കോട്ടയം : തമിഴ് വികാരത്തിന്റെ പേരില്‍ കേരളത്തിനെതിരെ അനാവശ്യ പിടിവാശി പിടിക്കുന്ന തമിഴ്നാടിന് ഇടുക്കി ജില്ലയില്‍ കഴിയുന്ന തമിഴരേയും വേണ്ട. മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ദുരന്തമേഖലയില്‍ ഒരു ലക്ഷത്തോളം വരുന്ന തമിഴരാണ് മറ്റുളളവരോടൊപ്പം മരണത്തെ മുന്നില്‍ കണ്ട് ഭയത്തോടെ കഴിയുന്നത്. മുല്ലപ്പെരിയാര്‍ തകര്ന്നലുള്ള വെള്ളം ഇടുക്കി ഡാം കടന്നു നിര്‍ത്തുമെന്ന വാദമുയര്‍ത്തുന്ന തമിഴ്നാട് ഇതിനിടയിലുള്ള വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന ജനങ്ങളെ അപ്പാടെ മറന്നമട്ടാണ്. പീരുമേട് നിയോജകമണ്ഡലത്തിലെ 1,93,158 വരുന്ന ജനസംഖ്യയിലെ 50 ശതമാനത്തോളം വരുന്ന തമിഴരും പുതിയ അണക്കെട്ട് വേണ്ടെന്ന തമിഴ്നാടിന്റെ കടുംപിടുത്തത്തില്‍ നിരാശരാണ്. എസ്റ്റേറ്റ് മേഖലകളില്‍ ജോലി തേടിയെത്തി സ്ഥിരതാമസമാക്കിയ തമിഴര്‍ ഇടുക്കിയിലെ നിര്‍ണ്ണായക ശക്തിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ആദ്യം ബാധിക്കുന്ന പ്രദേശമെന്ന ഭീതിയില്‍ കഴിയുന്ന വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 80 ശതമാനത്തോളം ജനങ്ങളും തമിഴരാണ്. പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളില്‍ 60ശതമാനം തമിഴരാണ്. മറ്റു സമീപ പഞ്ചായത്തുകളിലും 20ശതമാനത്തിലേറെ തമിഴര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തോട് അകാരണമായി പ്രതിഷേധിക്കുന്ന തമിഴ്നാടിന്റെ നയങ്ങള്‍ക്കെതിരെ ഇടുക്കിയിലെ തമിഴ് മേഖലകളില്‍ നിന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ഇടുക്കിയില്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യം.
അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളും കനത്ത മഴയും ജില്ലയിലെ ജനങ്ങളെ കടുത്ത ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചേ ഉണ്ടായ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: