ന്യൂദല്‍ഹി : ആദായ നികുതി വകുപ്പു പിഴയായി ആവശ്യപ്പെട്ട 9.27 ലക്ഷം രൂപ നല്കുമെന്നു ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഇതിനായി സുഹൃത്തുകളില്‍ നിന്നു പണം കടം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പിഴ സംബന്ധിച്ച കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും കെജ്രിവാള് പറഞ്ഞു. ആദായ നികുതി വകുപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്പാല്‍ വിഷയം സംബന്ധിച്ച ചര്‍ച്ച വഴിമാറാതിരിക്കാനാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള് പറഞ്ഞു.
പണം അടച്ചു കഴിഞ്ഞാല്‍ വി.ആര്.എസ് അപേക്ഷയില്‍ ഇന്ത്യന്‍ റവന്യു സര്‍വീസ് അധികൃതര്‍ക്കു നടപടി സ്വീകരിക്കാം. അഴിമതിക്കെതിരേ അണ്ണ ഹസാരെ നിരാഹാര സമരം ആരംഭിക്കുന്നതിനു മുന്‍പ് ഓഗസ്റ്റ് ആറിനായിരുന്നു പിഴ ഒടുക്കാനുള്ള നോട്ടിസ് ആദായ നികുതി വകുപ്പ് അയച്ചത്.
സര്‍വീസിലിരിക്കെ ഉപരി പഠനത്തിനായി പോയ കാലയളവിലെ ശമ്പളം, കംപ്യൂട്ടര്‍ വായ്പ എന്നിവയും അവയുടെ പലിശയും ചേര്‍ത്ത് 9.27 ലക്ഷം രൂപ അടയ്ക്കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. 2006 ഫെബ്രുവരിയിലാണ് ഐ.ആര്.എസ് ഉദ്യോഗസ്ഥനായ കെജ്രിവാള് രാജിവച്ചത്. രാജിക്കത്ത് നല്‍കിയെങ്കിലും കുടിശിക തീര്‍ക്കാത്തതിനാല്‍ കേന്ദ്രം അത് സ്വീകരിച്ചിട്ടില്ല.
2000-02 കാലയളവില്‍ വിദേശത്ത് ഉപരിപഠനത്തിനായി പോയ കെജ്രിവാള് ശമ്പളത്തോടു കൂടിയ അവധി എടുത്തിരുന്നു. രണ്ടു വര്‍ഷത്തെ ശമ്പളമായി മൂന്നര ലക്ഷം രൂപയും പലിശയിനത്തില്‍ 4.16 ലക്ഷം രൂപയും കുടിശികയുമുണ്ട്. കൂടാതെ കംപ്യൂട്ടര്‍ ഇനത്തില്‍ വായ്പയായി എടുത്ത 50, 000 രൂപയും ഇതിന്റെ പലിശയിനത്തില്‍ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് കെജ്രിവാള് ഒമ്പതു ലക്ഷം രൂപ അടയ്ക്കേണ്ടത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് എന്ന നിലയിലുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി ആരോപണമുണ്ട്. ഉപരിപഠനത്തിനു ശേഷം 2002 നവംബര്‍ ഒന്നിനാണ് തിരികെ പ്രവേശിച്ച കെജ്രിവാള് 2004 മുതല്‍ 2006 വരെ വീണ്ടും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: