ഇസ്ലാമബാദ്: ഇന്ത്യക്ക് അനുകൂല വ്യാപാര രാഷ്ട്രപദവി നല്‍കുന്നത് സംബന്ധിച്ച് അവസാനവട്ട തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. അനുകൂല രാഷ്ട്രപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത് പാര്‍ലമെന്റും ജനങ്ങളുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുവാന്‍ നിയമജ്ഞരോട് ഗിലാനി പറഞ്ഞു. രാഷ്ട്രതാല്പര്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ സര്‍ക്കാര്‍ ഏതുകാര്യവും ചെയ്യുകയുള്ളൂവെന്നും ഗിലാനി പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ചയുടെ തീരുമാനത്തിനായി പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും എന്നാല്‍ അവസാനവട്ട തീരുമാനങ്ങള്‍ എടുക്കുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് അനുകൂല രാഷ്ട്രപദവി നല്‍കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചതോടെ ഇരുരാഷ്ട്രങ്ങളുടെയും വ്യാപാരബന്ധത്തില്‍ കൂടുതല്‍ ഉയര്‍ച്ച ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്ക് അനുകൂല രാഷ്ട്രപദവി നല്‍കുന്നതോടെ വ്യാപാരബന്ധം കൂടുതല്‍ പുനഃസ്ഥാപിക്കുവാനും അതുവഴി സാമ്പത്തിക ഉടമ്പടികള്‍ ശക്തിപ്പെടുത്തുവാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1996-ല്‍ പാക്കിസ്ഥാന് ഇന്ത്യ അനുകൂല രാഷ്ട്രപദവി നല്‍കിയിരുന്നു. 2010-11 കാലയളവിലെ ഇരുരാഷ്ട്രങ്ങളുടെയും വ്യാപാര നിലവാരം 2 കോടി 60 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: