ജമ്മു: കാശ്മീര്‍ ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട അരുന്ധതി റോയിക്കെതിരെ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
ജമ്മു-ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയില്‍പ്പെട്ട മീര്‍ സരാഫ്, അജയ്ഭട്ട്, വിജയ് കഷ്കരി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജമ്മുകാശ്മീരിനെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ അരുന്ധതിയുടെ പാസ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം റദ്ദാക്കണമെന്നും വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും അവര്‍ക്കെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജനാധിപത്യ രാജ്യങ്ങള്‍ ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും ഇന്ത്യ ഇതാണ് ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് കാശ്മീര്‍ വിഷയത്തില്‍ നവംബര്‍ 12ന് ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചയില്‍ അരുന്ധതി പറഞ്ഞത്.
സ്വയം നിര്‍ണയാവകാശം കാശ്മീര്‍ ജനതക്കുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഏത് തെരഞ്ഞെടുക്കണമെന്നും എങ്ങനെ തെരഞ്ഞെടുക്കണമെന്നുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നും റോയ് പറഞ്ഞിരുന്നു. ഈ വിവാദ പ്രസ്താവനക്കെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: