കൊച്ചി: ആഴക്കടലിലെ സാങ്കേതിക പര്യവേഷണങ്ങളില്‍ ഇലക്ട്രോണിക്സിന്റെ അപാരമായ സംഭാവനകള്‍ വിലയിരുത്തുന്ന 11-ാമത് അന്തര്‍ദേശീയ ഓഷ്യന്‍ ഇലക്ട്രോണിക്സ് സിംപോസിയം 16ന് ആരംഭിക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന സിംപോസിയം നാവികസേനയുടെ സാങ്കേതിക വിദ്യാ വികസന മേധാവിയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി സ്ഥാപക ഡയറക്ടറുമായ പ്രൊഫ. എം.രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് ഗോകുലം പാര്‍ക്കിലെ കണ്വന്ഷന് സെന്ററില്‍ ആരംഭിയ്ക്കുന്ന സിംപോസിയത്തില്‍ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ലോക പ്രശസ്ത സമുദ്ര വിദഗ്ധന്‍ ഡോ.ആല്‍ബര്‍ട്ട് ജെ.വില്യംസ് (അമേരിക്ക) സമുദ്ര സാങ്കേതിക വിദ്യയിലെ നൂതനപ്രവണതകളെക്കുറിച്ച് പ്രഭാഷണം നടത്തും.
ജലാന്തര സാങ്കേതിക വിദ്യയുടെ വെല്ലുവിളികളെക്കുറിച്ചുള്ള പ്രൊഫ.എം.രവീന്ദ്രന്റെ പ്രഭാഷണം ഉദ്ഘാടനച്ചടങ്ങിലെ പ്രത്യേകത ആയിരിക്കും. അമേരിക്ക, ജര്‍മ്മനി, ഇറ്റലി, കാനഡ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രഗത്ഭര്‍ സെമിനാറില്‍ പങ്കെടുക്കും. ഗവേഷണ അന്തര്‍വാഹിനികള്‍, ഗംഗാനദിയിലെ ഡോള്‍ഫിനുകള്‍, പുത്തന്‍തലമുറയിലെ അക്വാസ്റ്റിക് സെന്‍സറുകള്‍, യന്ത്രവല്‍കൃത സമുദ്രവാഹനങ്ങള് തുടങ്ങി അന്‍പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.ആര്.എസ്.പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: