കൊച്ചി: പുകയില രഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി ഏലൂര്‍, ചേരാനെല്ലൂര്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളില്‍ പുകയില നിയന്ത്രണ ജില്ലാ സ്ക്വാഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് വാര ചുറ്റളവില്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന ലക്ഷകണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 60 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിയിലുള്ള 120 ഓളം കടകളില്‍ പരിശോധന നടന്നു. പൊതുസ്ഥലത്ത് പുകവലിച്ച 14 പേര്‍ക്ക് പിഴ ചുമത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ നാര്‍ക്കോട്ടിക് സെല്‍ ജോസഫ് സാജുവിന്റെ നേതൃത്വത്തില്‍ നടന്ന സ്ക്വാഡില്‍, ആരോഗ്യ വകുപ്പിലേയും, ജില്ലാ ഭരണകൂടത്തിലെയും, ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. പ്രധാന അധ്യാപകരും രക്ഷകര്‍തൃ നേതൃത്വവും നല്കിയ പരാതികളും സ്ക്വാഡ് പരിശോധിച്ചു. ഏലൂര്‍, ചേരാനെല്ലൂര്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി സബ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ ജോര്‍ജ്, ജെ.മാത്യു, വിമല്‍, സാജന് എന്നിവര്‍ അതാത് സ്റ്റേഷന് പരിധികളിലെ പരിശോധനയില്‍ പങ്കെടുത്തു. സ്കൂളുകളുടെ നൂറ് വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, അസിസ്റ്റന്റ് കമ്മീഷണര്‍ നാര്‍ക്കോട്ടിക് സെല്ലിനെയോ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും പൊതുസ്ഥലത്തെ പുകവലി നിരോധനം കര്‍ശനമായി നടപ്പിലാക്കണമെന്നും ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: