ബ്രേക്ക് അനാലിസിസ് അല്ലെങ്കില്‍ അപകടപ്രത്യാഘാത പഠനംപോലും നടത്തിയിട്ടില്ല എന്നത് രാഷ്ട്രീയ അവഗണനയ്ക്ക് അടിവരയിടുന്നു. ഇപ്പോള്‍ ഉടുമ്പന്‍ചോലയിലും ഉപ്പുതറയിലും അയ്യപ്പന് കോവിലിലും 24 മണിക്കൂര്‍ കണ്ട്രോള് റൂമുകള്‍ തുടങ്ങിയിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗമായ ജസ്റ്റിസ് കെ.ടി.തോമസും പുതിയ ഡാം ആണ് പരിഹാരം എന്നുപറയുന്നു. പക്ഷെ അതുവരെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടി എങ്കിലും ഫലപ്രദമാക്കാന്‍ കേരളം ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: