നിലനില്പ് എന്ന പ്രശ്നം വല്ലാത്തൊരു സംഗതിയാണ്. മനുഷ്യന് ഒറ്റയ്ക്കും കൂട്ടായും ഇക്കാര്യത്തില്‍ ഒരു താല്പര്യമേയുള്ളൂ, സ്വാര്‍ഥത. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയെ കാണേണ്ടിവരും. ഞാണിന്മേല് കളിയേക്കാളും സൂക്ഷ്മതയോടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.ഇക്കാര്യത്തില്‍ നിലനില്പ് എന്നതിനെക്കുറിച്ചുമാത്രമെ അവര്‍ ചിന്തിക്കുന്നുളളൂ. ധാര്‍മികതയോ, കീഴ്വഴക്കങ്ങളോ അവിടെ ഒരു പ്രശ്നമാവുന്നില്ല. എങ്ങനെയെങ്കിലും ഭരണത്തില്‍ കടിച്ചുതൂങ്ങിനില്ക്കുക എന്ന അജണ്ടയല്ലാതെ മറ്റൊന്നും അവര്‍ക്കില്ല.അത്തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിപ്പോവാന്‍ കാരണം ഭൂരിപക്ഷം തന്നെ.
ടി.എം. ജേക്കബിന്റെ അകാലനിര്യാണം മന്ത്രിസഭയ്ക്കേറ്റ ഒരു വെള്ളിടിതന്നെയാണ്. അതില്‍നിന്ന് വിമുക്തിനേടാന്‍ എന്തെന്തൊക്കെ ചെയ്യേണ്ടു എന്നറിയാത്ത നിലയായിരിക്കുന്നു. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി 138 തടവുകാരെ ജയിലില്‍നിന്ന് വിട്ടയക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ നിലനില്പ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഭരണഘടനാപരമായി ആഘോഷവേളകളില്‍ ജയില്‍പ്പുള്ളികള്‍ക്ക് ചില ഇളവുകള്‍ നല്കാന് സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ഈയൊരു പിടിവള്ളിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. തടവുകാരോടുള്ള മൊത്തം സ്നേഹത്തിന്റെ പേരിലല്ല ചില ഇളവുകള്‍ നല്‍കിയതെന്ന് പകല്‍ പോലെ വ്യക്തമാണ്.അതിന്റെ പിന്നിലെ രാഷ്ട്രീയം ആര്‍ക്കും അറിവുള്ളതും.
ഒരു വര്‍ഷത്തെ കഠിനതടവാണ് സുപ്രീംകോടതി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷവിധിച്ചിട്ടുള്ളത്. കേസില്‍ വസ്തുതയുണ്ടെന്നും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് പരമോന്നത നീതിപീഠം പിള്ളയ്ക്കും കൂട്ടാളികള്‍ക്കും ശിക്ഷ നല്‍കിയത്. എന്നാല്‍ തന്റെ പാര്‍ട്ടിയുടെ കൂടി ബലത്തില്‍ ഭരണത്തിലുള്ള ഒരു സര്‍ക്കാരിന്റെ ഒത്താശയോടെ സുപ്രീംകോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വഴുതിവീണു. പിള്ളയെ ശിക്ഷിച്ചെങ്കിലും ഒരു കടുകിടയ്ക്ക് അത് ഏറ്റു വാങ്ങാന്‍ പിള്ള തയ്യാറായില്ല. തയ്യാറായില്ല എന്നു പറയുന്നതിനെക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിന് അദ്ദേഹത്തെ അനുവദിച്ചില്ല എന്നതാണ്. കാരണം വളരെ വ്യക്തം; നിലനില്‍പ്പ്.
ഭരണഘടനയുടെ 161-ാം വകുപ്പിന്റെ ഇളവ് ബാലകൃഷ്ണപിള്ളയ്ക്ക് അനുവദിക്കാന്‍ വേണ്ടി ഏതാണ്ട് 2500 തടവുകാര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. അതുവഴി 138 തടവുകാര്‍ക്കാണ് പുറത്തുകടക്കാന്‍ സാധിച്ചത്. ഒരു വര്ഷത്തെകഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ഫിബ്രുവരി 18 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്. എന്നാല്‍ ആകെ 69 ദിവസം മാത്രമേ പിളളയ്ക്ക് ജയില്‍വളപ്പില്‍ കഴിയേണ്ടിവന്നിട്ടുള്ളൂ. 75 ദിവസം പരോളും 85 ദിവസം നക്ഷത്ര ആശുപത്രിയില്‍ ചികിത്സയെന്ന വ്യാജ്യേന സുഖവാസവുമായിരുന്നു. ശിക്ഷാകാലയളവിലാണ് താനെന്ന് മനസ്സിലാക്കാതെ ജയില്‍ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ചുകൊണ്ട് പിള്ള മൊബെയില്‍ സംഭാഷണവും നടത്തുകയുണ്ടായി.
ഒരു ജയില്പ്പുള്ളിയെ സംബന്ധിച്ച് ഒരിക്കലും ചെയ്തുകൂടാത്ത ഒട്ടേറെ കാര്യങ്ങളാണ് ബാലകൃഷ്ണപിള്ള ചെയ്തത്. പലതും ഗുരുതരസ്വഭാവമുള്ളതുതന്നെ. എന്നിട്ടും അദ്ദേഹത്തെ കഴിവതും വേഗത്തില്‍ ഇരുമ്പഴിക്കുള്ളില്‍ നിന്ന്പുറത്തുകടത്താന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത് തികഞ്ഞരാഷ്ട്രീയനിലനില്പ്പ് ലക്ഷ്യമിട്ടാണ്. ഭരണഘടനയുടെ 161-ാം വകുപ്പിന്റെ ആനുകൂല്യം പറ്റാന്‍ മാത്രം യോഗ്യതയുള്ള തടവുകാരനായിരുന്നില്ല പിള്ള. അഴിമതിക്ക് കൂട്ടുനിന്നതിനാണ് ശിക്ഷ ലഭിച്ചത്. പൊതുസമൂഹം അഴിമതിക്കെതിരെ ഭഗീരഥ പ്രയത്നം നടത്തുന്ന വേളയില്‍ത്തന്നെ തികഞ്ഞ അഴിമതിക്കാരനെ പൊതുസമൂഹത്തിലേക്ക് ഇറക്കിവിടാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച രാഷ്ട്രീയക്കളിയുടെ ഉദ്ദേശ്യം വ്യക്തമല്ലേ? അഴിമതി ഗൗരവമുള്ള ഒരു കാര്യമായിപോലും കോണ്‍ഗ്രസ് കരുതുന്നില്ല എന്നത് വേറെകാര്യം.
161 ാം വകുപ്പിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ തന്നെ ശക്തമായ വിധിയുള്ള കാര്യം തിരക്കിനിടയില്‍ യുഡിഎഫ് മന്ത്രിസഭ അറിഞ്ഞില്ലെന്ന് തോന്നുന്നു. 2006 ല്‍ സുപ്രീം കോടതിയുടെ അസാധാരണ ഉത്തരവില്‍ ആന്ധ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ വിട്ടയക്കാന്‍ ഉത്തരവിട്ട ജയില്പ്പുള്ളിക്കെതിരെ ശക്തമായതാക്കീതുണ്ടായിരുന്നു. അന്നത്തെ ആന്ധ്രമുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം കോണ്‍ഗ്രസ്സുകാരനായ ഗൗരുവെങ്കിട റെഡ്ഡിയുടെ ജീവപര്യന്തം ശിക്ഷയില്‍ ഗവര്‍ണര്‍ ഇളവുവരുത്തുകയായിരുന്നു. വെങ്കിട് റെഡ്ഡി നല്ല കോണ്‍ഗ്രസ്സുകാരനാണെന്നും അയാളെ കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ആന്ധ്ര സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ ശക്തമായതാക്കീതു നല്കിയ സുപ്രീംകോടതി ആ ഇളവ് റദ്ദുചെയ്യുകയാണുണ്ടായത്. തല്പരകക്ഷികള്ക്ക് വേണ്ടി ദുരുപയോഗം ചെയ്യാനുള്ളതല്ല ഭരണഘടനയുടെ 161-ാം വകുപ്പ് എന്ന താക്കീതിന്റെ മുമ്പില്‍ ആന്ധ്രസര്‍ക്കാര്‍ പതറി.
ഇവിടെ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരമോന്നത നീതി പീഠത്തെ വെല്ലുവിളിക്കുകതന്നെയാണ്. ഈ സംസ്ഥാനത്തോടും ഇവിടുത്തെ ജനങ്ങളോടും കൊടിയ അനീതി ചെയ്യുകയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മുള്‍മുനയില്‍ നില്ക്കുന്ന ഒരു സര്‍ക്കാര്‍ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ ഭാഗം തന്നെയാണിത്. ഏത് കുറ്റവാളിക്കും വളരെ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ വഴികളുണ്ട് എന്ന് കാണിച്ചുകൊടുക്കുകയാണ് ബാലകൃഷ്ണപിള്ളയെ ഇരുമ്പഴിക്കുള്ളില്‍ നിന്ന് തുറന്നു വിടുന്നതിലൂടെ ചെയ്യുന്നത്. അതിവേഗം ബഹുദൂരം എന്നത് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ കാര്യത്തിലും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം തന്നെയാണിതും. ബാലകൃഷ്ണപിള്ളയെ പുറത്തുവിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ മകന് മന്ത്രിസഭവിടും. അതുവഴി ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവും. ഭരണക്കസേരയുടെ കാലൊടിയും. ബഹുദൂരത്തിലേക്കുള്ള അതിവേഗയാത്രക്ക് അതോടെ പരിസമാപ്തിയാവും. അതൊഴിവാക്കാനുള്ള രാഷ്ട്രീയമായാജാലമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യശശ്ശരീരനായ വൈഎസ്ആറിന് പരമോന്നത നീതിപീഠത്തില്‍ നിന്ന് കിട്ടിയ പ്രഹരം ഉമ്മന്‍ചാണ്ടിയേയും കാത്തിരിക്കുന്നു എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. അതു നേരിടാനുള്ള ശക്തി സംഭരിക്കാന്‍ എല്ലാവര്ക്കും ഉപദേശം നല്കിയേക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: