എം.കെ.സുരേഷ്കുമാര്‍
മരട്: സേവനവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് 40 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എറണാകുളം ജില്ലയില്‍ മുങ്ങിനടക്കുന്നവരായി ഉണ്ടെന്ന് ആരോഗ്യ വകുപ്പില്‍നിന്നും വിവരം പുറത്തുവന്നു. ഡോക്ടര്‍മാര്‍ തങ്ങളുടെ സര്‍വീസ് വ്യവസ്ഥകളുടെ ഭാഗമായി നിശ്ചിതകാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും സേവനംനല്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഡോക്ടര്‍മാരാണ് പിന്നീട് മുന്നറിയിപ്പുപോലും നല്‍കാതെ മുങ്ങുന്നത്. ഇവരില്‍ പലരും നാട്ടിലും വിദേശത്തുമായുള്ള വിവിധ സ്വകാര്യ ആശുപത്രിയില്‍ വന്‍തുക പ്രതിഫലം പറ്റി ജോലിനോക്കുകയാണ് പതിവ്.
ജില്ലയില്‍ ഇപ്പോള്‍ ആകെ സേവനരംഗത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ എണ്ണം 411 ആണെന്ന് ആരോഗ്യ വകുപ്പിന്റെ രേഖയില്‍ വ്യക്തമാക്കുന്നു. ഇവര്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ജോലിചെയ്തുവരുന്നുണ്ട്. മറ്റൊരു 41 പേര് അപേക്ഷനല്‍കി ദീര്‍ഘകാലത്തെ അവധിയില്‍ പ്രവേശിച്ച് സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന വരായുണ്ട്. എന്നാല്‍ അവധികഴിഞ്ഞും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് ഇതില്‍ 26 പേരെ എറണാകുളം ജില്ലയില്‍ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടിരിക്കുകയാണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാരുടെ കുറവ് പലപ്പോഴും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മറ്റും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമാവാറുണ്ട്. കിടത്തിചികിത്സയുള്ള പിഎച്ച് സെന്ററുകള്‍ പലതും രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതിന്റെ പേരില്‍ ഈ വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിക്കാറില്ല. 8 മണിക്കൂര്‍ ജോലി സമയം കണക്കാക്കുമ്പോള്‍ 3 ഡോക്ടര്‍മാരെങ്കിലും ഒരു കേന്ദ്രത്തിലേക്ക് വേണ്ടിവരും. എന്നാല്‍ രാത്രിയില്‍ ഇത്തരത്തിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സേവനം ചെയ്യുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്നദ്ധമാവാറില്ല എന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: