മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഇ എം എസ്, ഐ എ വൈ, ഭവന നിര്‍മ്മാണ പദ്ധതിയുടെ ലിസ്റ്റില്‍ തിരിമറി നടത്തിയതായി ആരോപണം.
പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അംഗീകാരം ലഭിച്ച ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടത്തേണ്ടത്. എന്നാല്‍ ഇവിടെ നിയമം അട്ടിമറിച്ചിരിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കളക്ടര്‍ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ 151 പേരാണ് നിലവിലുള്ളത്. എന്നാല്‍ ഈ ലിസ്ററില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ ഭവനരഹിതര്‍ക്ക് വീട് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ചില വാര്‍ഡുകളില്‍ നിന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചും ചില വാര്‍ഡുകളെ പാടെ അവഗണിച്ചുമാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ ലിസ്റ്റില്‍ അര്‍ഹരായ നിരവധി പേരുകളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വിവരാവകാശപ്രകാരം മുളവൂര്‍ സ്വദേശി കെ. എം. ഫൈസലിന് ലഭിച്ചിരിക്കുന്ന ലിസ്റ്റിലാണ് ഈ തിരിമറി അറിയാന്‍ കഴിഞ്ഞത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള ഐ എ വൈ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നല്കിയ ലിസ്റ്റിലും തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തിലെ ഇ എം എസ് ഭവന പദ്ധതിയില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ പത്ത് പേരുകളാണ് നല്‍കേണ്ടത്. എന്നാല്‍ ഈ ലിസ്റ്റിലും അനര്‍ഹരെ തിരികി കയറ്റിയിരിക്കുകയാണെന്നും മുന്‍ഗണനാക്രമം പാലിച്ചിട്ടില്ലെന്നും ഗുണഭോക്താക്കള്‍ ആരോപിച്ചു. പഞ്ചായത്തിലെ ഇ എം എസ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ കൃത്രിമ കാട്ടിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം സി പി എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പഞ്ചായത്തിലെ ഇ എം എസ് ഐ എ വൈ ലിസ്റ്റിലെ കൃത്രിമത്തിനെതിരെ ഗുണഭോക്താക്കള്‍ കളക്ടര്‍ക്ക് പരാതി നല്കുവാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: