അങ്കമാലി: കോഴിഫാം ഉടമ മൂക്കന്നൂര്‍ താബോര്‍ ഇഞ്ചയ്ക്ക പാലാട്ടി തോമസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പാലിശ്ശേരി കല്ലറ ചുള്ളി വീട്ടില്‍ സജി പോളിനെ (29) പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ ആലത്തൂരിലെ ഒരു മനയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരു, പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിലും ബന്ദിപ്പൂരില്‍ ഉള്‍വനത്തില്‍ ഒരു റിസോര്‍ട്ടിലും ഒളികേന്ദ്രങ്ങളില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ വേഷം മാറി തൃശൂരില്‍ എത്തിയത്.ബന്തിപ്പൂരില്‍ പ്രതിദിനം 5000 രൂപ വാടകയുള്ള റിസോര്‍ട്ടിലാണ് ഇയാള്‍ താമസിച്ചത്. സിനിമയ്ക്കു തിരക്കഥ എഴുതാനെന്ന വ്യാജേനയാണ് ഇയാള്‍ ആലത്തൂരിലെ മനയിലെത്തി താമസം തുടങ്ങിയത്. ഈ കേസില്‍ മൊത്തം 17 പേര് ഇതുവരെ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി വില്സന്, ഗുണ്ടാത്തലവന് തൊപ്പിക്കിളി, ക്വട്ടേഷന്‍ സംഘത്തലവന് അഫ്സല്,ഇടനിലക്കാരന് ഷൈന്പോള് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പിടിയിലായി.
ആഗസ്റ്റ് 28ന് എടലക്കാടുള്ള സ്വന്തം കോഴിഫാമില്‍ വച്ചാണ് തോമസ് വധിക്കപ്പെട്ടത്.വില്‍സനും തോമസിന്റെ കുടുംബവും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വില്‍സന്റെ നിര്‍ദ്ദേശ പ്രകാരം സജി കൊലപാതകം ആസൂത്രണം ചെയ്തു.സജിയുടെ സുഹൃത്തായ ഷൈന്പോളാണ് തൊപ്പിക്കിളിയുമായി ബന്ധപ്പെട്ട് കൊലപാതകത്തിനു എല്ലാ ഒത്താശകളും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: