വെസ്റ്റ്ബാങ്ക്: ഗാസയിലെ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പോഷകാഹാരം നല്കാന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സിക്ക് ഒരു ദശലക്ഷം യുഎസ് ഡോളര്‍ നല്കി. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈ തുകയുടെ ചെക്ക് ഐക്യരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പോ ഗ്രാന്‍ഡിക്ക് കഴിഞ്ഞദിവസം കൈമാറി. ഗാസയിലെ 76,000 വരുന്ന വിദ്യാര്‍ത്ഥികളുടെ 50ദിവസത്തെ പോഷകാഹാരത്തിന്റെ ചെലവിനായാണ് ഈ തുക നല്‍കുന്നതെന്ന് അഹമ്മദ് പറഞ്ഞു. പാലസ്തീന് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം തുടര്‍ന്നും ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ അഞ്ച് മില്യണ്‍ രജിസ്ട്രേഡ് അഭയാര്‍ത്ഥികള്‍ക്കാണ് ആശ്വാസം പകരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഈ ഏജന്‍സിക്ക് 2009-2010 മുതല്‍ ഇന്ത്യ ഒരു മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഗാസ യുദ്ധത്തിന് ശേഷമുണ്ടായ പ്രത്യേക സാഹചര്യത്തെ നേരിടാന്‍ ഒരു മില്യണ്‍ ഡോളറിന്റെ വിശേഷാല്‍ ധനസഹായവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. പാലസ്തീന് അതിര്‍ത്തി രാജ്യങ്ങളില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അഹമ്മദ് ഇന്ത്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക ഫോറത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച വിവിധോദ്ദേശ്യ സ്പോര്‍ട്ട്സ് സെന്ററിന്റെ ഉദ്ഘാടനത്തിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: