ഇസ്ലാമാബാദ്: അന്താരാഷ്ട്ര തലത്തില്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സമാധാന പുരസ്കാരം പാക്കിസ്ഥാന് പെണ്‍കുട്ടിയ്ക്ക് സ്വന്തം. 13 വയസ്സുള്ള മലാല യൂസഫ്അസിക്കാണ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ലഭിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയ താലിബാന് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് സമാധാന പുരസ്കാരത്തിന് മലാലയെ അര്‍ഹയാക്കിയത്.
മലാലയ്ക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് താലിബാന് ഭീകരര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതില്‍ തനിക്കുള്ള വേദനയും രോഷവും ഡയറിക്കുറിപ്പിന്റെ രൂപത്തില്‍ ബിബിസി ഉര്‍ദു ഓണ്‍ലൈനില്‍ മലാല എഴുതുകയായിരുന്നു.
42 രാജ്യങ്ങളില്‍ നിന്നുള്ള 93 മത്സാരാര്‍ത്ഥികളെ പിന്തള്ളിയാണ് മലാല 2011 ലെ കുട്ടികള്‍ക്കായുള്ള സമാധാന പുരസ്കാരം സ്വന്തമാക്കിയത്. സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച ദേസ്മണ്ട് ടുടുവായിരിക്കും മലാലയ്ക്ക് അവാര്‍ഡ് സമ്മാനിക്കുക.
തനിക്ക് ഈ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു മലാലയുടെ പ്രതികരണം. ശാരീരിക വൈകല്യങ്ങളോട് പൊരുതി കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ മിഖായേലയാണ് തനിക്ക് പ്രചോദനമായതെന്നും മലാല യൂസഫ്അസി പറഞ്ഞു.
പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ സ്വാത് താഴ്വരയിലാണ് മലാലയും കുടുംബവും താമസിക്കുന്നത്. സ്വാതില്‍ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങള്‍ മലാലയുടെ മനസ്സിനെ ആഴത്തില്‍ സ്പര്ശിച്ചതാണ് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ അവളെ പ്രാപ്തയാക്കിയത്. സ്വാതിലെ ജനങ്ങളെ ഭീകരരെന്ന് മുദ്രകുത്തരുത്. അവര്‍ സമാധാനത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നവരാണ, അവള് പറയുന്നു.
മലാലയുടെ ഡയറിക്കുറിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തന്നെ ചര്‍ച്ചാവിഷയമാവുകയും താലിബാനെതിരെ ചിന്തിക്കാന്‍ അത് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: