കൊച്ചി: കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ് ക്രാഫ്ട് ഇന്‍സ്റ്റിറ്റിയൂട്ടും കാറ്ററിങ് കോളേജും ആരംഭിക്കുന്നതു പരിഗണിക്കുമെന്ന് മൃഗസംരക്ഷണമന്ത്രി കെ.പി.മോഹനന് പറഞ്ഞു. എംപിഐ.യില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കു സൗജന്യമായി നല്കി വളര്‍ത്തിവലുതാക്കി തിരിച്ചെടുക്കുന്ന പദ്ധതിയും താമസിയാതെ തുടങ്ങും. കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായ വിലയില്‍ തിരിച്ചെടുക്കുന്ന തരത്തിലാവും പദ്ധതി തയ്യാറാക്കുക. ഒരു മാസത്തിനകം എംപിഐയിലെ ഫാമുകള്വിപുലീകരിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. എം.പി.ഐ.യുടെ കീഴില്‍ കേരള ബ്രാന്റ് മാംസാഹാരങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷയില്‍ എംപിഐയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനമാണെങ്കിലും കുറച്ചുനാളായി ഉല്‍പ്പാദനം വേണ്ടത്രയില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പക്ഷികളെയും മാംസാവശ്യത്തിനുള്ള മൃഗങ്ങളെയും ഫാമില്‍ എത്തിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കയറ്റുമതി ഗുണമേന്മയുള്ള ഉല്‍പ്പനങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനത്തെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോഹനന് പറഞ്ഞു.
കേന്ദ്രസഹായത്തോടെ കമ്പനിയില്‍ കൂടുതല്‍ മെഷിനറി സ്ഥാപിക്കുന്നതിനു 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് ഇക്കാര്യത്തില്‍ സഹായം ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ മൂന്ന് കോടി രൂപയുടെ പദ്ധതി പന്നി വളര്‍ത്തലില്‍ ഇവിടെ നടന്നുവരുന്നുണ്ട്. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പക്ഷികളെ വളര്‍ത്തുന്ന പദ്ധതിക്കും സഹായം ലഭിക്കും.
മൃഗസംരക്ഷണവകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കമ്പനിയിലെത്തിയ മന്ത്രിയെ മാനേജിങ് ഡയറക്ടര്‍ ഡോ. അനി എസ്. ദാസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു. മാംസോല്‍പ്പന്ന പ്ലാന്റുകള്‍ ഓരോന്നായി കണ്ട മന്ത്രി ഒരു മാസത്തിനകം വീണ്ടും വരുമെന്ന് ജീവനക്കാരെ അറിയിച്ചു. പ്ലാന്റിലെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റ് താമസിയാതെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. കമ്പനിയിലെ മൂന്ന് യൂണിയന് പ്രതിനിധികളും മന്ത്രിയെ സ്വീകരിച്ചു.ജനറല്‍ മാനേജര്‍ എ.എം.ദേവദത്തന്, പ്രൊഡക്ഷന്‍ മാനേജര്‍ സജി ജോസ്, പഞ്ചായത്തംഗം മേരി സ്കറിയ തുടങ്ങിയവരും മന്ത്രിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: