തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ അതിരുവിട്ട സംസാരത്തിനെതിരെ കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടി നേരിട്ടും രമേശ് ചെന്നിത്തല പരസ്യമായും ജോര്‍ജിനെ അതൃപ്തി അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും ആക്ഷേപിച്ച് പ്രസ്താവന നടത്തുന്ന ജോര്‍ജിനെ കയറൂരി വിടുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് ജോര്‍ജിനെതിരെ രംഗത്തു വരാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മുന്‍മന്ത്രി എ.കെ.ബാലനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച ജോര്‍ജ് കഴിഞ്ഞ ദിവസം വി.എസ്.അച്യുതാനന്ദന് പൊട്ടനാണെന്ന പരാമര്‍ശവും നടത്തി. ബാലനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ മാപ്പും പറഞ്ഞിരുന്നു.
സ്പീക്കര്‍ ജി.കാര്‍ത്തികേയനെ വിമര്‍ശിച്ച് ജോര്‍ജ് നടത്തിയ പ്രസ്താവന നേരത്തെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. സഭക്ക് പുറത്തുള്ള തന്റെ പ്രസംഗങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ സ്പീക്കര്ക്കധികാരമില്ലെന്നാണ് ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് മാപ്പു പറഞ്ഞാണ് അന്ന് ജോര്‍ജ് രക്ഷപ്പെട്ടത്. ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി.സതീശനെയും ടി.എന്‍.പ്രതാപനെയും ആണ് പി.സി.ജോര്‍ജ് കളിയാക്കിയത്. തന്റെ പ്രസ്താവനകള്‍ തലവേദനയുണ്ടാക്കുന്നുവെങ്കില് വി.ഡി.സതീശനും ടി.എന്‍.പ്രതാപനും മരുന്നു കഴിക്കട്ടെ എന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പ്രമുഖരായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശം കണ്ടില്ലെന്നു നടിക്കാന്‍ കോണ്‍ഗ്രസിനായില്ല.
ഉമ്മന്‍ചാണ്ടിയാണ് ജോര്‍ജിനെ പിന്താങ്ങുന്നതെന്ന ധാരണ പാര്‍ട്ടിക്കുള്ളിലുണ്ട്. മാന്യതയുടെ പേരില്‍ തനിക്കു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ജോര്‍ജിനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായം പരസ്യമായി പറയുകയും ചെയ്തു. പി.സി.ജോര്‍ജിന്റെ ആക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് ഉമ്മന്‍ചാണ്ടി പ്രതികരിക്കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം.
നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയോട് പി.സി.ജോര്‍ജിന്റെ വായ്ക്ക് കടിഞ്ഞാണിടുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ “ഞ്ഞാന്‍ പറഞ്ഞാല്‍ ജോര്‍ജ് കേള്‍ക്കുമോ” എന്ന് മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും ഇന്നലെ എംഎല്‍എമാര്‍ക്കെതിരെ നടത്തിയ ആക്ഷേപത്തിലുള്ള എതിര്‍പ്പ് ഉമ്മന്‍ചാണ്ടി ജോര്‍ജിനെ നേരിട്ടറിയിച്ചു. ഒപ്പം വി.എസ്.അച്യുതാനന്ദന് പൊട്ടനാണെന്നു പരാമര്‍ശിച്ചത് ശരിയല്ലെന്നും വ്യക്തമാക്കി. പരാമര്‍ശം അതിരു കടന്നെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രസ്താവനയിറക്കി. ജനപ്രിയ എംഎല്‍എമാര്‍ക്കെതിരെ ജോര്‍ജ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലായിരുന്നു. ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ലെന്നും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ ഈ പരാമര്‍ശത്തിലുള്ള പ്രതിഷേധം അറിയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്നാണ് മാപ്പു പറയലുമായി ജോര്‍ജ് രംഗത്തു വന്നത്. വി.എസ്. അച്യുതാനന്ദനോട് മാപ്പും വി.ഡി. സതീശനോടും ടി.എന്‍.പ്രതാപനോടും ഖേദവും പ്രകടിപ്പിക്കുന്നു എന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്.
അച്യുതാനന്ദനെ പൊട്ടനെന്നു വിളിക്കാന്‍ മാത്രം പൊട്ടനല്ല താനെന്നും എല്ലാം മാധ്യമസൃഷ്ടിയാണ് എന്നുമായിരുന്നു ജോര്‍ജിന്റെ വാദം. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ അച്യുതാനന്ദന്റെ വീട്ടില്‍ പോയി മാപ്പു ചോദിക്കാന്‍ തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: