കളമശ്ശേരി: മുട്ടാര്‍ പുഴയുടെ മലിനീകരണം നിത്യസംഭവമാകുകയും ഏലൂര്‍ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ ചിത്രകുമാരിയെ ഏലൂര്‍ മുനിസിപ്പല്‍ അധ്യക്ഷ ലിസ്സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.
മലിനമായ മുട്ടാര്‍പുഴ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇരിപ്പിടത്തില്‍ നിന്നും അനങ്ങുകയില്ല എന്ന് ഈ ഉദ്യോഗസ്ഥ വാശിപിടിച്ചു. തുടര്‍ന്ന് ഏലൂര്‍ എസ്ഐ അനില്‍ ജോര്‍ജും എറണാകുളം നോര്‍ത്ത് സിഐ ബി. രാജനും മറ്റും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ അനങ്ങിയില്ല.
തുടര്‍ന്ന് ഏലൂര്‍ എസ്ഐ പിസിബിയുടെ ചീഫ് എന്വയോര്ണ്മെന്റ് എഞ്ചിനീയര്‍ എം.എസ്. മൈഥിലിയെ വിവരം ധരിപ്പിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ചിത്രകുമാരി മുട്ടാര്പുഴയും മഞ്ഞുമ്മല്‍ തോടും ഏലൂര്‍ കിഴക്ക് പുന്നന്തുരുത്ത് തോടും സന്ദര്‍ശിച്ചത്. ഫാക്ടിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്ന ഇലഞ്ഞിക്കല്‍ തണ്ണീര്‍തടവും ഫാക്ട്, എച്ച്ഐഎല്‍, അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളുടെ പമ്പ് ഹൗസുകളും കളമശ്ശേരി മാര്‍ക്കറ്റിലെ അഴുക്കുകള്‍ നേരിട്ട് വീഴുന്ന പുത്തലംകടവുപ്രദേശവും അവര്‍ കണ്ടു.
ഉപരോധസമരത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷൈജാ ബെന്നി, ഏലൂര്‍ ഗോപിനാഥ്, പി.എം. ആണ്ടവന്, എസ്. ഷാജി, പി.വി. സുഭാഷ്, പി.ടി. ഷാജി, പി.എം. അബൂബക്കര്‍, കെ.എം. മുഹമ്മദാലി, സുബൈദാ ഹംസ, കെ.എം. വേലായുധന്, പി.എം. അയൂബ്, റീനാ മാത്തുക്കുട്ടി, കലേശന് എന്നിവര്‍ പങ്കെടുത്തു. പിസിബി എന്‍വയോണ്‍മെന്റല്‍ ചീഫ് എഞ്ചിനീയര്‍ എം.എസ്. മൈഥിലി ഉടനടി സത്വര നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: