കൊളംബൊ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കെടുപ്പ് അവസാന ഘട്ടത്തിലെത്തിയതായി ഒരു രാജ്യരക്ഷാ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. സൈന്യത്തിന് മേല്‍ ആരോപിക്കപ്പെടുന്ന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഈ കണക്കെടുപ്പിന്റെ ലക്ഷ്യം.
തമിഴ് പുലികള്‍ക്കെതിരെ നടത്തിയ അവസാനവട്ട പോരാട്ടത്തില്‍ സാധാരണക്കാര്‍ വളരെ കുറച്ചുമാത്രമേ കൊല്ലപ്പെട്ടിട്ടുള്ളുവെന്നാണ് ശ്രീലങ്കന്‍ അധികാരികളുടെ നിഗമനം. ഈ യുദ്ധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നു. കഴിഞ്ഞദിവസം ശ്രീലങ്കന്‍ ആഭ്യന്തര സെക്രട്ടറി ഗോദഭയ രാജപക്സേ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ യുദ്ധത്തില്‍ വളരെക്കുറച്ച് സാധാരണക്കാര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചതെന്നറിയിച്ചു.
സര്‍ക്കാരിന്റെ കാനേഷുമാരി വകുപ്പിനെയാണ് ഈ അന്വേഷണത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇതിലെ വിവരങ്ങള്‍ ലഭിക്കുമെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഈ രേഖയില്‍ യുദ്ധത്തില്‍ മരിച്ചവരുടെയും കാണാതായവരുടേയും പേരുവിവരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ഒരു കണക്കെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തുലോം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ മെയ് 2009 ല്‍ അവസാനിച്ച യുദ്ധത്തിന്റെ അന്ത്യനാളുകളില്‍ ആയിരക്കണക്കിന് സിവിലിയന്മാര് കൊല്ലപ്പെട്ടതായി ചൂണ്ടിക്കാണിച്ചിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വിവേചനരഹിതമായ ആക്രമണത്തിലാണ് ഇത്രയധികം പേര് കൊല്ലപ്പെട്ടതെന്നും ഇതിനെക്കുറിച്ച് ഒരു സ്വതന്ത്രമായ അന്തര്‍ദ്ദേശീയ അന്വേഷണം വേണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: