കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പ്, യുവജനക്ഷേമ ബോര്‍ഡ്, കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം, മാജിക് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന മാജിക് വിത്ത് എ മിഷന് പരിപാടിയുടെ സമാപനം നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും. സംവിധായകന് സിദ്ദിഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശത്തിന്റെ വിസ്മയകാഴ്ചകളൊരുക്കി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാലവിദ്യകള്‍ അരങ്ങേറും.
23-ന് ആരംഭിച്ച മാജിക് വിത്ത് എ മിഷന് പരിപാടിയുമായി ബന്ധപ്പെട്ട് 5000-ത്തോളം വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെയും ആര്.സി.സി ഡോക്ടര്‍മാരുടെയും സഹകരണം ഇതിനു ലഭിച്ചു. ജില്ലയിലെ പുകയില വിരുദ്ധ കാമ്പയിന് ശക്തി പകരാന്‍ മുതുകാടിന്റെ സംരംഭത്തിന് കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു. ജനുവരിയില്‍ മാജിക് അക്കാദമിയുടെ സഹകരണത്തോടെ ജില്ലയിലെ മറ്റു ഭാഗങ്ങളിലും ബോധവത്കരണ കാമ്പയിന് നടത്തും. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി വസ്തുക്കളുടെ ക്രമാതീതമായ ഉപയോഗത്തെ പ്രതിരോധിക്കാന്‍ യുവതലമുറയെ സജ്ജമാക്കുന്ന ഈ പരിപാടി സംസ്ഥാനത്തെ മറ്റു ജില്ലകളിലും ചെറു പട്ടണങ്ങളിലും കൂടി അവതരിപ്പിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന സമാപന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി ലഹരി വിരുദ്ധ സന്ദേശം നല്‍കും. ഹൈബി ഈഡന് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ചലച്ചിത്ര സംവിധായകന് സിദ്ധിഖ്, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എം.എ.ഫ്രാന്‍സിസ്, ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: