മലയാളി നഴ്സുമാര്‍ ആഗോള സാന്നിധ്യമാണെന്ന വസ്തുത കേരളത്തെ പുളകം കൊള്ളിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള ആശുപത്രികളിലെല്ലാംതന്നെ മലയാളി നഴ്സുമാരുടെ സാന്നിധ്യം ശക്തമാണ്. പക്ഷേ ഇപ്പോള്‍ മലയാളി നഴ്സുമാര്‍ അന്യസംസ്ഥാനങ്ങളില്‍ അനുഭവിക്കുന്ന ക്രൂരതയും മാനസിക സംഘര്‍ഷവും പീഡനവുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ് ജോലി സാധ്യത പരിഗണിച്ച് സ്വത്തുക്കള്‍പോലും വിറ്റ് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ചുരുങ്ങിയ വേതനത്തില്പ്പോലും ജോലിക്ക് കയറുന്നത്. സേവന-വേതന വ്യവസ്ഥകള്‍ പോലും പരിഗണിക്കാതെ കുടുംബത്തോടുള്ള കടമ നിറവേറ്റാന്‍ ജോലിക്ക് കയറുന്ന മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന ക്രൂരതയും മാനസിക പീഡനവുമെല്ലാം പുറത്തുവന്നത് മുബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്സായിരുന്ന ബീന ബേബി ആത്മഹത്യ ചെയ്തതിന് ശേഷമാണ്. പിരിഞ്ഞുപോകാന്‍ സമ്മതിക്കാതെ സര്‍ട്ടിഫിക്കറ്റും മറ്റും പിടിച്ചുവച്ചതും ബോണ്ട് തുക ആവശ്യപ്പെട്ടതുമാണ് ബീനയെ ആത്മഹത്യയിലെത്തിച്ചത്.
ഇതേത്തുടര്‍ന്ന് മുംബൈയില്‍ നഴ്സുമാര്‍ സമരരംഗത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാതെ പിടിച്ചുവയ്ക്കുന്നതും പിരിഞ്ഞുപോരണമെങ്കില് ചേരുന്ന സമയം ബോണ്ടില്‍ കാണ്ടിച്ച 50,000 രൂപ കെട്ടിവയ്ക്കണമെന്നാവശ്യപ്പെടുന്നതും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതുമായ ചൂഷണ രീതികള്‍ വെളിച്ചത്തുവന്നത്. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നിയമപ്രകാരം നഴ്സിംഗിന് ചേരുമ്പോള്‍ ബോണ്ട് വാങ്ങുന്നത് കുറ്റകരമാണ്. ബോണ്ട് സമ്പ്രദായം തുടരുന്ന നഴ്സിംഗ് സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും അംഗീകാരം നല്‍കേണ്ടതില്ലെന്നാണ് കൗണ്‍സില്‍ തീരുമാനം. ഇത് തൃണവല്‍ഗണിച്ച് ഒരുവിധം എല്ലാ ആശുപത്രികളും ബോണ്ട് വാങ്ങിയാണ് നിയമനം നല്‍കുന്നത്. ബോണ്ട് ലംഘിക്കുന്നവരോട് ‘നഷ്ടപരിഹാര’മായാണ് വന്‍ തുക ആവശ്യപ്പെടുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നതും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കുന്നതും.
മുംബൈ സമരം കേരളത്തിലെ എംപിമാരുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ചു. സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചതിനുശേഷം സമരം പിന്‍വലിക്കുകയും ആയിരത്തോളം നഴ്സുമാര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ കൊല്‍ക്കത്തയിലും നഴ്സുമാര്‍ സമര രംഗത്തിറങ്ങിയിരിക്കുകയാണ്. ഷെട്ടി ഹോസ്പിറ്റലില്‍നിന്ന് ആയിരത്തോളം നഴ്സുമാര്‍ രാജിവച്ചുകഴിഞ്ഞു. കൊല്‍ക്കത്തയിലെ ടാഗോര്‍ ഹോസ്പിറ്റലില്‍നിന്നും 800 മലയാളി നഴ്സുമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ നഴ്സ് സമരത്തിന്റെ പിന്നിലും ആരോപണം മാനസികപീഡനം തന്നെയാണ്.
നഴ്സുമാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നവരാണ്. തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നിശ്ചിത സേവന വേതന വ്യവസ്ഥകളില്ല. രോഗികളെ ശുശ്രൂഷിക്കുന്നത് കഠിനാധ്വാനമാണ്. രാത്രി ഡ്യൂട്ടിക്ക് പുറമെ ചിലപ്പോള്‍ പകല്‍ ഡ്യൂട്ടിയും ഇവര്‍ക്ക് തുടര്‍ന്ന് ചെയ്യേണ്ടി വരാറുണ്ട്. രാത്രിയില്‍ ആതുര ശുശ്രൂഷ ചെയ്യുന്ന നഴ്സുമാര്‍ക്ക് വിശ്രമിക്കാന്‍പോലും അവസരം ലഭിക്കാറില്ല. മഹാരോഗങ്ങളുള്ളവരെ പരിചരിക്കുന്ന നഴ്സുമാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും നല്‍കാറില്ലെന്നുമാത്രമല്ല, അവധിയെടുത്താല്‍ ശമ്പളംപോലും നഷ്ടമാകുന്ന അവസ്ഥയുമുണ്ട്. മുംബൈയിലും ഇപ്പോള്‍ കൊല്‍ക്കത്തയിലും ഇതിന് മുമ്പ് ദല്‍ഹിയിലും നടന്ന നഴ്സുമാരുടെ സമരം അവരുടെ ശോചനീയമായ സേവന-വേതന വ്യവസ്ഥകളിലേക്ക് വെളിച്ചം വീശിയതോടൊപ്പം അവര്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരം കാണാനും അധികാരികളെ നിര്‍ബന്ധിതരാക്കുന്നു.
കേരളം ഭീകരതയുടെ ഹബ്ബ്
ജയിലിലെ തടവുകാര്‍ ഭീകരവാദികളുമായി ബന്ധമുള്ളവരാണെന്നും ഇവിടെനിന്ന് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സൊമാലിയ, നൈജീരിയ, അമേരിക്ക, ഓസ്ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക് അനധികൃതമായി ഫോണ്‍ വിളികള്‍ നടന്നിട്ടുണ്ടെന്നുമുള്ള ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് ഭീകരവാദികള്‍ക്ക് കേരളത്തിലും ശക്തമായ വേരോട്ടമുണ്ടെന്ന് തെളിയിക്കുന്നു. ജയിലിനകത്ത് കിടന്നുതന്നെ ഭീകരവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നുവെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ക്വട്ടേഷന്‍ സംഘത്തലവന്മാര് ജയിലിനകത്തുനിന്ന് ക്വട്ടേഷന്‍ നല്‍കുന്നതും ഗുണ്ടകള്‍ ഗുണ്ടാ പിരിവ് നടത്തുന്നതിനും അപ്പുറത്തെ വിപത്താണ് തടവുകാരുടെ ഭീകരവാദബന്ധം. ഇപ്പോള്‍ പാറശാലയില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയ 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ചത് പാക്കിസ്ഥാനിലാണെന്നും ഇത് ലഭിച്ചത് ബംഗ്ലാദേശില്നിന്നാണെന്നും വെളിപ്പെട്ടിരിക്കുന്നു. ഈ കള്ളനോട് ശൃംഖലയിലെ പാക്കിസ്ഥാന്-ബംഗ്ലാദേശ് ബന്ധം അന്വേഷിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും റിസര്‍ച്ച് ആന്റ് അനാലസിസ് വിംഗും കേരളത്തിലെത്തിക്കഴിഞ്ഞു.
കേരളത്തില്‍ കള്ളനോട്ടുകള്‍ എത്തുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ പ്രസ്താവിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളാണ് കേരളത്തിലെത്തുന്നതെന്നും കള്ളനോട്ട് കേസ് എന്‍ഐഎ വളരെ ഗൗരവമായി അന്വേഷിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഭീകരവാദ വേരോട്ടമുണ്ടെന്ന് പല സംഭവങ്ങളും തെളിയിക്കുമ്പോള്‍ മലയാളി ഭീകരവാദികള്‍ കാശ്മീര്‍ അതിര്‍ത്തിയില്‍നിന്നും മറ്റും പിടിക്കപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എന്‍ഐഎ ഹബ് ആരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കുമെന്ന ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. തുകയില്‍ നിശ്ചിത ശതമാനം കമ്മീഷന് എന്ന വ്യവസ്ഥയിലാണ് പശ്ചിമബംഗാള്‍ സ്വദേശികള്‍ നോട്ടുകള്‍ ചെലവാക്കുന്നതത്രെ. കഴിഞ്ഞ മൂന്നുവര്‍ഷമായി സംഘം കേരളത്തിലും തമിഴ്നാട്ടിലും കള്ളനോട്ടുകള്‍ വിതരണം ചെയ്തുവരുന്നു. ഇപ്പോള്‍ ഇവരുടെ ഭീകരവാദബന്ധത്തെക്കുറിച്ചാണ് ബിഎസ്എഫ്, മിലിട്ടറി ഇന്റലിജന്‍സ്, റോ മുതലായ ഏജന്‍സികള്‍കൂടി അന്വേഷിച്ചുവരുന്നത്. കേരളത്തില്‍ പിടിച്ച കള്ളനോട്ട് പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ ഇവരില്‍ ചിലര്‍ക്ക് ഭീകരവാദ ബന്ധമുള്ളതായി വിവരം ലഭിച്ചിരിക്കുന്നുവത്രെ.
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഭീകരവാദികള്‍ മറയായി ഉപയോഗിക്കുന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ക്വാറികള്‍ വ്യാപകമായ കേരളത്തില്‍ ക്വാറികളില്‍ വന്‍തോതില്‍ സ്ഫോടകവസ്തുശേഖരം കണ്ടുപിടിക്കപ്പെടാറുണ്ട്. ക്വാറികളിലും അന്യസംസ്ഥാന തൊഴിലാളി സാന്നിധ്യവുമുണ്ടെന്ന വസ്തുതയും ആശങ്കയ്ക്ക് വക നല്കുന്നു. ഈവിധം ഭീകരവാദ ബന്ധങ്ങളുടെ പല തെളിവുകളും വരുമ്പോഴാണ് കടല്‍വഴിയുള്ള ഭീകരവാദവും കള്ളക്കടത്തും വര്‍ധിച്ച സാഹചര്യത്തില്‍ ദക്ഷിണതീരത്തും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുരക്ഷ ശക്തിപ്പെടുത്താനുള്ള കേന്ദ്രനീക്കം. സൂപ്പര്‍ റഡാറുകള്‍, കൂടുതല്‍ വെസലുകള്‍ മുതലായവ കേന്ദ്രം വിപുലമാക്കാന്‍ പോകുകയാണ്. വളരെയധികം നീളമുള്ള കടല്‍ത്തീരമുള്ള കേരളത്തില്‍ കടല്‍വഴിയുള്ള ഭീകരവാദ ആക്രമണങ്ങള്‍ക്ക് സാധ്യതകളുണ്ട്. ഇത് ജാഗ്രത പാലിക്കേണ്ട സമയംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: