മരട്: അനധികൃത ഭൂമി നികത്തിനെത്തിയ വില്ലേജ് ഓഫീസര്‍ പിടിച്ചേല്‍പ്പിച്ച ലോറി പോലീസ് വിട്ടുകൊടുത്തു. പിന്നീട് വില്ലേജ് ഓഫീസറുടെ അടിയന്തര റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കകം ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 4 മണിയോടെ നെട്ടൂര്‍ കൂട്ടുങ്കല്‍ ക്ഷേത്രപരിസരത്തായിരുന്നു നിയമം ലംഘിച്ച് നാല് ലോറികള്‍ പാടം നികത്തുവാന്‍ പൂഴിയുമായെത്തിയത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മരട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ സ്ഥലത്താണ് ഇന്നലെ നാല് മിനി ടിപ്പറുകള്‍ മണ്ണുമായെത്തിയത്. അനധികൃത നിലം നികത്തലിന് വാഹനമെത്തിയത് ഉടന്‍തന്നെ നാട്ടുകാര്‍ മരട് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്ത് പനങ്ങാട് സ്റ്റേഷനില്‍നിന്നും പോലീസിനെ വിളിച്ചുവരുത്തി കൈമാറിയെങ്കിലും, സ്റ്റേഷനിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയ ലോറി പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്ന് ഓഫീസില്‍ തിരിച്ചെത്തിയ വില്ലേജ് ഓഫീസര്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ആര്‍ഡിഒക്ക് നേരിട്ട് നല്കി. സംഭവത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി വാഹനങ്ങള്‍ ഉടന്‍ പിടിച്ചെടുക്കുവാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് രാത്രിയോടെ ലോറികള്‍ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: