എരുമേലി: ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ എരുമേലി സര്‍ക്കാര്‍ വക ആശുപത്രിയില്‍ പിഎസ്സി വനിതാ ഡോക്ടര്‍ ചാര്‍ജ്ജെടുത്തു. ശബരിമല സീസണുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനത്തിനായി ജോലിക്കാരുടെ നിയമനവും ഉത്തരവായി. ജെഎച്ച് ഐ, എച്ച് ഐ, എച്ച് എസ്, മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ലഭിച്ചിരിക്കുന്നത്. എരുമേലിയില്‍ ഇന്നലെ കൂടിയ യോഗത്തില്‍ ഡിഎംഒ ഡോക്ടര്‍ എം.എന്‍.ഐഷാഭായി, ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജന്, ടെക്നിക്കല്‍ ട്രേഡ് വണ്‍ ഓഫീസര്‍ ജോണ്സണ് എന്നിവരും എരുമേലി ആശുപത്രിയിലെ എച്ച് സി ജോയി, സജിത്ത് എന്നിവരുമടക്കം ബ്ളോക്കിലെ മുഴുവന്‍ ജോലിക്കാരും പങ്കെടുത്തു. ശബരിമല സീസണ് ഒരുക്കങ്ങളുടെ ഭാഗമായി ക്ളോറിനേഷന്‍, കൊതകിണ്റ്റെ സാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള നടപടി, കൂടുതല്‍ മരുന്നുകള്‍ എന്നിവ നടത്തിക്കഴിഞ്ഞു. ആശുപത്രിയില്‍ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാല് ഡോക്ടര്‍മാര്‍ക്ക് പിഎസ്സി ഡോക്ടറുടെ നിയമനം ആശ്വാസമായിത്തീരും. ഇടയിരിക്കപ്പുഴ, പൈക ആശുപത്രികളിലെ ആംബുലനസുകള്‍ സീസണില്‍ കൊണ്ടുവരും. സീസണ് ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അടുത്ത് വികസന പദ്ധതികള്‍ക്കായുള്ള പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കി വരുന്നതായും എച്ച്സി ജോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: