ലണ്ടന്‍: ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് തന്നെ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ ബ്രിട്ടീഷ് സുപ്രീംകോടതിയെ സമീപിക്കാന്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ഞ് ഒരുങ്ങുന്നു. സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ നല്‍കാനായി അസാഞ്ഞ് അപേക്ഷ സമര്‍പ്പിച്ചതായി ബ്രിട്ടനിലെ നിയമകാര്യാലയം വെളിപ്പെടുത്തി. പീഡനവും ബലാല്‍സംഗവും അടക്കമുള്ള ആരോപണങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാനായി സ്വീഡനു കൊടുക്കണമെന്ന ഉത്തരവിനെ ഹൈക്കോടതിയില്‍ അസാഞ്ഞ് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലായ അസാഞ്ഞ് തെക്കന്‍ ഇംഗ്ലണ്ടില്‍ വീട്ടുതടങ്കലിലെന്നപോലെ ഒരു പരിചയക്കാരന്റെ വസതിയില്‍ കഴിഞ്ഞുകൂടുകയാണ്. ഡിസംബര്‍ 5-ാം തീയതി ഹൈക്കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഇയാളുടെ കേസിന് പൊതുജന പ്രാധാന്യമുണ്ടെന്നും അതിനാല്‍ത്തന്നെ ഇത് സുപ്രീംകോടതി പരിഗണിക്കേണ്ടതാണെന്നും വാദിക്കാനാണ് അഭിഭാഷകരുടെ നീക്കം.
സുപ്രീംകോടതിയില്‍ ഈ അപേക്ഷ രണ്ടുനിയമ പ്രശങ്ങളുയര്ത്തുമെന്ന് ഒരു വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. അസാന്‍ജിന് കൊടുത്ത യൂറോപ്യന്‍ അറസ്റ്റ് വാറന്റിന് പ്രാബല്യമുണ്ടോ അത് ശരിയായ അധികൃതരില്നിന്നുമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. ഇതിന്റെ പേരില്‍ അദ്ദേഹത്തെ സ്വീഡന് കൈമാറേണ്ടതുണ്ടോ എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു വാദമുഖങ്ങളേയും തള്ളിക്കൊണ്ടാണ് നവംബര്‍ 2-ാം തീയതി ഹൈക്കോടതി അസാന്‍ജിനെ വിട്ടുകൊടുക്കണമെന്നു തീരുമാനിച്ചത്. സുപ്രീംകോടതി തന്റെ കേസ് വിചാരണ ചെയ്യണമെന്ന അസാന്‍ജിന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ 10 ദിവസത്തിനുശേഷം അദ്ദേഹം കൈമാറ്റം ചെയ്യപ്പെട്ടേക്കും.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യുദ്ധത്തെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയതിനുശേഷം 2010 ആഗസ്റ്റില്‍ നടത്തിയ സ്വീഡന് സന്ദര്‍ശനത്തിലാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. രണ്ടു സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചത്. എന്നാല്‍ ഇവ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: