പള്ളുരുത്തി: കൊച്ചി തുറമുഖത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 400 കോടിരൂപ അടിയന്തര സഹായം നല്‍കണമെന്ന് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ് യൂണിയനുകള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ. വാസവനോട് ആവശ്യപ്പെട്ടു. ക്രൂയിസ് ടൂറിസം-ചര്‍ച്ചക്കായി കൊച്ചി തുറമുഖത്തെത്തിയ മന്ത്രിയെക്കണ്ടാണ് യൂണിയന് പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തേക്കുള്ള ഡ്രഡ്ജിംഗ് ചെലവുകള്‍, തുറമുഖത്ത് ക്രെയിന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുമാണ് 400 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടത്.
വല്ലാര്‍പാടം പദ്ധതിയുടെ ലൈസന്‍സ് എഗ്രിമെന്റ് പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതികൊണ്ട് പ്രതീക്ഷിച്ച വരുമാനം ഉണ്ടായിട്ടില്ല. വല്ലാര്‍പാടം പദ്ധതി കൊച്ചിയുടെ മാത്രമല്ല രാജ്യത്തിന്റെ സംരംഭമാണ്. ഇത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കേണ്ടതാണ്. 2700 കോടിരൂപ ഇന്ത്യാ ഗവണ്മെന്റ ചെലവഴിച്ചപ്പോള്‍ 900 കോടിയാണ് ദുബായ് പോര്‍ട്ട് ചെലവഴിച്ചത്. ഇതാകട്ടെ ഇന്ത്യയില്‍ നിന്നും സംഭരിച്ച തുകയാണെന്ന് യൂണിയനുകള്‍ നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേതാക്കളായ പി.എം. മുഹമ്മദ് ഹനീഫ, സി.ഡി. നന്ദകുമാര്‍, അബ്ദുള്‍ ഖാദര്‍, പി. രാജു, മുഹമ്മദ്, തോമസ് സെബാസ്റ്റ്യന്‍ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: