തൃശൂര്‍ : സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ വിധി ഇന്ന് തൃശൂര്‍ അതിവേഗ കോടതി പ്രസ്താവിക്കുമ്പോള്‍ അതുകേള്‍ക്കാന്‍ സൗമ്യയുടെ മാതാവ് കോടതിയിലെത്തും. തന്റെ മകളെ പിച്ചിച്ചീന്തി മരണത്തിലേക്ക് തള്ളിവിട്ട ക്രൂരതയുടെ മുഖമായ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷകിട്ടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് സൗമ്യയുടെ അമ്മ സുമതി.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മകളുടെ വരവും പ്രതീക്ഷിച്ച് സന്തോഷവതിയായിരുന്ന സുമതിക്ക് പക്ഷെ പിന്നീടൊരിക്കലും കരയാനല്ലാതെ വിധിയുണ്ടായിരുന്നില്ല. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് മകള്‍ സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് റെയില്‍പ്പാളത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയത്. പൈറ്റ്ദിവസം മാത്രമാണ് തന്റെ മകളാണ് കൊല്ലപ്പെട്ടതെന്ന് നടക്കുന്ന വാര്‍ത്ത സുമതി അറിഞ്ഞത്.
മകളുടെ വിവാഹവും സ്വന്തമായൊരു വീടും സ്വപ്നം കണ്ട് കൂലിപ്പണി ചെയ്തും മറ്റും കുടുംബം പുലര്‍ത്തിയിരുന്ന സുമതിക്ക് മകളുടെ വിയോഗം ഇനിയും താങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാടക വീട്ടില്‍ നിന്നും സ്വന്തമായി ചെത്തിതേക്കാത്ത വീട്ടിലേക്ക് താമസം മാറിയെങ്കിലും സൗമ്യയുടെ ഓര്മ്മച്ചിത്രത്തിന് മുന്നില്‍ മുഴുവന്‍ സമയവും തളര്‍ന്നിരിക്കുകയാണ് ഈ സ്നേഹനിധിയായ അമ്മ. സൗമ്യയുടെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നത്. അതില്‍ തനിക്കൊരു മുറിവേണമെന്നും സൗമ്യ ആഗ്രഹിച്ചിരുന്നു.പക്ഷെ എല്ലാം ആ കാപാലികന് വലിച്ചുകീറിയെന്ന് സൗമ്യയുടെ അമ്മ നടുക്കത്തോടെ ഓര്‍ക്കുന്നു.
സൗമ്യ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ലഭിച്ച സഹായധനത്തില്‍ നിന്നുള്ള തുകകൊണ്ടാണ് ഷൊര്‍ണൂര്‍ കവളപ്പാറയില്‍ വീട് നിര്‍മ്മിച്ചത്. വീടിന്റെ പണി പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ലെങ്കിലും അലമാരക്കുള്ളില്‍ സൗമ്യയുടെ ചിത്രമുണ്ട്. ഇന്ന് വിധി വരുമ്പോള്‍ അത് കേള്‍ക്കാനായി രാവിലെതന്നെ ഷൊര്‍ണൂരില്‍ നിന്നും സൗമ്യയുടെ അമ്മ സുമതിയും സഹോദരനും തൃശൂരിലെത്തും. ജൂണ്‍ ആറിന് തുടങ്ങിയ വിചാരണ കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സംഭവം നടന്ന് അടുത്തദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടി. ചാര്‍ളി എന്ന പേരായിരുന്നു ആദ്യം പൊലീസ് പുറത്തു വിട്ടത്. പിന്നീടാണ് പ്രതി ഗോവിന്ദചാമിയാണെന്നറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം ഫെബ്രുവരി രണ്ടിനു രാവിലെ തന്നെ പ്രതി ഗോവിന്ദചാമി സൗമ്യയുടെ മൊബെയില്‍ വില്‍ക്കുന്നതിനായി ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ആക്രിക്കച്ചവടം നടത്തുന്ന ഇസ്മയിലിനെ സമീപിക്കുകയായിരുന്നു. ഗോവിന്ദചാമിക്കൊപ്പം 55വയസ് തോന്നിക്കുന്ന ഒരാളുമുണ്ടായിരുന്നു. ഈ മെബെയില്‍ ഫോണ്‍ തങ്ങള്‍ക്കു കളഞ്ഞു കിട്ടിയതാണെന്നും ഇതു വിറ്റ് തരാന്‍ പറ്റുമോയെന്നും വയസായ ആള് ഇസ്മയിലിലോടു ചോദിച്ചു. എന്നാല്‍ ഇസ്മയില്‍ ഫോണ്‍ വാങ്ങിയില്ല. തുടര്‍ന്ന് ഫോണ്‍ വില്ക്കാന് സഹായിക്കണമെന്നു ഗോവിന്ദച്ചാമി ഇയാളോടു ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഗോവിന്ദചാമി പാലക്കാട് പോയി മാണിക്യനു 300 രൂപയ്ക്കു മൊബെയില്‍ വില്‍ക്കുകയായിരുന്നു. മാണിക്യന് പിന്നീട് മൊബെയില്‍ഫോണ്‍ അയല്‍വാസിയായ ബേബി വര്‍ഗീസിനു വിറ്റു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു മൊബെയില്‍ വീണ്ടെടുത്തത്. പാലക്കാട് നിന്നാണു ഗോവിന്ദച്ചാമിയെ കസ്റ്റഡിയിലെടുത്തത്. അഡ്വ. എ.സുരേശനാണ് പ്രോസിക്യൂഷനുവേണ്ടി കേസ് വാദിച്ചത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: