ഇസ്ലാമാബാദ്: ഇന്ത്യക്ക് അനുകൂല രാഷ്ട്രപദവി നല്‍കാനാവില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി വ്യക്തമാക്കി. ന്യൂദല്‍ഹിയില്‍ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാക് വാണിജ്യവകുപ്പ് ഇക്കാര്യത്തില്‍ ഇന്ത്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യ അനുകൂലരാഷ്ട്ര പദവി പാക്കിസ്ഥാന് അനുവദിച്ച സാഹചര്യത്തിലാണ് പാക് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അനുകൂല രാഷ്ട്രപദവി സംബന്ധിച്ച് പാക് മന്ത്രിസഭ ഐകകണ്ഠേന പ്രസ്താവന പുറപ്പെടുവിച്ചതായി വിവരസാങ്കേതിക വകുപ്പുമന്ത്രി ഷിര്‍ദോസ് അവാന് അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ കേന്ദ്രമന്ത്രിസഭ കൂടുതല്‍ ചര്ച്ചകള്നടത്തി അനുകൂല തീരുമാനമെടുക്കുമെന്നും വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
സൈനിക വിഭാഗത്തെ അനുകൂലരാഷ്ട്ര പദവി ബാധിക്കില്ലെന്ന് ഒരു റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഗിലാനി വ്യക്തമാക്കി. അനുകൂല രാഷ്ട്ര പദവിക്ക് കീഴില്‍ സേനാവിഭാഗങ്ങളുള്പ്പെടെയുള്ള പ്രതിരോധ മേഖല ഉള്‍പ്പെടുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിവരസാങ്കേതിക വകുപ്പുമന്ത്രി ഫിര്‍ദോസ് അവാന് വ്യക്തമാക്കിയിരുന്നു.
പ്രശ്നത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരബന്ധം തടസപ്പെടാതിരിക്കാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഐഎസ്ഐ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അഹമദ് ഷുജ പാഷ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
എന്നാല്‍ അനുകൂല രാഷ്ട്ര പദവി സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടത്തില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി. മറ്റ്രാഷ്ട്രങ്ങളുമായുള്ള അനുരഞ്ജന ചര്‍ച്ചകളെക്കുറിച്ചാണ് പാര്‍ലമെന്റില്‍ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ ഉചിതമെന്ന് തോന്നുന്ന സമയത്ത് അങ്ങനെ ആകാം.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന്റെ സാമ്പത്തികമേഖലക്ക് അനിവാര്യമാണെന്നും എന്നാല്‍ ചൈനയും ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ കാശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികള്‍ ഇരുരാജ്യങ്ങളുടെയും പൊതുശത്രുവാണെന്നും ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാന ചര്‍ച്ചകള്‍ തടസപ്പെടരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: