കോഴിക്കോട്: ചരിത്രമാകുന്ന പരിശീലന പദ്ധതിക്ക് കിലയില്‍ ഒരുക്കങ്ങള്‍ തകൃതി. 38 ലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കാനാണ് കില (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്) ഒരുങ്ങുന്നത്.
അടുത്തമാസം 15ന് പദ്ധതി തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇത് ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഇത്തരമൊരു പദ്ധതിക്കായുള്ള മുന്നൊരുക്കങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുരോഗമിക്കുകയാണ്.
തൃത്താല പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ചും അവിടങ്ങളില്‍ പൗരന്റെ അധികാരത്തെക്കുറിച്ചും സംസ്ഥാനത്തെ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പരിശീലന ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി ബ്ലോക്ക്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എണ്ണൂറ് പേര്‍ക്ക് കിലയുടെ ആസ്ഥാനത്ത് വെച്ച് പരിശീലനം നല്കി. ഇത്രയും പേര് ബ്ലോക്ക് പഞ്ചായത്തിലെ ആയിരം പേര്‍ക്കും ഇവര്‍ രണ്ട് ലക്ഷം ആളുകള്‍ക്കും പരിശീലനം നല്‍കും. ഈ രണ്ട് ലക്ഷമാണ് 32 ലക്ഷം ഗ്രാമ പഞ്ചായത്തംഗങ്ങളെ പരിശീലിപ്പിക്കുക.
കിലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കവും ശക്തമായി. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റീജ്യണല്‍ സെന്റര്‍ ആരംഭിക്കുകയാണ് ആദ്യനീക്കം. ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമമാണിപ്പോള്‍. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളില്‍ റിസോഴ്സ് സെന്ററുകളും ആരംഭിച്ചേക്കും. കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായുള്ള സെന്ററിനായി ഇപ്പോള്‍ പരിഗണിക്കുന്നത് ഇരിങ്ങലാണ്.
ഈ പദ്ധതികള്‍ക്കെല്ലാമുള്ള ഫണ്ട് കേന്ദ്രത്തില്‍ നിന്നാണെന്ന് കില ഡയറക്ടര്‍ ഡോ. പി.പി. ബാലന് പറഞ്ഞു.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: