അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമായപ്പോള്‍ ജനങ്ങള്‍ സന്തോഷിച്ചത് അധികാരം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇനി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്. പക്ഷെ ഇപ്പോള്‍ കണ്‍ട്രോളള്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ (സിഎജി) പുറത്തുവിട്ട വിവരങ്ങള്‍ തെളിയിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയുമാണ്. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ധനവിനിയോഗം, സാങ്കേതിക പ്രവര്‍ത്തനം, ഉത്തരവാദിത്തം മുതലായവക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ധനകാര്യ നിര്‍വഹണത്തിന് വ്യവസ്ഥാപിത സംവിധാനം ഇല്ല. പദ്ധതിവിഹിതവും മറ്റു ഫണ്ടുകളും വിനിയോഗിക്കുന്നതിന്റെ കണക്കുകളില്‍ വ്യത്യാസം കണ്ടിരിക്കുന്നു എന്നു മാത്രമല്ല പഞ്ചായത്തുകള്‍ ഡാറ്റ ബേസുണ്ടായിട്ടും ശരിയായ കണക്കുകള്‍ സൂക്ഷിക്കുന്നില്ല. വിവിധ പദ്ധതികള്‍ക്കായി കോടികള്‍ പാഴാക്കിയ കണക്കുകള്‍ സിഎജി നിരത്തുന്നു. ഈ വിവരങ്ങളില്‍ ഏറ്റവും ശോചനീയം ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ പിഴവുകളാണ്. കൊച്ചി കോര്‍പ്പറേഷന്റെ ജൈവമാലിന്യ നിര്‍മാര്‍ജനത്തിനുള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 2007 ല്‍ അരക്കോടി രൂപ മുടക്കി സ്ഥാപിച്ച ഏഴ് പ്ലാന്റുകളാണ് പൂട്ടിപ്പോയത്. ഫണ്ട് വിനിയോഗത്തില്‍ കളക്ടര്‍മാരും ശുചിത്വ മിഷനും പരാജയപ്പെട്ട കണക്കുകളാണ് സിഎജി പുറത്തുവിട്ടിരിക്കുന്നത്.
സിഎജി പല ജില്ലകളിലെയും വസ്തുതാവിവരം എടുത്തുപറഞ്ഞാണ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇലക്ട്രിക് ക്രമിറ്റോറിയം സ്ഥാപിച്ചതിലെ ക്രമക്കേട് മൂലം നഷ്ടമായത് 11.24 ലക്ഷം രൂപയാണ്. മാലിന്യനിര്‍മാര്‍ജനത്തിനായി നീക്കിവെച്ച 61.61 ലക്ഷം രൂപ വിനിയോഗിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. കോഴിക്കോട്ടെ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ പണിയാന്‍ എട്ടുകൊല്ലം കൊണ്ട് 29.33 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും പണി പൂര്‍ത്തിയായില്ലെന്നു മാത്രമല്ല കേന്ദ്ര അലോട്ട്മെന്റായ 44.10 ലക്ഷം രൂപ ലാപ്സാക്കുകയും ചെയ്തിരിക്കുന്നു. കൊല്ലത്ത് ഖരമാലിന്യ നിര്‍മാര്‍ജനത്തിന് ഒരു കോടി രൂപക്ക് വാങ്ങിയ 57 എണ്ണത്തില്‍ 15 എണ്ണം മാത്രമാണ് നഗരസഭ ഏറ്റുവാങ്ങിയത്. കാസര്‍കോട് സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചത് പൂര്‍ണ പരാജയമായി. പത്തനംതിട്ടയില്‍ 30.01 ലക്ഷം രൂപ മുടക്കി പണിത വൃദ്ധസദനം നാലുകൊല്ലമായി ഉപയോഗശൂന്യമായി നശിക്കുന്നു. സംയോജിത തരിശുഭൂമി വികസന പദ്ധതികളുടെ വിലയിരുത്തല്‍ നടക്കാതിരുന്നതിനെത്തുടര്ന്ന് മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളിലെ ഏഴ് ബ്ലോക്കുകള്‍ക്ക് കേന്ദ്രസഹായം നഷ്ടമായി.
കേരളം കേന്ദ്ര ഫണ്ടുപയോഗത്തില്‍ തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ്. ഇതേ സ്ഥിതിതന്നെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിഫലിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പരിശോധനയില്‍ തെളിയുന്നത് ധനദുര്വിനിയോഗംതന്നെയാണ്. മറ്റൊരു വസ്തുത വികസന കാഴ്ചപ്പാടില്ല എന്നതാണ്. വികസനരംഗത്ത് ചെലവാക്കിയിരിക്കുന്ന തുകകള്‍ പരിമിതമാണ്. ഇതെല്ലാം അടിവരയിടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിനിര്‍വഹണത്തില്‍ പരിജ്ഞാനമോ ആസൂത്രണമോ ഇല്ല എന്ന വസ്തുതയാണ്. സാങ്കേതിക പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പദ്ധതികള്‍ തുടങ്ങിയത്. കേരളം ഇന്ന് മാലിന്യക്കൂമ്പാരമാണ്. ഇതിന്റെ ഫലമായി സംസ്ഥാനം ഇന്ന് രോഗഗ്രസ്ഥവുമാണ്. സാംക്രമികരോഗങ്ങള്‍ പടരുന്നതിന്റെ അടിസ്ഥാന കാരണം മാലിന്യനിര്‍മാര്‍ജന പ്രക്രിയ ഇല്ലാത്തതാണ് എന്ന് അഭ്യസ്തവിദ്യരുടെ നാടായ കേരളത്തിനറിയാം. പക്ഷെ ആരോഗ്യരംഗത്തെ അനാരോഗ്യത്തിന് ആശുപത്രികളെയും ഡോക്ടര്‍മാരെയും പഴിചാരി സായൂജ്യമടഞ്ഞ് മലയാളി തൃപ്തിപ്പെടുന്നു.
ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. ഇത് ഗൗരവമായി കണ്ട് സര്‍ക്കാര്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ അതിപ്രസരം നിറയുമ്പോഴും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ കൈകാര്യം ചെയ്യേണ്ട വകുപ്പുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള പരിശീലനമോ നിര്‍ദ്ദേശങ്ങളോ നല്കപ്പെടുന്നില്ല. മറ്റൊരു പ്രധാന കാര്യം പഞ്ചായത്തുകളും സാര്‍വേദേശീയ അഴിമതിയില്‍നിന്നും വിമുക്തമല്ല എന്ന വസ്തുതയാണ്. തദ്ദേശസ്ഥാപന ഭാരവാഹികളില്‍ ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും ജനിപ്പിക്കാനുള്ള നടപടികള്‍ കൂടി ഉള്‍പ്പെടുത്തി ഈ ക്രമക്കേടുകള്‍ക്ക് പരിഹാരം കാണേണ്ടതാണ്. കേന്ദ്ര സിഎജി റിപ്പോര്‍ട്ട് തിഹാര്‍ ജയില്‍ വിഐപി ജയിലാക്കി. കേരള സിഎജി റിപ്പോര്‍ട്ടിന്റെ ഫലം എന്താകും?
വീണ്ടും കസ്റ്റഡി മരണം
വിതുര പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച സിനു എന്ന ദളിത് യുവാവ് മനംനൊന്ത് ആത്മഹത്യചെയ്തു. ദീപാവലി ആഘോഷത്തിനിടെ സന്ധ്യാസമയത്ത് സ്വന്തം വീടിന് മുന്നില്‍ ഇരുന്നിരുന്ന സിനുവിനെയും സുഹൃത്ത് വിജിഷിനെയും അതുവഴി വന്ന പോലീസ് എസ്ഐ ജീപ്പ്പ് നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍വെച്ച് മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. രാത്രി 11.30 ന് ബന്ധുക്കള്‍ എത്തി ജാമ്യത്തിലെടുക്കുമ്പോള്‍ തനിക്ക് ഇനി ജീവിക്കാന്‍ താല്പര്യമില്ല എന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രാവിലെ സിനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ പോലീസിന്റെ അപ്രമാദിത്തവും കസ്റ്റഡിമരണങ്ങളും വര്‍ധിക്കുകയാണ്. സ്വന്തം വീടിന് മുന്നില്‍ ഇരുന്ന ചെറുപ്പക്കാരെ സ്റ്റേഷനില്‍ കൊണ്ടുപോയി തല്ലിച്ചതക്കുക, ചിലരെ കസ്റ്റഡിയിലെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായി മര്‍ദ്ദിക്കുക, കൊലപ്പെടുത്തുക മുതലായത് ഇന്ന് കേരളത്തില്‍ സാധാരണ സംഭവമായിരിക്കുന്നു. പുത്തൂര്‍ ഷീല വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സമ്പത്തിന്റെ ക്രൂരമായ കൊലപാതകമുള്‍പ്പെടെ പോലീസ് മര്‍ദ്ദിച്ച് കൊല്ലുന്നതും മര്‍ദ്ദനമേറ്റ് മാനഹാനിമൂലം മരിക്കുന്നവരും ഇവിടെ വര്‍ധിക്കുന്നു.
കേരള പോലീസ് രാഷ്ട്രീയവല്ക്കരിക്കപ്പെട്ട് എന്ത് അപ്രമാദിത്വം കാണിച്ചാലും രക്ഷിതാക്കള്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ അഴിഞ്ഞാടുകയാണ്. ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ പോലീസിനെ ദുര്‍വിനിയോഗം ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ പെരുകുമ്പോള്‍ പോലീസ് അരാജകത്വം തുടരുന്നു. സിനുവിന്റെ ആത്മഹത്യാ വിവരമറിഞ്ഞ നാട്ടുകാര്‍ പോലീസ് വന്നപ്പോള്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയോ മൃതദേഹത്തിന്റെ സമീപത്തേക്ക് ആര്‍ഡിഒ സാന്നിധ്യമില്ലാതെ പോകാന്‍ അനുവദിക്കുകയോ ചെയ്തില്ല. റോഡ് ഉപരോധിച്ച് അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇപ്പോള്‍ ഈ വിഷയം നിയമസഭയിലും ചര്‍ച്ചാവിഷയമായതോടെ എസ്ഐക്കും മറ്റും സസ്പെന്ഷന് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: