വാക്കുകളില്‍ പറഞ്ഞു മനസ്സിലാക്കാവുന്നതല്ല താനും പാറുവേലത്തി വല്യമ്മയും തമ്മിലുള്ള ബന്ധം. അതുകൊണ്ടാണ് സുനന്ദയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനുമുന്നില്‍ തലകുമ്പിട്ടു നിന്ന് പോകണം എന്നു മാത്രം പറഞ്ഞത്.
“മോനിന്ന് പരീക്ഷ തുടങ്ങുന്നു. മോള്‍ടെ കണ്ണു ടെസ്റ്റ് ചെയ്യേണ്ട ദിവസവും ഇന്നുതന്നെ. എനിക്കാണേല്‍ ഓഫീസില്‍ ചെന്നിട്ട് നൂറു കൂട്ടം തെരക്ക്. ഇതിനിടേല് പത്തിരുന്നൂറ് കിലോമീറ്റര്‍ യാത്രചെയ്ത് നാട്ടില്‍ പോകേണ്ട കാര്യമുണ്ടോ? അതും ഒരു സ്വന്തോം ബന്ധോമില്ലാത്ത ഒരലക്കുകാരി തള്ളേടെ ശവമടക്കിന്”. സുനന്ദയുടെ വാക്കുകളില്‍ ദേഷ്യത്തിന്റെ കറുപ്പ്.
“പോകണം. ചെല്ലാതിരുന്നാല്‍ അതൊരു തെറ്റാകും. പാപവും. “അച്ഛനത്രമേല്‍ കമ്മിറ്റ്മെന്റുള്ള റിലേഷനാണെങ്കില്‍ പോകട്ടെ. ഞാന്‍ ഒറ്റയ്ക്ക് ഹോസ്പിറ്റലില്‍ പൊയ്ക്കൊള്ളാം.”
മകളുടെ സഹായവാക്കുകള്‍ക്ക് തെളിഞ്ഞ മന്ദഹാസം നല്കി. വീട്ടില്‍നിന്നിറങ്ങി അതിവേഗം നടന്നു. ആറുമുപ്പതിന്റെ സൂപ്പര്‍ ഫാസ്റ്റ് കിട്ടിയാല്‍ ഉച്ചതിരിഞ്ഞ് രണ്ടരയോടെ നാട്ടിലെത്താം. തിടുക്കത്തിലാണ് ബസ്സില്‍ കയറിയത്. പ്രകാശം തെളിഞ്ഞുവരുന്നു. യാത്ര തുടരുകയാണ്. അയാള്‍ പുറം കാഴ്ചകളിലേക്ക് തിരിഞ്ഞ് ദൃശ്യങ്ങള്‍ അതിവേഗം പിന്നിലേക്ക് മറയുമ്പോള്‍ മനസ്സ് അതിലേറെ വേഗത്തില്‍ നാട്ടിലെത്തിക്കഴിഞ്ഞു. റാക്കാട് സൊസൈറ്റി പടിക്കല്‍നിന്നും ഇടത്തോട്ടുപോകുന്ന മണ്ണുവഴിയിലൂടെ കുറച്ചുദൂരം നടന്നാല്‍ അവിടെ എത്താം.
പാറു വേലത്തീടെ കൊച്ചുവീട്. സിമന്റ് തേയ്ക്കാത്ത ഓടു പാകിയ രണ്ടുമുറി വീട്. മുന്‍ഭാഗത്തെ തീരെ ചെറിയ ഇറയത്തെ ഭിത്തിയില്‍ തൂങ്ങുന്ന കാലപഴക്കത്താല്‍ നിറം മങ്ങിയ ചില്ലിട്ട രണ്ട് ചിത്രങ്ങള്‍. ഭഗവാന് ശ്രീകൃഷ്ണന്റേയും ഹനുമാന്റേയും. അവര്‍ക്ക് താഴെ നിലത്ത് പായയില്‍ പാറുവേലത്തി വല്ല്യമ്മയെ കിടത്തിയിട്ടുണ്ടാകും. തലയുടെ ഭാഗത്ത് നിറഞ്ഞു കത്തുന്ന നിലവിളക്കും.
മനസ്സിലേക്ക് കാഴ്ചകള്‍ കടന്നുവരികയാണ്. ഓര്‍മകളുടെ തിരയടങ്ങാത്ത സാഗരത്തിന് മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു. ഗ്രാമത്തിലെ മുതിര്‍ന്നവരും കുട്ടികളും സ്നേഹത്തോടെ വിളിച്ചിരുന്നത് പാറുവേലത്തിയെന്നാണ്. ചേച്ചിയെന്നും വല്യമ്മയെന്നും ആദ്യം വിളിച്ചത് ഒരുപക്ഷെ താനായിരിക്കും. പത്തു നാല്‍പ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്. വാക്കുകളില്‍ സ്നേഹത്തിന്റെ നേര്‍ത്ത തണുത്ത സുഗന്ധം. മഴ തകര്‍ത്തു പെയ്യുന്ന ഒരു കര്‍ക്കിടക സന്ധ്യയ്ക്കാണ് ജീവിതത്തിനുമേല്‍ ഇരുട്ടിന്റെ കനത്ത ആവരണം വന്നുവീഴുന്നത്. അമ്മയുടെ മരണം, അത് നിനച്ചിരിക്കാത്ത നേരത്തായിരുന്നു. മരിക്കുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ് വാട്ടി ഉണക്കിയ കപ്പപ്പുഴുക്കും ചാളകറിയും പാത്രത്തിലാക്കി അടുത്തിരുന്ന് അമ്മ പറഞ്ഞു.
“മോനൂട്ടന് തിന്ന്”
ചാളക്കറിക്ക് നല്ല എരിവുണ്ടായിരുന്നു. മൂത്തു പഴുത്ത കാന്താരിയുടെ ഗന്ധം. കണ്ണുനിറഞ്ഞു ഇടതു കൈകൊണ്ട് കണ്ണു തുടച്ചു.
“അമ്മേന്താ തിന്നാത്തത്?”
“മോനൂട്ടന്റെ പാത്രത്തിലിട്ടമ്മ തിന്നോളാം”
അമ്മ കപ്പപുഴുങ്ങിയതും ചാളക്കറിയും തിന്നോ? എന്തോ? പാതിരാനേരത്ത് അച്ഛന് കള്ളുകുടിച്ച് നാലുകാലേല് വന്നു കയറുമ്പോള്‍ അമ്മ ഇറയത്തിരുന്ന് മുറ്റത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു.
എരണം കെട്ട നായിന്റെ മോളെ. വായില്‍ കൊള്ളാത്ത തെറിവാക്കുകള്‍ക്കൊടുവില്‍ വലതു കാലുയര്‍ത്തി ഒറ്റത്തൊഴി. അമ്മ പിന്നിലേക്ക് മറിഞ്ഞു. “അമ്മേ” എന്നുറക്കെ നിലവിളിച്ചു കരയാന്‍ കഴിയുന്നതിനുമുമ്പേ, ഒരലര്‍ച്ച.
“നിന്റെമ്മേടെ ശവത്തിന് കാവലുനില്‍ക്കാതെ കടന്നുപോടാ അകത്ത്. മോങ്ങാതെ പോയി കിടന്നുറങ്ങെടാ.”
കണ്ണുതുറക്കുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. തൊട്ടടുത്ത് അമ്മ കിടക്കുന്നുണ്ട്. ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.
“എന്താമ്മേ”
ഒന്നോ രണ്ടോ മൂന്നോ അതിലേറെയോ വിളികള്‍ക്കുശേഷമാണ് അമ്മ “എന്താന്റെ മോനൂട്ടാന്നു” ചോദിച്ചത്.
“ന്റമ്മയ്ക്ക് നോവുന്നുണ്ടോ?”
‘ങും’. അങ്ങനെയൊന്ന്് മൂളാന്‍പോലും അമ്മയ്ക്കു വയ്യായിരുന്നു. ഉച്ചനേരത്ത് എപ്പോഴോ മഴ തോര്‍ന്നുനിന്ന നേരത്ത് ശബ്ദം താഴ്ത്തി വിളിച്ചു. തൊട്ടടുത്തു ചെന്നിരുന്നു. “അച്ഛന് തൊഴിക്കണത് മോനൂട്ടന് കണ്ടോ?”
“ഉവ്വമ്മേ.”
“വേണ്ട. കണ്ടിട്ടില്ല. കണ്ടെന്നാരോടും പറയണ്ടാ, പറയ്യോ?”
“ഇല്ലമ്മേ”
“ആരും അറിയണ്ട. അറിഞ്ഞാല്‍ അങ്ങേര്‍ന്റെ മോനൂട്ടനെ തല്ലും. തല്ലിക്കൊന്നെന്നും വരും. അച്ഛന്റെ കണ്ണുവെട്ടത്ത് ചെല്ലരുത്, വലുതാകുന്നതുവരെ.” അമ്മയെ കുഴിച്ചിടുകയായിരുന്നു. കുഴിവെട്ടിയത് അച്ഛനും. അപ്പോഴും നന്നായി മദ്യപിച്ചിരുന്നു. നിലത്തുറക്കാത്ത കാലുകള്‍.
പഴയ ഒരു സാരിയില്‍ പൊതിഞ്ഞാണ് അമ്മയെ കുഴിയിലേക്കിറക്കിയത്. കുഴിയില്‍ മണ്ണുകലങ്ങിയ വെള്ളം.
“വെള്ളത്തില്‍ മൃതശരീരം വയ്ക്കരുത്. അതു പാപമാണ്.” ആരുടെയോ വാക്കുകളില്‍ കാരുണ്യത്തിന്റെ ചെറു ചൂട്.
“ചീഞ്ഞളിയാന്‍ വെള്ളാ നല്ലത്” കുഴിവെട്ടുന്നതില്‍ അച്ഛനെ സഹായിച്ചവരില്‍ ആരോ പറഞ്ഞു. അമ്മയുടെ മരണത്തില്‍ ആരും കരഞ്ഞില്ല. താനും.
കാന്താരിമുളകും കുടംപുളിയും ചേര്‍ത്തരച്ച ചമ്മന്തിയും വട്ടത്തില്‍ കഷ്ണിച്ചു പുഴുങ്ങിയ കപ്പയും കട്ടന്‍ ചായയും കുടിച്ചിരുന്നപ്പോള്‍ കാര്‍ത്തുമ്മായി ആരോടെന്നില്ലാതെ പറഞ്ഞു.
പുലയടീയന്തിരം കഴിഞ്ഞാല്‍ ഞാനിവനെ കൊണ്ടുപോകും. ഇല്ലേല് ഈ കാലമാടന് ഇവനെ കൊല്ലും. അച്ഛനോടാണ് പറഞ്ഞത്.
“അവള്ടെ പൊലയടിയന്തിരം നടത്തണതാര്? പൊലേയുമില്ല. അടിയന്തരോമില്ല. ചെക്കനെ വേണേല്‍ ഇപ്പം കൊണ്ടു പൊയ്ക്കോ.”
ഒന്നും പറയാതെ കാര്‍ത്തുമ്മായി എണീറ്റു. കൈ പിടിച്ചു പറഞ്ഞു. “വാടാ. ഒരു വയറിനുള്ളതെന്റെ മടിയിലുണ്ടാകും.”
മുരിക്കിന് പന്തലുകൊണ്ടുണ്ടാക്കിയ കടമ്പ കവച്ചു കടക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. നനഞ്ഞ മണ്ണിനടിയില്‍ അമ്മ കിടക്കുന്നു. പാവം തണുക്കുന്നുണ്ടാകുമോ? മനസ്സറിഞ്ഞ മാതിരി “അമ്മ ചത്തു. ചത്തവരെ ഓര്‍ക്കാം. ഓര്‍ത്തുവെഷമിക്കരുത്”, കാര്‍ത്തുമ്മായി പറഞ്ഞു.
ചെന്നു കയറിയത് പാടവരമ്പിനോട് ചേര്‍ന്ന ഒരു കൊച്ചു വീട്ടിലേക്കാണ്. ചാണകം മെഴുകിയ തറ, രണ്ടു മുറികള്‍, അടുക്കള, മുറ്റത്തു കിണര്‍. നിറയെ വെള്ളം.
മുറ്റത്തുനിന്നാല്‍ തോടു കാണാം. തോട്ടിലൂടെ ഒഴുകുന്ന വെള്ളം കാണാം. മീനുകളെ കാണാം. തവളകളെ പിടിക്കുന്ന നീര്‍ക്കോലി. അത് കൗതുകം തരുന്ന കാഴ്ചയാണ്.
രാത്രി, അത്താഴത്തിന് തൊട്ടുമുമ്പ് അമ്മാവന് വന്നു. അമ്മാവന്റെ കാലുകളും നിലത്തുറയ്ക്കുന്നില്ല. പക്ഷെ, തെറ്റും തെറിയും പറയുന്നില്ല. വഴക്കും ബഹളവുമില്ല. “ഞാനിവനെ ഇങ്ങോട്ടു കൊണ്ടുവന്നു.” ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ തലോടി കാര്‍ത്തുമ്മായി പറഞ്ഞു. “ഇല്ലേല് ആ ചെകുത്താന് ഇവനേയും കൊല്ലും. ദുഷ്ടനാണ്.”
“അതു നന്നായി കാര്‍ത്ത്യായനീ. ഇവന് ഇവിടെ നിന്നു വളരട്ടെ നിനക്കോ പെറാനുള്ള ഭാഗ്യോണ്ടായില്ല. ഇതാകുമ്പോള്‍ അന്യന്റെ ചോരയല്ലല്ലോ. നന്നായി. ഇവന്റെ പേരെന്താ?
“ശങ്കരന്. ശങ്കൂന്നാ വിളിക്കണത്.”
“അതു കേള്‍ക്കുന്നതിനുമുമ്പേ അമ്മാവന് പറഞ്ഞു. പേരെന്തായാലെന്താ, അവന്റെയല്ലേ വിത്ത്. ഗൊണായാല്‍ ഭാഗ്യം.”
തണുത്തു മരവിച്ചു കലക്കവെള്ളത്തില്‍ കിടക്കുന്ന അമ്മയുടെ സ്ഥാനത്തേക്ക് കാര്‍ത്തുമ്മായി കടന്നുവന്നത് സാവധാനമാണ്. വളരെ, വളരെ സാവധാനം.
പിറ്റേന്ന് പുലര്‍കാലത്ത് കണ്ണു തുറന്നത് അമ്മേന്നു വിളിച്ചുകൊണ്ടാണ് കാര്‍ത്തുമ്മായി ഓടി വന്ന് അമ്മയെ പോലെ എടുത്തു. മുഖം കഴുകിച്ചു. കട്ടന്‍ ചായ തന്നു.
“ചത്തോരെ വിളിച്ചുണരരുത്. ചത്തോരെ ഓര്‍ത്തുറങ്ങരുത്.” കാര്‍ത്തുമ്മായിക്കെന്തിനും ഒരു ചൊല്ലുണ്ടാകും.
“അതെന്താങ്ങനെ?”
“അതങ്ങനെയാ”
കണ്ണടച്ചാല്‍ കുഴിയും വെള്ളത്തില്‍ കിടക്കുന്ന അമ്മയും മനസ്സില്‍ തെളിയും. പക്ഷെ ഇതുവരെ സ്വപ്നത്തില്‍ വന്നിട്ടില്ല.
കട്ടന്‍ ചായ അമ്മ തരുമായിരുന്നില്ല. മോനൂട്ടന് കറുത്തു പോകും. അമ്മ അങ്ങനെ വിശ്വസിച്ചിരുന്നു.
“ഇവിടെ ഒരു ചെക്കന് വന്നെന്നു കേട്ടല്ലോ,ന്തിയേ”
“തൊട്ടപ്പുറത്തെ പാറുവേലത്തിയാ. പാവം. നിന്നെ കാണാന്‍ വന്നതാണ്.” കാര്‍ത്തുമ്മായി എണീറ്റ് മുന്‍വശത്തേക്ക് ചെന്നു.
ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു. അമ്മയെപ്പോലെ കറുത്ത് മെലിഞ്ഞിട്ട്. മുഖത്ത് പ്രസാദം.
“ഇങ്ങോട്ടു വന്നേ പാറു വേലത്തിയൊന്നു കാണട്ടെ.”
തൊട്ടടുത്തേക്ക് ചെല്ലാന്‍ നാണം.
“ഇവനെന്താ നാണം കുണുങ്ങിയാ. ന്റെ പേരെന്താ?”
“ശങ്കരന്. ശങ്കുന്നാ വിളിക്കണത്.”
ചേര്‍ത്തുനിര്‍ത്തി. കവിളത്തൊരുമ്മ തന്നിട്ടു പറഞ്ഞു. “അമ്മ ചത്തൂന്നോര്‍ത്ത് വെഷമിക്കണ്ട. പാറു വേലത്തിയുണ്ട് അമ്മയായിട്ട്. ട്ടോ”
മടിയില്‍നിന്നും ഒരു പേരയ്ക്ക തന്നു. “തിന്നോ”
ആ നിമിഷം ഒരു നദി ഉത്ഭവിക്കുകയായിരുന്നു. വാത്സല്യത്തിന്റെ ഗംഗാ പ്രവാഹം.
(തുടരും)
കടാതി ഷാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: