ന്യൂദല്‍ഹി: യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ച് സര്‍ക്കാരിന്റെ ഒരു വകുപ്പിനും അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ പ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാനിലെ ഭില്‍വാരയിലെ കൈലാസ് കണ്‍വറാണ് സോണിയാഗാന്ധി കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ വിദേശയാത്രകളെക്കുറിച്ചറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അമേരിക്കയില്‍ സോണിയയ്‌ക്ക് നടത്തിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനും കണ്‍വര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
വിദേശകാര്യമന്ത്രാലയത്തിനു നല്‍കിയ അപേക്ഷ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിനും പിന്നീട് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിനും വിവരാവകാശ നിയമപ്രകാരം അപേക്ഷ കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനുള്ള കാരണമായി പാര്‍ലമെന്ററികാര്യ മന്ത്രാലയമാണ് സോണിയ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് വിവരങ്ങള്‍ നല്‍കേണ്ടതെന്നും അതിനാല്‍ ഇതു വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം മേല്‍ നടപടികള്‍ക്കായി അവര്‍ക്ക് കൈമാറുന്നുവെന്നും സൂചിപ്പിച്ചുകൊണ്ടാണ് അപേക്ഷ കൈമാറിയത്. എന്നാല്‍ സ്റ്റാറ്റിസ്സ്റ്റിക്സ് മന്ത്രാലയമാകട്ടെ അത് ദേശീയ ഉപദേശക കൗണ്‍സിലിന് തങ്ങള്‍ക്ക് ഇത്തരം വിവരങ്ങളുമായി ബന്ധമില്ലെന്ന കുറിപ്പോടെ അയച്ചു. ദേശീയ സുരക്ഷ കൗണ്‍സിലാകട്ടെ ഈ കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്ന അഭിപ്രായത്തോടെ അത് പ്രധാനമന്ത്രിയുടെ ഓഫീസിനയച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയമാണ് ദേശീയ സുരക്ഷ കൗണ്‍സിലുമായി ബന്ധപ്പെട്ട ചെലവുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനാലായിരുന്നു ഇത്. ഒക്ടോബര്‍ 20 ന് ഈ ഓഫീസിലെ രേഖകള്‍ പ്രകാരം അത്തരമൊരു വിവരം ലഭ്യമല്ല എന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കി. അങ്ങനെ സോണിയ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ച് സര്‍ക്കാരിന്റെ ഒരു വകുപ്പിനും അറിയില്ലെന്നും വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: