തിരുവനന്തപുരം:കൂടുതല്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധസംഘം ഇടുക്കിയിലെത്തി പഠനം ആരംഭിച്ചു. തുടര്‍ ചലനങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍ അവര്‍ ഇന്ന് സന്ദര്‍ശിക്കും.
സെസിലെ ചീഫ് സയന്റിസ്റ്റ് ജോണ്‍ മത്തായി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്റ്റഡീസിലെ ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരാണ് വിദഗ്ധ സംഘത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ അടിയന്തര റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. മന്ത്രിസഭാ തീരുമാന പ്രകാരം തിങ്കളാഴ്ച ദല്‍ഹിക്കു പുറപ്പെടുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജലവിഭവമന്ത്രി പി.ജെ.ജോസഫ് എന്നിവര്‍ വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടും സെസ് തയാറാക്കിയ പവര്‍ പോയിന്റ് പ്രസന്റേഷനും അവിടെ അവതരിപ്പിക്കും. പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, ആഭ്യന്തര മന്ത്രി പി.ചിദംബരം, കേന്ദ്ര ജലവിഭവ മന്ത്രി പവന് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ സന്ദര്‍ശിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രനേതാക്കളുമായി ഇതു സംബന്ധിച്ച് ശനിയാഴ്ച ചര്‍ച്ച നടത്തി. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും അവര്‍ കേരളത്തിനു വാഗ്ദാനം ചെയ്തു.
ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്കി. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: